വികാസ് ദുബെക്ക് വിവരം ചോർത്തിനൽകിയത് പൊലീസുകാർ തന്നെ, എസ്‌ഐമാർ അടക്കം നാലു പേർക്ക് സസ്‌പെൻഷൻ

By Web TeamFirst Published Jul 6, 2020, 2:25 PM IST
Highlights

സസ്പെൻഷനിലായ പൊലീസുകാർ നാലുപേരും വികാസ് ദുബെയുടെ കയ്യിൽ നിന്ന് മാസംതോറും കൃത്യമായി കൈക്കൂലി വാങ്ങിയിരുന്നതായി അന്വേഷണസംഘം സംശയിക്കുന്നു.

കാൺപൂരിലെ വികാസ് ദുബെ എന്ന ഗ്യാങ്സ്റ്ററിനെ അറസ്റ്റ് ചെയ്യാൻ പുറപ്പെട്ട പൊലീസ് ദൗത്യസംഘത്തിന് നേരെ അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിൽ എട്ടുപോലീസുകാർ കൊല്ലപ്പെട്ട സംഭവം ഏറെ ചർച്ചയായ ഒന്നാണ്. സംഭവം നടന്നത്തിന്റെ അടുത്ത ദിവസം തന്നെ വിനയ് തിവാരി എന്ന ചൗബേ പൂർ എസ്എച്ച്ഓ സസ്‌പെൻഡ് ചെയ്യപ്പെട്ടിരുന്നു. ഇയാളാണ് അറസ്റ്റുചെയ്യാൻ അന്പതുപേരടങ്ങുന്ന പോലീസ് സംഘം പുറപ്പെട്ട വിവരം ദുബെയെ അറിയിച്ചത് എന്ന സംശയത്തിന്റെ പുറത്തായിരുന്നു ആ നടപടി. പിന്നീട് 115 -ലധികം പോലീസുകാരുടെ ഫോൺ റെക്കോർഡുകൾ കേന്ദ്രീകരിച്ച് നടത്തിയ തുടരന്വേഷണത്തിൽ മൂന്നു പോലീസ് ഓഫീസർമാർ കൂടി സസ്‌പെൻഷനിൽ ആയിട്ടുണ്ട്. അവരൊക്കെയും വികാസ് ദുബെ എന്ന ഗ്യാങ്സ്റ്ററിന്റെ കയ്യിൽ നിന്ന് മാസംതോറും കൃത്യമായി കൈക്കൂലി വാങ്ങിയിരുന്നതായി അന്വേഷണസംഘം സംശയിക്കുന്നു. കാൺപൂർ റേഞ്ച് ഐജി മോഹിത് അഗർവാൾ ആണ് ഈ വിവരം പുറത്തുവിട്ടത്. 

സബ് ഇൻസ്‌പെക്ടർമാരായ കൃഷ്ണകുമാർ ശർമ്മ, കുവർ പാൽ, കോൺസ്റ്റബിൾ ആയ രാജീവ് എന്നിവരാണ് ഇന്ന് അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്യപ്പെട്ടത്. ശനിയാഴ്ച തന്നെ കാൺപൂർ പോലീസ് വിനയ് തിവാരിയെ സസ്‌പെൻഡ് ചെയ്തിരുന്നു. സ്വന്തം സഹപ്രവർത്തകർ വെടിയേറ്റു മരിക്കുകയും അവരുടെ മൃതദേഹങ്ങൾ ഒന്നിന് മീതെ ഒന്നായി അടുക്കപ്പെടുകയും ഒക്കെ ചെയ്ത സമയത്ത്, റോഡ് തടയാനായി പാർക്ക് ചെയ്ത ജെസിബിക്ക് പിന്നിൽ ഒളിച്ചിരുന്ന വിനയ് തിവാരി ഷൂട്ടർമാരുടെ കണ്ണിൽ പെടാതെ ജീവനും കൊണ്ട് സ്ഥലം വിടുകയായിരുന്നു.  

 

(പ്രതീകാത്മക ചിത്രം)

സംഭവം നടന്ന വികാസ് ദുബെയുടെ ബംഗ്ലാവിൽ നിന്ന് വെടിവെപ്പിന് ശേഷം ദുബൈയും ഷൂട്ടർമാരും കടന്നു കളഞ്ഞ ശേഷം നടന്ന എൻകൗണ്ടറിൽ പൊലീസ് സംഘം ദുബെയുടെ അമ്മാവനെയും അയാളുടെ മകനെയും വെടിവെച്ചു കൊന്നിരുന്നു. ദുബെയുടെ വീട്ടിലെ പാചകക്കാരിയുടെ ഭർത്താവായ ദയാ ശങ്കർ അഗ്നിഹോത്രി എന്നയാളെ കാലിന് വെടിവെച്ച് പൊലീസ് ജീവനോടെ പിടികൂടിയിരുന്നു. തനിക്ക് തോക്ക് ഉപയോഗിക്കാൻ അറിയില്ലെന്നും, സംഭവം നടക്കുമ്പോൾ താൻ തന്റെ മുറിയിൽ കിടന്നുറങ്ങുകയായിരുന്നു എന്നും, താൻ ഒന്നും കണ്ടില്ല എന്നുമാണ് ദയശങ്കറിന്റെ മൊഴി. വെടിപൊട്ടുന്ന ഒച്ച കേട്ടപ്പോൾ പേടിച്ചു പോയിരുന്നു എങ്കിലും, മുറി തുറക്കാനോ പുറത്തിറങ്ങാനോ ശ്രമിക്കാതെ ഒളിച്ചിരിക്കുകയായിരുന്നു അയാൾ. 

അതേസമയം, ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പൊലീസുകാരുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. പൊലീസുകാരെ മട്ടുപ്പാവിൽ നിന്ന് വെടിവെച്ചു കൊന്ന ശേഷം താഴേക്ക് ഇറങ്ങിവന്ന വികാസ് ദുബെയുടെ ഷൂട്ടർമാർ വളരെ പൈശാചികമായിട്ടാണ് വെടിയേറ്റുമരിച്ച എട്ടു പോലീസുകാരോട് ഇടപെട്ടത് എന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് പറയുന്നു. വെടിയേറ്റു മരിച്ച ജിതേന്ദ്ര പാലിന്റെ ശരീരത്തിൽ നിന്ന് ഒരു എകെ 47 യന്ത്രത്തോക്കിന്റെ ഉണ്ട കണ്ടെടുത്തിട്ടുണ്ട്. നാലു പൊലീസുകാരുടെ ദേഹത്ത് അതേ തോക്കിൽ നിന്നുതിർന്ന വെടിയുണ്ടകൾ തുളച്ചു കയറിയതിനെ  എൻട്രി മുറിവുകളും, പുറത്തിറങ്ങിപ്പോയതിന്റെ എക്സിറ്റ് മുറിവുകളുമുണ്ട്. ബബ്ലു, രാഹുൽ, സുൽത്താൻ എന്നീ പൊലീസുകാരുടെ ദേഹത്ത് നിന്ന് .315 .312 ബോർ വെടിയുണ്ടകളുടെ കഷ്ണങ്ങൾ കിട്ടി. മംധന സ്റ്റേഷൻ ഇൻചാർജായിരുന്ന അനൂപ് സിങിനാണ് ഏറ്റവുമധികം വെടിയുണ്ടകൾ ഏറ്റത്, ഏഴെണ്ണം. 


(ഏറ്റുമുട്ടലിൽ മരിച്ച പൊലീസുകാരിൽ ഒരാൾ )

സംഘത്തെ നയിച്ച ബിൽഹൗർ സി ഓ ദേവേന്ദ്ര സിങിന്റെ നെഞ്ചത്ത് തോക്കിന്റെ കുഴൽ അമർത്തിവെച്ച് പോയന്റ് ബ്ലാങ്കിൽ നിന്നാണ് അദ്ദേഹത്തെ വെടിവെച്ചു കൊന്നിട്ടുള്ളതെന്ന് ഓട്ടോപ്‌സിയിൽ തെളിഞ്ഞു. കാലിലും അതുപോലെ തോക്ക് ചേർത്തുവെച്ച് വെടിവെച്ചതിന്റെ പരിക്കുകളുണ്ട്. തലയും, കഴുത്തും എല്ലാം മഴുവിന് വെട്ടിയ മുറിപ്പാടുകളും ഉണ്ട്. ഏറെ വികൃതമായിട്ടുണ്ട് ഡിവൈഎസ്പിയുടെ മൃതദേഹം. കാൽപ്പാദങ്ങൾ വെട്ടിമാറ്റാൻ പരിശ്രമിച്ചതായി അദ്ദേഹത്തിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. പൊലീസ് സംഘത്തെ ആക്രമിച്ച ഷൂട്ടർമാർ വെടിയേറ്റു മരിച്ചവരുടെ ആയുധങ്ങളും കൊണ്ടാണ് സ്ഥലംവിട്ടത്. 

ഏറ്റുമുട്ടലിനു ശേഷം മൃതദേഹങ്ങൾ ഒന്നിന് പുറത്ത് ഒന്നായി അട്ടിക്കിട്ട് കത്തിച്ചു കളയാനും ശ്രമമുണ്ടായി എന്ന് പൊലീസ് പറയുന്നു. അപ്പോഴേക്കും കൂടുതൽ പൊലീസുകാർ സ്ഥലത്തെത്തിയതോടെ അത് പൂർത്തിയാക്കാതെ കുറ്റവാളികൾ സ്ഥലം വിടുകയാണുണ്ടായത്. കത്തിച്ചു കളയാനുള്ള ശ്രമങ്ങൾക്ക് ഗ്രാമവാസികളെയും ഭീഷണിപ്പെടുത്തി സഹകരിപ്പിച്ചതായി ആക്ഷേപമുണ്ട്. ഗ്രാമവാസികളിൽ ഈ ഗ്യാങ്സ്റ്ററെക്കുറിച്ച് കാര്യമായ ഭീതി നിലവിലുണ്ട്. അതുകൊണ്ടുതന്നെ ഇത്രയും സംഭവങ്ങൾ ആ ഗ്രാമത്തിൽ നടന്നിട്ടും ഗ്രാമവാസികളിൽ ഒരാൾ പോലും സംഭവങ്ങൾക്ക് ദൃക്‌സാക്ഷി പറയാനെത്തിയിട്ടില്ല. ആയിരത്തിലധികം പേർ താമസമുള്ള ആ ഗ്രാമത്തിലെ യുവാക്കളിൽ മിക്കവാറും പൊലീസിൽ നിന്നുണ്ടായേക്കാവുന്ന പ്രതികാര നടപടി ഭയന്ന് നാടുവിട്ടിരിക്കയാണ്. ഇപ്പോൾ അവിടെ വൃദ്ധരും രോഗഗ്രസ്തരുമായ ആളുകൾ മാത്രമേ നിലവിൽ ഉള്ളൂ. 

 

click me!