പരാതിക്കാരന് പൊലീസ് മര്‍ദനം; അടികൊണ്ടയാള്‍ക്കെതിരെ കേസും എടുത്തു

Web Desk   | Asianet News
Published : Feb 05, 2021, 12:00 AM IST
പരാതിക്കാരന് പൊലീസ് മര്‍ദനം; അടികൊണ്ടയാള്‍ക്കെതിരെ കേസും എടുത്തു

Synopsis

ബുധനാഴ്ച രാത്രി കൊല്ലം തെന്‍മല പൊലീസ് സ്റ്റേഷനിലുണ്ടായതാണ് ഈ സംഭവം. ഇന്‍സ്പെക്ടര്‍ വിശ്വംഭരന്‍റെ മര്‍ദനമേറ്റത് ഉറുകുന്ന് സ്വദേശി രാജീവിന്. അയല്‍ക്കാരന്‍ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട പരാതി രാജീവ് പൊലീസിന് നല്‍കിയിരുന്നു.

തെന്‍മല: പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ രസീത് ആവശ്യപ്പെട്ട ദളിത് യുവാവിന് ഇന്‍സ്പെക്ടറുടെ മര്‍ദനം. മര്‍ദന ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ അടികൊണ്ടയാളെ ആശുപത്രിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് കേസിലും പ്രതിയാക്കിയിരിക്കുകയാണ് പൊലീസ്. എന്നാല്‍ ബോധപൂര്‍വം പ്രകോപിപ്പിച്ച് യുവാവ് സംഘര്‍ഷമുണ്ടാക്കുകയായിരുന്നെന്നാണ് കൊല്ലം തെന്‍മല പൊലീസിന്‍റെ വിശദീകരണം.

ബുധനാഴ്ച രാത്രി കൊല്ലം തെന്‍മല പൊലീസ് സ്റ്റേഷനിലുണ്ടായതാണ് ഈ സംഭവം. ഇന്‍സ്പെക്ടര്‍ വിശ്വംഭരന്‍റെ മര്‍ദനമേറ്റത് ഉറുകുന്ന് സ്വദേശി രാജീവിന്. അയല്‍ക്കാരന്‍ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട പരാതി രാജീവ് പൊലീസിന് നല്‍കിയിരുന്നു. പരാതിയുടെ രശീതി ആവശ്യപ്പെട്ടതിനാണ് തന്നെ ഇന്‍സ്പെക്ടര്‍ മര്‍ദിച്ചതെന്നാണ് രാജീവിന്‍റെ ആരോപണം. രാത്രി ഒരു മണിക്കൂറോളം കസ്റ്റഡിയില്‍ വച്ച രാജീവിനെ കുടുംബാംഗങ്ങള്‍ക്കൊപ്പം പൊലീസ് മടക്കി അയയ്ക്കുകയും ചെയ്തു. 

എന്നാല്‍ സ്റ്റേഷനില്‍ ഉണ്ടായ സംഭവങ്ങളുടെ ദൃശ്യങ്ങളുമായി വ്യാഴാഴ്ച രാവിലെ രാജീവ് ഡിവൈഎസ്പിക്ക് പരാതി നല്‍കാന്‍ പോകുന്നുണ്ടെന്നറിഞ്ഞ പൊലീസ് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്ന് രാജീവിനെ പൊക്കി. ചികില്‍സ തേടി എത്തുന്നതിനിടെയായിരുന്നു കസ്റ്റഡിയില്‍ എടുത്തത്. ഈ സമയത്ത് പൊലീസുമായുണ്ടായ വാഗ്വാദങ്ങളും രാജീവ് മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത് നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു.

ആത്മഹത്യാ ഭീഷണി മുഴക്കിയതിനും,ആളുകളെ ഭീഷണിപ്പെടുത്തിയതിനും ഉള്‍പ്പെടെയുളള കേസുകള്‍ ചുമത്തിയാണ് രാജീവിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്‍സ്പെക്ടര്‍ മര്‍ദിച്ച സംഭവം വിവാദമായാല്‍ അതിനെ പ്രതിരോധിക്കാന്‍ രാജീവിന്‍റെ പേരില്‍ കേസുകള്‍ ചുമത്തുകയായിരുന്നെന്ന വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. എന്നാല്‍ പരാതി സ്വീകരിച്ചതിന്‍റെ രശീതി അടുത്ത ദിവസം നല്‍കാമെന്ന് അറിയിച്ചിട്ടും ഇത് കൂട്ടാക്കാതെ രാജീവ് ബോധപൂര്‍വം പ്രകോപനം ഉണ്ടാക്കുകയായിരുന്നെന്നാണ് പൊലീസിന്‍റെ വിശദീകരണം.

കടുത്ത പ്രകോപനം തുടര്‍ന്നപ്പോള്‍ രാജീവിനെ മര്‍ദിച്ച കാര്യവും പൊലീസ് സമ്മതിക്കുന്നുണ്ട്. നാട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാജീവിന്‍റെ അറസ്റ്റെന്നും മറ്റ് ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്നും പൊലീസ് വിശദീകരിക്കുന്നുണ്ടെങ്കിലും പൊലീസ് നടപടിക്കെതിരെ നവമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഗർഭിണിയായ 19കാരിയെ അച്ഛനും സഹോദരനും വെട്ടിക്കൊലപ്പെടുത്തി, ദുരഭിമാനക്കൊലയിൽ ഞെട്ടി ഹുബ്ബള്ളി
6 വയസുകാരൻ ചവറുകൂനയിൽ നിന്ന് കണ്ടെത്തിയത് സ്നൈപ്പർ റൈഫിൾ ടെലിസ്കോപ്പ്, കശ്മീരിൽ അതീവ ജാഗ്രത നിർദ്ദേശം