കുരിശുപാറയിൽ വയോധികനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി

By Web TeamFirst Published Mar 19, 2021, 12:05 AM IST
Highlights

അടിമാലി കുരിശുപാറയിൽ വയോധികനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. പ്രതി ഒഡീഷ സ്വദേശി രാജ്കുമാറിനെ പൊലീസ് കഴിഞ്ഞ ദിവസം ഒഡീഷയിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. പണത്തിന് വേണ്ടിയായിരുന്നു കൊലയെന്ന് പൊലീസ് അറിയിച്ചു.
 

ഇടുക്കി: അടിമാലി കുരിശുപാറയിൽ വയോധികനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. പ്രതി ഒഡീഷ സ്വദേശി രാജ്കുമാറിനെ പൊലീസ് കഴിഞ്ഞ ദിവസം ഒഡീഷയിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. പണത്തിന് വേണ്ടിയായിരുന്നു കൊലയെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ഏഴാം തീയതിയാണ് അടിമാലി സ്വദേശിയായ ഗോപി തലയ്ക്കടിയേറ്റ് മരിച്ചത്. രാത്രി വീട്ടിൽ ഉറങ്ങിക്കിടന്ന ഗോപിയുടെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിയിരുന്നു. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ഗോപിയെ ആരാണ് കൊന്നതെന്ന് ആദ്യഘട്ടത്തിൽ വ്യക്തമായിരുന്നില്ല. പ്രദേശവാസികളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളും സൈബർ സെല്ലിന്‍റെ അന്വേഷണവുമാണ് പൊലീസിനെ പ്രതിയിലേക്ക് എത്തിച്ചത്.

ഗോപിയുടെ കഴുത്തിൽ കിടന്ന സ്വർണമാലയും വീട്ടിൽ സൂക്ഷിച്ച പണവും നഷ്ടപ്പെട്ടിരുന്നു. ഏലം വിറ്റ് കിട്ടിയ പണമാണ് വീട്ടിലുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ കുടുംബമായി അടുപ്പമുള്ള ആരെങ്കിലുമാകാം കൊലയ്ക്ക് പിന്നിലെന്ന സൂചന പൊലീസിന് ലഭിച്ചിരുന്നു. ഗോപിയുടെ മകൾ കോട്ടയം ഉഴവൂരിലാണ് താമസം. 

ഇവരുടെ വീടിന് സമീപമാണ് ഒഡീഷ സ്വദേശിയായ രാജ്കുമാർ താമസിച്ചിരുന്നത്. കഴിഞ്ഞ 10 വർഷത്തിൽ അധികമായി രാജ്കുമാർ ഉഴവൂരിൽ വാടകയ്ക്ക് താമസിക്കുകയാണ്. കഴിഞ്ഞ ഡിസംബറിൽ ഗോപിയുടെ മകളുടെ കുടുംബത്തിനൊപ്പം രാജ്കുമാർ അടിമാലിയിൽ എത്തിയിരുന്നു.

അടുത്തിടെ പണത്തിന് ആവശ്യം വന്നപ്പോൾ ഗോപിയുടെ മരുമകനോട് ചോദിച്ചെങ്കിലും ലഭിച്ചില്ല. തുടർന്ന് പദ്ധതി തയ്യാറാക്കി ഗോപിയുടെ വീട്ടിലെത്തി കൊലനടത്തി പ്രതി സ്വർണവും പണവും കവരുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഗോപിയുടെ വീട്ടിൽ കഴിഞ്ഞ ആറ് മാസത്തിനിടെ എത്തിയവരുടെ പട്ടിക തയ്യാറാക്കി പരിശോധിച്ചപ്പോൾ സംഭവദിവസം രാജ്കുമാർ അടിമാലിയിൽ എത്തിയിരുന്നുവെന്ന് വ്യക്തമായി.

മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള പരിശോധനയിൽ മാർച്ച് ഏഴിന് ഇയാൾ കേരളം വിട്ട് ഒഡീഷയിലേക്ക് പോയെന്നും കണ്ടെത്തി. തുടർന്ന് പൊലീസ് ഒഡീഷയിലെത്തി രാജ്കുമാറിനെ ചോദ്യം ചെയ്ത് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

കൊല നടത്താൻ ഉപയോഗിച്ച ആയുധം പൊലീസ് വീടിന് പുറകിൽ നിന്ന് കണ്ടെടുത്തു. കൃത്യത്തിന് ശേഷം ഗോപിയുടെ വീട് പൂട്ടി താക്കോൽ കുരിശുപാറ ടൗണിനോട് ചേര്‍ന്ന പുഴയോരത്ത് പ്രതി ഉപേക്ഷിച്ചിരുന്നു. രാജ്കുമാറുമൊപ്പം നടത്തിയ പരിശോധനയിൽ പൊലീസ് താക്കോൽ കണ്ടെടുത്തു. 

മാർച്ച് ആറിന് വൈകീട്ട് ഗോപിയുടെ വീട്ടിലെത്തിയ പ്രതി അർദ്ധരാത്രി കൊല നടത്തിയശേഷം പുലർച്ചെയാണ് രക്ഷപ്പെട്ടത്. തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം പൊലീസ് പ്രതിയെ വീണ്ടും കോടതിയിൽ ഹാജരാക്കും

click me!