രാഖി കൊലക്കേസ്; പ്രതി അഖിലിന്‍റെ കുടുംബത്തെ കൂടുതല്‍ ചോദ്യംചെയ്യും

By Web TeamFirst Published Aug 11, 2019, 10:41 PM IST
Highlights

സൈനികനായ അഖിലിന്‍റെ നിർമ്മാണം തുടരുന്ന വീട്ടുവളപ്പിലായിരുന്നു രാഖിയെ കൊന്ന് കുഴിച്ചിട്ടത്. കൊലപാതകത്തിന് 2 ദിവസം മുൻപേ തന്നെ ഇതിനായി പറമ്പില്‍ കുഴിയെടുക്കുകയും ചെയ്തു. 

തിരുവനന്തപുരം: അമ്പൂരിയിലെ രാഖി കൊലക്കേസിൽ പ്രതി അഖിലിന്‍റെ കുടുംബത്തിന് പങ്കുണ്ടോയെന്ന് വ്യക്തമാകാൻ കൂടുതൽ ചോദ്യം ചെയ്യുമെന്ന് അന്വേഷണസംഘം. നേരത്തെ ചോദ്യം ചെയ്തെങ്കിലും അച്ഛൻ മണിയന്‍റെ പങ്ക് വ്യക്തമാകുന്ന വിവരങ്ങളൊന്നും അന്വേഷണസംഘത്തിന് കിട്ടിയിരുന്നില്ല. 

സൈനികനായ അഖിലിന്‍റെ നിർമ്മാണം തുടരുന്ന വീട്ടുവളപ്പിലായിരുന്നു രാഖിയെ കൊന്ന് കുഴിച്ചിട്ടത്. കൊലപാതകത്തിന് 2 ദിവസം മുൻപേ തന്നെ ഇതിനായി പറമ്പില്‍ കുഴിയെടുക്കുകയും ചെയ്തു. പ്രതികളായ അഖിലിന്‍റേയും രാഹുലിന്‍റെയും അച്ഛൻ മണിയൻ തന്നെയായിരുന്നു കുഴിയെടുക്കാൻ നേതൃത്വം നൽകിയത്. വലിപ്പമുളള കുഴിയെടുക്കുന്നത് എന്തിനെന്ന് നാട്ടുകാർ ചോദിച്ചപ്പോൾ മരംനടാനെന്ന് ഇയാൾ മറുപടി പറയുകയും ചെയ്തു. ഈ കാര്യങ്ങളാണ് മണിയനെ സംശയത്തിന്‍റെ നിഴലിൽ നിർത്തുന്നത്. 

കൊല്ലപ്പെട്ട രാഖിയുടെ കുടുംബം നേരത്തെ തന്നെ മണിയന്‍റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. മണിയന്‍റെ പങ്ക് വ്യക്തമാക്കുന്ന കൃത്യമായ തെളിവുകളൊന്നും ഇതുവരെ അന്വേഷണസംഘത്തിന് കിട്ടിയിട്ടില്ല. എങ്കിലും സംഭവത്തെ കുറിച്ച് കുടുംബത്തിന് മുന്നറിവ് ഉണ്ടായിരുന്നോ എന്ന ദിശയിൽ കൂടുതൽ അന്വേഷണം നടത്തുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. രാഖിയുടെ വസ്ത്രങ്ങളും ബാഗും തെളിവെടുപ്പിൽ പൊലീസ് കണ്ടെടുത്തിരുന്നു. പ്രതികളായ അഖിൽ, രാഹുൽ, ആദർശ് എന്നിവർ ഇപ്പോൾ റിമാൻഡിലാണ്.
 

click me!