
കണ്ണൂര്‍: മോഷ്ടാവിന്റെ സഹോദരിയുടെ എടിഎം കാർഡ് കൈക്കലാക്കി പൊലീസുകാരൻ പണം തട്ടി. തളിപ്പറമ്പ് സ്റ്റേഷനിലെ സീനിയർ സിപിഒ ഇഎൻ ശ്രീകാന്താണ് അൻപതിനായിരം രൂപ മോഷ്ടിച്ചത്. ശ്രീകാന്തിനെതിരെ കേസെടുത്തെന്നും സസ്പെന്റ് ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടെന്നും റൂറൽ എസ്പി അറിയിച്ചു.
ചൊക്ലി സ്വദേശിയുടെ എടിഎം കാർഡ് തട്ടിയെടുത്ത് എഴുപതിനായിരം രൂപ മോഷ്ടിച്ച ഗോകുൽ എന്നയാളെ ദിവസങ്ങൾക്ക് മുമ്പ് തളിപ്പറമ്പ് പൊലീസ് പിടികൂടിയിരുന്നു. ഈ കേസ് അന്വേഷണ സംഘത്തിലുണ്ടായിരുന്ന സീനിയർ സിപിഒ ശ്രീകാന്ത് ആണ് പണം തട്ടിയത്. സംഭവം നടന്നതിങ്ങനെ.
മോഷ്ടാവായ ഗോകുൽ തട്ടിയെടുത്ത പണം സഹോദരിയുടെ അക്കൌണ്ടിലേക്ക് മാറ്റിയിരുന്നു. മോഷണക്കേസിൽ പ്രതി ഗോകുൽ റിമാൻഡിലായതിന് ശേഷവും എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നതായി മെസേജുകൾ വന്നതോടെ സഹോദരി തളിപ്പറമ്പ് സിഐക്ക് പരാതി നൽകി.
തുടർ അന്വേഷണത്തിലാണ് തളിപ്പറമ്പ് സ്റ്റേഷനിലെ സീനിയർ സിപിഒ ആയ ഇഎൻ ശ്രീകാന്താണ് പണം തട്ടിയെടുത്തത് എന്ന് മനസിലായത്. ഇയാൾ തളിപ്പറമ്പിലെ പല എടിഎം കൗണ്ടറുകളിൽ നിന്ന് പണം എടുക്കുന്നതിന്റെയും ഈ കാർഡ് ഉപയോഗിച്ച് സൂപ്പർ മാർക്കറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടി.
തുടർന്ന് കണ്ണൂർ റൂറൽ എസ്പി നവനീത് ശർമ്മ നേരിട്ട് തളിപ്പറമ്പ് സ്റ്റേഷനിലെത്തി ശ്രീകാന്തിനെ ചോദ്യം ചെയ്തു. ശ്രീകാന്ത് പണം തട്ടിയെന്ന് പ്രാധമീക അന്വേഷണത്തിൽ മനസിലായതോടെ സസ്പെന്റ് ചെയ്ത് വിശദമായ അന്വേഷണം നടത്താൻ തളിപ്പറമ്പ് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി.മോഷണത്തിന് സിപിഒ ശ്രീകാന്തിനെതിരെ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവം പൊലീസ് സേനയ്ക്ക് നാണക്കേട് ആയതോടെ റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണ് ഡിജിപി ലോക്നാഥ് ബെഹ്റ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam