മഹാരാഷ്ട്രയിൽ കോടികളുടെ നിക്ഷേപ തട്ടിപ്പ്: മലയാളി വ്യവസായികളെ തിരഞ്ഞ് പൊലീസ്

By Web TeamFirst Published Oct 27, 2019, 11:23 PM IST
Highlights

മലയാളികളും ഇതരസംസ്ഥാനക്കാരുമായ ആയിരക്കണക്കിനാളുകൾ തട്ടിപ്പിനിരയായിട്ടുണ്ടെന്ന് കണ്ടെത്തൽ. കടകൾ പൂട്ടി ഉടമകൾ മുങ്ങിയത് ഒരാഴ്ച മുൻപ്.

മുംബൈ: മഹാരാഷ്ട്രയിൽ കോടികൾ നിക്ഷേപ തട്ടിപ്പ് നടത്തി മലയാളി വ്യവസായികൾ മുങ്ങിയതായി പരാതി. ഗുഡ്‍വിൻ എന്ന പേരിൽ മഹാരാഷ്ട്രയിലും കേരളത്തിലും ജുവലറി ശൃഖലയുള്ള തൃശൂർ സ്വദേശികൾക്കെതിരെ ഡോംബിവലി പൊലീസ് കേസെടുത്തു. മലയാളികളും ഇതരസംസ്ഥാനക്കാരുമായ ആയിരക്കണക്കിനാളുകൾ തട്ടിപ്പിനിരയായിട്ടുണ്ടെന്ന് പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.

സ്വർണക്കടകളുടെ മറവിൽ ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് മാസ ചിട്ടിയായും സ്ഥിരം നിക്ഷേപമായും പണം സ്വീകരിച്ച ശേഷം വഞ്ചിച്ചെന്നാണ് ഗുഡ്‍വിൻ ഗ്രൂപ്പിനെതിരായ പരാതി. ഒരു ലക്ഷം രൂപ മുതൽ രണ്ട് കോടി രൂപ വരെ നിക്ഷേപിച്ച ആയിരക്കണക്കിനാളുകളാണ് മഹാരാഷ്ട്രയിൽ മാത്രമുള്ളത്.

തട്ടിപ്പിനിരയായവരിൽ ഭൂരിഭാഗവും മലയാളികൾ ആണ്. പണം കിട്ടാതായതോടെ നിക്ഷേപകർ പ്രശ്നമുണ്ടാക്കിത്തുടങ്ങിയപ്പോൾ ഒരാഴ്ചമുൻപ് എല്ലാ കടകളും പൂട്ടി ഉടമകളായ സനിൽ കുമാറും സുധീർ കുമാറും മുങ്ങി

ഇതുവരെ ഇരുന്നൂറിലധികം പേരാണ് ഡോംബിവലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഇവിടുത്തെ രണ്ട് കടകൾ പൊലീസ് സീൽ ചെയ്തു. ജ്വല്ലറിക്ക് ശാഖകളുള്ള മറ്റിടങ്ങളിലും സമാന പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേ സമയം സ്ഥാപനത്തെ തകർക്കാൻ വ്യാജ പ്രചാരണം നടത്തുകയാണെന്ന് ഒളിവിലുള്ള സുനിൽ കുമാറിന്‍റേതെന്ന പേരിൽ ഓഡിയോ സന്ദേശം പ്രചരിക്കുന്നുണ്ട്.

click me!