
ചെന്നൈ: മസാജ് പാർലർ ജീവനക്കാരിയെ ബലാത്സംഗം ചെയ്ത പൊലീസുകാരൻ അറസ്റ്റിൽ. കോൺസ്റ്റബിൾ ബാവുഷ (28) ആണ് അറസ്റ്റിലായത്. വീട്ടിൽ അതിക്രമിച്ചു കയറി പണം ആവശ്യപ്പെട്ട ബാവുഷ ഇവരുടെ ഭർത്താവിനെ എടിഎമ്മിൽ നിന്ന് പണം എടുക്കാൻ പറഞ്ഞയച്ചതിനു ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. 65,000 രൂപയും തട്ടിയെടുത്തതായാണ് പരാതി. ചെന്നൈയിലാണ് സംഭവം.
മസാജ് പാർലർ ജീവനക്കാരിയെ വേശ്യാവൃത്തിക്ക് കേസ് എടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ബാവുഷ 65,000 രൂപ തട്ടിയെടുത്തത്. ഈ കേസിൽ സസ്പെൻഷനിലായ പൊലീസുകാരനെ വിരുഗമ്പാക്കം ഓൾ-വുമൺ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഒക്ടോബർ 17ന് രാത്രി 10 മണിയോടെ ഭർത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോൾ തന്റെ അയൽവാസിയോട് പൊലീസുകാരൻ സംസാരിക്കുന്നത് യുവതിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് ഇവരെ പിന്തുടർന്ന ബാവുഷ വീട്ടിൽ അതിക്രമിച്ച് കയറി. വേശ്യാവൃത്തിയിൽ ഏർപ്പെടുന്നതിനാൽ അറസ്റ്റ് ചെയ്യാനാണ് താൻ വന്നതെന്ന് ബാവുഷ പറയുകയും കേസ് പിൻവലിക്കണമെങ്കിൽ ഒരു ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ഭീഷണിയിൽ ഭയപ്പെട്ടുപോയ യുവതി 50,000 രൂപ നൽകിയെങ്കിലും ഇയാൾ കൂടുതൽ പണം ആവശ്യപ്പെടുകയായിരുന്നു. സമീപത്തെ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ ഭർത്താവിനെ അയച്ച ശേഷം യുവതിയെ കിടപ്പുമുറിയിലേയ്ക്ക് വലിച്ചിഴച്ച് കൊണ്ടുപോയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. എടിഎമ്മിൽ നിന്ന് വീട്ടിൽ തിരിച്ചെത്തിയ ഭർത്താവിന്റെ പക്കൽ നിന്ന് 15,000 രൂപ തട്ടിയെടുത്ത് ബാവുഷ സ്ഥലംവിട്ടു.
ഒക്‌ടോബർ 23-ന് കുമുദ വിരുഗമ്പാക്കം ഓൾ-വുമൺ പൊലീസിൽ യുവതി പരാതി നൽകി. ഭാരതീയ ന്യായ സംഹിതയിലെ 319(2), 64, 408(6), 351(2) വകുപ്പുകൾ പ്രകാരം പൊലീസ് കേസ് എടുത്തു. തിരുവാൻമിയൂരിൽ നിന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. 2024ൽ വടപളനിയിലും 2023ൽ തിരുവാൻമിയൂരിലും റിപ്പോർട്ട് ചെയ്ത രണ്ട് കേസുകളിൽ ബവുഷ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam