ബളാൽ കൊലപാതകം കൂട്ട ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ ആൽബിൻ അവസാനംവരെ ശ്രമിച്ചെന്ന് പൊലീസ്

By Web TeamFirst Published Aug 14, 2020, 12:51 PM IST
Highlights

പ്രതിയെ വിശദമായി ചോദ്യം ചെയ്തും ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചും വെള്ളരിക്കുണ്ട് പൊലീസ് കണ്ടെത്തിയത് ‌ഞെട്ടിക്കുന്ന വിവരങ്ങൾ.

കാസർകോട്: ബളാലിൽ സഹോദരിയെ എലി വിഷം നൽകി കൊലപ്പെടുത്തിയ പ്രതി സംഭവം കൂട്ട ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ അവസാനംവരെ ശ്രമിച്ചെന്ന് പൊലീസ്. ശാസ്ത്രീയ തെളിവുകൾ നിരത്തി ചോദ്യം ചെയ്തപ്പോഴാണ് കുടുംബ സ്വത്ത് തട്ടിയെടുക്കാൻ താൻ ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണെന്ന് 22കാരൻ സമ്മതിച്ചത്.  മാസങ്ങളുടെ തയ്യാറെടുപ്പിനൊടുവിലാണ് ഐസ്ക്രീമിൽ എലിവിഷം ചേർത്ത് കൊല ചെയ്യാമെന്ന് തീരുമാനിച്ച് ആൽബിൻ തീരുമാനിച്ചതെന്ന് പൊലീസ് പറയുന്നു. ആൽബിനെ അൽപ സമയത്തിനകം കോടതിയിൽ ഹാജരാക്കും.

ആൻ മേരിയെന്ന 16 കാരി വിഷം കലർന്ന ഐസ്ക്രീം കഴിച്ച് മരിച്ചതിന് പിന്നിൽ 22 കാരനായ സഹോദരൻ ആൽബിനാണെന്ന് പൊലീസ് മനസിലാക്കിയത് അഞ്ച് ദിവസം മുൻപാണ്. കഴിഞ്ഞ മുപ്പതാം തീയതി അമ്മയെയും അനുജത്തിയെയും കൊണ്ട് വീട്ടിൽ ഐസ്ക്രീം ഉണ്ടാക്കിച്ചു. രാത്രി എല്ലാവരും കഴിച്ച് ബാക്കി ഐസ്ക്രീം ഫ്രിഡ്ജിൽ സൂക്ഷിച്ചു. പിറ്റേന്ന് ഉച്ചയ്ക്ക് ബാക്കിയായ ഐസ്ക്രീമിൽ എലിവിഷം ചേർത്ത് കുടുംബത്തെക്കൊണ്ട് കഴിപ്പിച്ചു. ആദ്യം ആരോഗ്യനില വഷളായ 16കാരിക്ക് വിദഗ്ധ ചികിത്സ കിട്ടിയില്ല. ആൻ മേരി ഓഗസ്റ്റ് അഞ്ചിന് മരിച്ചു. പിന്നാലെ അച്ഛൻ ബെന്നിയും ഗുരുതരാവസ്ഥയിലായി. കുടുംബം കൂട്ടത്തോടെ ആത്മഹത്യയ്ക്ക് ശ്രമിച്ചു, അതിൽ മകൻ മാത്രം ബാക്കിയായി എന്നൊരു തിരക്കഥയായിരുന്നു ആൽബിൻ മനസിൽ തയ്യാറാക്കിയത്. 

ഐസ്ക്രീം അൽപം മാത്രം കഴിച്ചത് കൊണ്ട് അമ്മയ്ക്കും ആൽബിനും ആരോഗ്യ പ്രശ്നങ്ങളില്ലായിരുന്നു. മഞ്ഞപ്പിത്തം വന്നാണ് ആൻ മേരി മരിച്ചതെന്ന് ബന്ധുക്കൾ തുടക്കത്തിൽ വിശ്വസിച്ചത്. കുട്ടിയുടെ പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിൽ വിഷം ഉള്ളിൽ ചെന്നാണ് മരണം എന്ന് വ്യക്തമായി. ആദ്യം അമ്മയെയും മകനെയും ഒരുപോലെ സംശയിച്ച പൊലീസ് പിന്നീട് ഇത് ആൽബിൻ ഒറ്റയ്ക്ക് ആസൂത്രണം ചെയ്ത് നടത്തിയ ക്രൂര കൊലയാണെന്ന് കണ്ടെത്തി.

ലഹരിക്കടിമയായ ആൽബിൻ തന്‍റെ ഇഷ്ട്ടത്തിന് ജീവിക്കാൻ കുടുംബം തടസ്സമാണെന്ന് കണ്ടപ്പോൾ എല്ലാവരെയും വകവരുത്തി നാലരയേക്കർ ഭൂ സ്വത്തും തട്ടിയെടുത്ത് വിറ്റ് നാട് വിടാമെന്ന് കണക്കുകൂട്ടി. തന്റെ അടുത്ത സ്ത്രീ സുഹൃത്തിനോടോ മറ്റ് സുഹൃത്തുക്കളോടോ ഇക്കാര്യം ആൽബിൻ പങ്കുവച്ചിരുന്നോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. 

കൂടത്തായിയിൽ ജോളി ചെയ്തത ക്രൂരകൃത്യവും പ്രതിക്ക് പ്രചോദനം ആയേക്കാമെന്ന് പൊലീസ് വിലയിരുത്തി. വിഷം നൽകി കൊലചെയ്തതിനും കൊലപാതക ശ്രമത്തിനും കേസെടുത്ത പൊലീസ് മറ്റ് തുടർ നടപടികളിലേക്ക് കടന്നു. 22കാരൻ കുടുംബത്തെ അപ്പാടെ വകവരുത്താൻ പദ്ധതിയിട്ടെന്നറിഞ്ഞതിന്റെ ഞെട്ടലിലാണ് കാസർകോട് ബളാൽ എന്ന മലയോര ഗ്രാമം.

click me!