സിമന്റ് കട്ടകൾ ഇറക്കാൻ എത്തിയ അതിഥി തൊഴിലാളികളെ സിഐടിയു തൊഴിലാളികൾ തടയുകയായിരുന്നു. 

തൃശൂ‍‍ർ: വീട്ടുമുറ്റത്ത് സിമന്റ് കട്ട ഇറക്കുന്നത് തടഞ്ഞ് സിഐടിയുവിന്റെ ചുമട്ടുതൊഴിലാളികൾ. അണിചേരിക്കടുത്ത് പാലിശ്ശേരിയിൽ വിശ്വനാഥന്റെ വീട്ടിലായിരുന്നു സംഭവം. പെട്ടിയോട്ടയിൽ കൊണ്ടുവന്ന 100 സിമന്റ് കട്ടകൾ അതിഥി തൊഴിലാളികൾ ഇറക്കുന്നത് സിഐടിയു തൊഴിലാളികൾ തടയുകയായിരുന്നു. 

'സിമന്റ് കട്ടകൾ അതിഥി തൊഴിലാളികൾ ഇറക്കണ്ട, വീട്ടുകാർക്ക് വേണമെങ്കിൽ ഇറക്കാം' എന്നായിരുന്നു സിഐടിയു തൊഴിലാളികളുടെ നിലപാട്. ഇതേ തുടർന്ന് വിശ്വനാഥനും ഭാര്യ സംഗീതയും ചേർന്നാണ് സിമന്റ് കട്ടകൾ ഇറക്കിവെച്ചത്. കട്ട ഇറക്കി തീരുവോളം സിഐടിയു തൊഴിലാളികൾ മതിലിന് പുറത്ത് കാവൽ നിൽക്കുകയും ചെയ്തു. 

വീട്ടിലെ ചെറിയ അറ്റകുറ്റപ്പണികൾക്ക് വേണ്ടിയാണ് കട്ടകൾ എത്തിച്ചതെന്നും സിഐടിയു തൊഴിലാളികൾ ഭീഷണിപ്പെടുത്തിയെന്നും വിശ്വനാഥൻ പറഞ്ഞു. തിങ്കളാഴ്ച ജില്ലാ കളക്ടർക്ക് രേഖാമൂലം പരാതി നൽകാനൊരുങ്ങുകയാണ് വിശ്വനാഥൻ. ദീർഘകാലമായി വിദേശത്തായിരുന്ന വിശ്വനാഥൻ റിട്ടയ‍‍ർമെന്റിന് ശേഷമാണ് നാട്ടിൽ തിരിച്ചെത്തിയത്. 

READ MORE: ജമ്മു കശ്മീരിൽ സൈനിക വാഹനത്തിന് നേരെയുണ്ടായ ആക്രമണം; പിന്നിൽ പാക് ഭീകരരെന്ന് പ്രതിരോധ വക്താവ്