4000 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായി അസം സ്വദേശികള്‍ പിടിയില്‍

By Web TeamFirst Published Mar 17, 2019, 11:31 PM IST
Highlights

4000 പാക്കറ്റ് നിരോധിത പുകയില പാക്കറ്റുകൾ പത്ത് ലക്ഷത്തിലധികം രൂപയ്ക്കാണ് ഇവർ വിറ്റഴിച്ചത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇതായിരുന്നു പതിവ്.

കൊച്ചി: നിരോധിത പുകയില ഉത്പന്നങ്ങളുടെ വൻ ശേഖരവുമായി അസം സ്വദേശികളായ മൂന്ന് പേർ കൊച്ചിയിൽ പിടിയിലായി. ബെംഗളൂരുവിൽ നിന്ന് എത്തിച്ച 4000 പാക്കറ്റ് നിരോധിത പുകയിലാണ് ഇവരിൽ നിന്ന് പൊലീസ് പിടിച്ചെടുത്തത്. ബെംഗളൂരുവിൽ നിന്ന് ട്രെയിൻ മാർഗം എത്തിച്ച നിരോധിത പുകയില നഗരത്തിലെ സ്കൂൾ പരിസരത്ത് വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലാകുന്നത്.

അസം സ്വദേശികളായ നസ്രുൾ ഇസ്ലാം, റസിഫുൾ ഇസ്ലാം, സാദിക്ക് ഇസ്ലാം എന്നിവരാണ് അറസ്റ്റിലായത്. കൊച്ചിയിലും പെരുമ്പാവൂരും സ്ഥിരമായി നിരോധിത പുകയില വില്പന നടത്തി വരികയായിരുന്നു ഇവർ. ട്രാവൽ ബാഗിൽ വസ്ത്രങ്ങളെന്ന വ്യാജേനയാണ് ഇവ ബെംഗളൂരുവിൽ നിന്ന് പുകിയില ഉത്പന്നങ്ങള്‍ കൊണ്ട് വരുന്നത്.

അതിർത്തി കടക്കുമ്പോൾ ഈടാക്കുന്നത് പത്തിരട്ടി വിലയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഒരു ലക്ഷത്തി ഇരുപതിനായിരം രൂപക്ക് വാങ്ങിയ 4000 പാക്കറ്റ് നിരോധിത പുകയില പാക്കറ്റുകൾ പത്ത് ലക്ഷത്തിലധികം രൂപയ്ക്കാണ് ഇവർ വിറ്റഴിച്ചത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇതായിരുന്നു പതിവ്.

കൊച്ചി നഗരത്തിലെ വിദ്യാർത്ഥികൾക്കും പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളികൾക്കുമാണ് ഇവർ സ്ഥിരമായി നിരോധിത പുകയില വിൽപന നടത്തിയിരുന്നത്. കൊച്ചിയിലെയും,ബെംഗളൂരുവിലെയും ഇവരുടെ ഇടപാടുകൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കാനാണ് പൊലീസ് തീരുമാനം. 

click me!