
കട്ടപ്പന: വൈദികന്റെ അശ്ലീല ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ നടപടിയുമായി ഇടുക്കി രൂപത. വെള്ളയാംകുടി പള്ളി വികാരി ഫാ. ജെയിംസ് മംഗലശ്ശേരിയെ വികാരി സ്ഥാനത്ത് നിന്ന് മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും സഭാ വക്താവ് വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. സിറോ മലബാർ സഭ ഇടുക്കി രൂപതാ മുൻ വികാരി ജനറലും വെള്ളയാംകുടി പള്ളിവികാരിയുമായ ജെയിംസ് മംഗലശ്ശേരിക്കെതിരെയാണ് നടപടി.
പള്ളിക്കമ്മിറ്റി അംഗമായ വീട്ടമ്മയുമൊത്തുള്ള വികാരിയുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇന്നാണ് നടപടി സംബന്ധിച്ച വാർത്താക്കുറിപ്പ് പുറത്തിറങ്ങിയതെങ്കിലും മാർച്ച് 24ന് തന്നെ ജെയിംസ് മംഗലശ്ശേരിക്കെതിരെ നടപടിയെടുത്തിരുന്നുവെന്നാണ് രൂപതയുടെ ഭാഷ്യം. വികാരി സ്ഥാനത്ത് നിന്ന് മാറ്റിയതിനൊപ്പം കുദാശ നൽകുന്നതിൽ നിന്ന് കൂടി വൈദികനെ വിലക്കിയെന്നാണ് സൂചന.
വിവാദ സംഭവത്തെക്കുറിച്ച് പുറത്തുവരുന്ന വിവരങ്ങൾ ഇങ്ങനെയാണ്: രണ്ട് കുട്ടികളുടെ അമ്മ കൂടിയായ വീട്ടമ്മ ലോക്ക്ഡൗണ്‍ സമയത്ത് രഹസ്യമായി പള്ളിയിലെത്തുന്നതായി ഇടവകാംഗങ്ങളിൽ ചിലർ സംശയം ഉന്നയിച്ചിരുന്നു. ഇതിനിടെ വികാരി തന്റെ കേടായ മൊബൈൽ ഫോണ്‍ നന്നാക്കാനായി അടുത്തുള്ള മൊബൈൽ ഷോപ്പിൽ നൽകി.
ഫോണിലുണ്ടായിരുന്ന വികാരിയും വീട്ടമ്മയും തമ്മിലുള്ള അശ്ലീലദൃശ്യങ്ങൾ ഇവിടെ നിന്നാണ് പുറത്തായത്. ഇതോടെ ഇടവകാംഗങ്ങൾ സഭാ നേതൃത്വത്തിന് പരാതി നൽകുകയായിരുന്നു. ദൃശ്യങ്ങൾ പ്രചരിച്ച സംഭവത്തിൽ വൈദികനോ വീട്ടമ്മയോ പരാതി നൽകാത്തതിനാലാണ് കേസെടുക്കാത്തതെന്നാണ് കട്ടപ്പന പൊലീസ് പറയുന്നത്. എന്നാൽ, സഭാ നിയമങ്ങൾക്ക് വിരുദ്ധമായ വൈദികന്റെ പ്രവൃത്തികൾ പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടതോടെയാണ് രൂപത നടപടിയെടുത്തതും വിശദമായ അന്വേഷണം പ്രഖ്യാപിച്ചതും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam