
ഫോട്ടോ: കൊല്ലപ്പെട്ട റിനി, അറസ്റ്റിലായ റഹീം
മാനന്തവാടി: വയനാട് മാനന്തവാടിയില്‍ ഗര്‍ഭിണിയായ യുവതി മരിച്ച (Pregnant woman killed) സംഭവം കൊലപാതകമെന്ന് (Murder) തെളിഞ്ഞതായി പൊലീസ്. റിമാന്‍ഡില്‍ കഴിയുന്ന എടവക സ്വദേശി റഹീം (Rahim) വിഷം കലര്‍ത്തി നല്‍കിയ ജ്യൂസ് കഴിച്ചാണ് റിനി മരിച്ചതെന്ന് ശാസ്ത്രീയ പരിശോധനയില്‍ വ്യക്തമായി. എടവക മൂളിത്തോട് പള്ളിക്കല്‍ ദേവസ്യയുടെയും മേരിയുടെയും മകളായ റിനി 2021 നവംബര്‍ 20 നാണ് മരിച്ചത്. റിനിയുടെ അസ്വഭാവിക മരണത്തിന് പിന്നില്‍ ഓട്ടോ ഡ്രൈവറായ റഹീമാണെന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കി. പിന്നീട് ഒളിവില്‍ പോയ റഹീമിനെ തമിഴ്‌നാട് ഏര്‍വാടിയില്‍ നിന്നാണ് മാനന്തവാടി പൊലീസ് കസ്റ്റഡിയിലെടുത്തത്.
മാനസിക വൈകല്യമുള്ള റിനിയെ വിഷം കലര്‍ത്തിയ ജ്യൂസ് നല്‍കിയാണ് റഹീം കൊന്നതെന്ന് ലാബ് റിപ്പോര്‍ട്ടില്‍ തെളിഞ്ഞതായി പൊലീസ് അറിയിച്ചു. റിനി മരിക്കുന്‌പോള്‍ 5 മാസം ഗര്‍ഭിണിയായിരുന്നു. ഡിഎന്‍എ ടെസ്റ്റില്‍ കുഞ്ഞിന്റെ പിതാവ് റഹീമാണെന്ന് വ്യക്തമായി. മരിച്ച റിനിയുടെ കുടുംബവുമായി റഹീമിന് ഏറെ നാളത്തെ സൗഹൃദ ബന്ധമുണ്ടായിരുന്നു. മാനസിക വൈകല്യമുള്ള റിനിയേയും കുഞ്ഞിനേയും കൊന്നതിന് റഹീമിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി കുറ്റപ്പത്രം തയ്യാറാക്കുമെന്ന് പൊലീസ് അറിയിച്ചു.
നേരത്തെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കായിരുന്നു റഹീം റിമാന്‍ഡിലായത്. മറ്റൊരു യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതിനും റഹീമിനെതിരെ കേസെടുത്തിരുന്നു. പ്രതിക്കെതിരെ കൊലപാതകം, ഭ്രൂണഹത്യ, വൈകല്യമുള്ളവര്‍ക്ക് നേരെയുള്ള അതിക്രമം തുടങ്ങിയ വിവിധ വകുപ്പുകളും കൂട്ടിച്ചേര്‍ക്കും.
വിവാഹമോചനം നേടിയ മാനസിക വെല്ലുവിളികള്‍ നേരിടുന്ന റിനിയെ റഹീം ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കുകയും പിന്നീട് റിനിയെയും ഗര്‍ഭസ്ഥ ശിശുവിനെയും കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ ജ്യൂസില്‍ കീടനാശിനി കലര്‍ത്തി നല്‍കുകയുമായിരുന്നുവെന്നാണ് കേസ്. മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്താണ് റഹീമിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നത്. ശാസ്ത്രീയ തെളിവുകള്‍ക്ക് പുറമെ യുവതി ചികിത്സ തേടിയ മാനസികരോഗ വിദഗ്ധരുടെ റിപ്പോര്‍ട്ടുകളും ഉള്‍പ്പെടുത്തിയുള്ള കുറ്റപത്രമായിരിക്കും പോലീസ് കോടതിയില്‍ സമര്‍പ്പിക്കുക. മാനന്തവാടി പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.എം. അബ്ദുള്‍ കരീമിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam