
ലക്നോ: ഗുണ്ടാ സംഘവുമായുണ്ടായ ഏറ്റുമുട്ടലിനിടെ പോലീസ് ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്ക് പരിക്ക്. ഉത്തര്‍പ്രദേശിലെ കാസ്ഖഞ്ച ജില്ലയില്‍ ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. പിന്നീട് നടന്ന തിരിച്ചലില്‍ പൊലീസുകാരനെ കൊലപ്പെടുത്തിയ പ്രധാന പ്രതിയെ പൊലീസ് എൻകൗണ്ടറിലൂടെ കൊലപ്പെടുത്തി.
കോണ്‍സ്റ്റബിള്‍ ദേവേന്ദ്രയാണ് മരിച്ചത്. സബ് ഇന്‍സ്പെക്ടര്‍ അശോകിന് ഗുരുതരമായി പരിക്കേറ്റു. അനധികൃതമായി നടത്തിയ മദ്യനിര്‍മാണ ശാലയില്‍ റെയ്ഡിന് എത്തിയപ്പോഴാണ് ആക്രമി സംഘം പോലീസിനെ ആക്രമിച്ചത്. ഇവിടെ നിന്നും രക്ഷപെട്ട പോലീസ് ഉദ്യോഗസ്ഥന് അറിയിച്ചതനുസരിച്ച് പ്രദേശത്ത് വന്‍ പോലീസ് സന്നാഹം എത്തിയിട്ടുണ്ട്.
പൊലീസ് തിരിച്ചിലിലാണ് ഒന്നാം പ്രതിയെ കണ്ടത്. ഇയാള്‍ പൊലീസിനെ ആക്രമിച്ചപ്പോള്‍ തിരിച്ചുള്ള വെടിവയ്പ്പിൽ അയാള്‍ കൊല്ലപ്പെടുകയായിരുന്നുവെന്ന് യുപി പൊലീസ് എഡിജിപി അജയ് ആനന്ദ് പറഞ്ഞതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. രണ്ടാം പ്രതി ഇപ്പോഴും ഒളിവിലാണ്. ഇയാളുടെ പേര് മോട്ടിറാം എന്നാണ്. ഇയാള്‍ക്കെതിരെ 11 ക്രിമിനല്‍ കേസുകൾ നിലവിലുണ്ട്.
അതേ സമയം കൊല്ലപ്പെട്ട പൊലീസ് കോൺസ്റ്റബിളിന്‍റെ കുടുംബത്തിന് ഉത്തർപ്രദേശ് സർക്കാർ 50 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു. ഒപ്പം അടുത്ത ബന്ധുവിന് സർക്കാർ ജോലിയും നൽകും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam