
വടകര: കൂടത്തായി കൂട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട് പരാതിക്കാരനായ റോജോയുടേയും ജോളിയുടെ മക്കളുടേയും മൊഴി പൊലീസ് രേഖപ്പെടുത്തുന്നു. ഇന്നലെ അമേരിക്കയില്‍ നിന്നും എത്തിയ റോജോ ഇന്നു രാവിലെ പത്ത് മണിയോടെയാണ് കോഴിക്കോട് വടകരയിലുള്ള റൂറല്‍ എസ്പിയുടെ ഓഫീസിലെത്തിയത്.
റോയ്-ജോളി ദമ്പതികളുടെ മകനായ റോമോ, ഷാജു-സിലി ദമ്പതികളുടെ മകനായ റെനോള്‍ഡ് എന്നിവരും റോജോയ്ക്ക് ഒപ്പം എത്തിയിരുന്നു. റോജോയുടേയും റോയിയുടേയും സഹോദരിയായ റെഞ്ചിയുടെ വൈക്കത്തെ വീട്ടില്‍ നിന്നാണ് ഇവര്‍ റൂറല്‍ എസ്പി ഓഫീസിലെത്തിയത്. റോജോയുടെ മൊഴി വടകര എസ്പി ഓഫീസില്‍ വച്ച് രേഖപ്പെടുത്തിയപ്പോള്‍ റോമോയേയും റെനോള്‍ഡിനേയും പയ്യോളിയിലെ ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് കൊണ്ടു പോയാണ് മൊഴിയെടുക്കുന്നത്.
അതേസമയം ജോളിയുമായും റോയിയുമായും ബന്ധമുണ്ടെന്ന് കരുതുന്ന കട്ടപ്പനയിലെ ജോത്സ്യന്‍ കൃഷ്ണകുമാറിനോട് ചോദ്യം ചെയ്യല്ലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് അന്വേഷണസംഘം നോട്ടീസ് നല്‍കി. മരണപ്പെടുന്ന സമയത്ത് റോയിയുടെ ശരീരത്തില്‍ കാണപ്പെട്ട ഏലസ് സംബന്ധിച്ച അന്വേഷണത്തിന്‍റെ ഭാഗമായാണ് കൃഷ്ണകുമാറിനെ പൊലീസ് വിളിച്ചു വരുത്തുന്നതെന്നാണ് സൂചന. ജോളിയേയും കൃഷ്ണകുമാറിനേയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. ജോളിയേയോ കൃഷ്ണകുമാറിനേയോ തനിക്ക് അറിയില്ലെന്ന് ജോത്സ്യന്‍ നേരത്തെ മൊഴി നല്‍കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam