വൈദ്യുതി ലൈനിലെ തകരാർ പരിഹരിച്ചില്ല: വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥനെ വെടിവച്ച് കൊല്ലാൻ ശ്രമം

By Web TeamFirst Published Jul 27, 2019, 6:53 PM IST
Highlights

പ്രതിക്കെതിരെ ഐപിസി 307 വകുപ്പ് പ്രകാരം വധശ്രമത്തിന് പൊലീസ് കേസെടുത്തു

അമ്രോഹ: വൈദ്യുതി ലൈനിലെ തകരാർ പരിഹരിക്കാൻ വിസമ്മതിച്ചെന്ന് ആരോപിച്ച് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥനെ കൊല്ലാൻ ശ്രമിച്ചു. യുപിയിലെ അമ്രോഹ ജില്ലയിൽ ബ്രഹ്‌മ്മബാദ് ഗ്രാമത്തിലാണ് സംഭവം.

ഗ്രാമത്തിലെ 60കാരനായ കർഷകൻ ആവശ്യപ്പെട്ടിട്ടും വൈദ്യുതി ലൈനിലെ തകരാർ പരിഹരിക്കാൻ ഉദ്യോഗസ്ഥനായ സോം ദത്ത് തയ്യാറായില്ല. ഇദ്ദേഹം വ്യാഴാഴ്ച രാത്രി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ബിജേന്ദർ ത്യാഗിയെന്ന കർഷകൻ വൈദ്യുതി ലൈനിലെ തകരാർ പരിഹരിക്കണം എന്നാവശ്യപ്പെട്ടത്.

സോം ദത്ത് ഈ ആവശ്യം തള്ളിക്കളഞ്ഞു. ഇരുവരും തമ്മിൽ ഇതേച്ചൊല്ലി വാക്കുതർക്കം ഉണ്ടായി. ഇതിനിടെ ത്യാഗിയുടെ മരുമകനായ അതിൻ എന്ന യുവാവ് നാടൻ തോക്കുമായി വീട്ടിൽ നിന്ന് പുറത്തേക്ക് വരികയും നിറയൊഴിക്കുകയുമായിരുന്നു.

സോം ദത്തിന്റെ കൈയ്യിലൂടെ തുളഞ്ഞുകയറിയ ബുള്ളറ്റ് ത്യാഗിയുടെ വയറിൽ ചെന്ന് പതിച്ചു. വെടിയൊച്ച കേട്ട് ഓടിക്കൂടിയ ജനം ഇരുവരെയും ആശുപത്രിയിലെത്തിച്ചു. വിദഗ്ദ്ധ ചികിത്സയ്ക്കായി ത്യാഗിയെ മീററ്റിലേക്ക് കൊണ്ടുപോയി. ഇദ്ദേഹത്തിന്റെ നില ഗുരുതരമാണ്.

സോം ദത്തിന്റെ പിതാവിന്റെ പരാതിയിൽ അതിനെതിരെ ഐപിസി 307 വകുപ്പ് പ്രകാരം വധശ്രമത്തിന് കേസെടുത്തു. എന്നാൽ ഇയാളിപ്പോൾ ഒളിവിലാണ്.


 

click me!