
ബെംഗളൂരു: സ്ത്രീകളുടെ ശുചിമുറിയിൽ കയറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച പബ്ബ് ജീവനക്കാരൻ അറസ്റ്റിൽ. ബെംഗളൂരുവിലെ മക്ഗ്രത്ത് റോഡിലുള്ള പബ്ബിലെ ജീവനക്കാരനായ ബുദ്ധികാന്ത് ദേബനാഥ് (30) ആണ് അറസ്റ്റിലായത്. പബ്ബിലെത്തിയെ യുവതിയുടെ പരാതിയിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
ജനുവരി 24 ന് രാത്രിയോടെയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സുഹൃത്തുക്കൾക്കൊപ്പം പബ്ബിലെത്തിയ 34 കാരി രാത്രി 11.30 ഓടെ ശുചിമുറിയിൽ കയറിയ സമയത്ത് ഇയാൾ ഉള്ളിൽ കടന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുകയായിരുന്നു. ശുചിമുറിയിൽ കയറിയ ഉടനെ അവിചാരിതമായി വാതിലിനു മുകളിലേയ്ക്ക് നോക്കിയപ്പോഴാണ് വീഡിയോ റെക്കോഡിങ് മോഡിലുള്ള മൊബൈൽ പിടിച്ചുകൊണ്ടുള്ള കൈ ശ്രദ്ധയിൽപ്പെട്ടതെന്ന് യുവതി പരാതിയിൽ പറഞ്ഞു.
ഉടനെ ബഹളമുണ്ടാക്കിയപ്പോൾ വാതിലിന് പുറകിൽനിന്ന് ഒരാൾ ധൃതിയിൽ ഓടിമറയുന്ന ശബ്ദം കേട്ടിരുന്നു. ആ സമയത്ത് ശുചിമുറിയിലേക്ക് കടന്നു വന്ന മറ്റൊരു സ്ത്രീയും ഇയാളെക്കണ്ട് ബഹളം വച്ചിരുന്നു. പബ്ബ് യൂണിഫോമിലുളള യുവാവാണ് ഓടിയതെന്ന് അവർ വ്യക്തമാക്കിയതായും യുവതി പൊലീസിനോട് പറഞ്ഞു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. എന്നാൽ, ഇയാളുടെ മൊബൈലിൽ നിന്ന് ദൃശ്യങ്ങൾ കണ്ടെടുക്കാൻ പൊലീസിനു കഴിഞ്ഞിട്ടില്ല. ഇതിനോടകം ഇയാൾ ദൃശ്യങ്ങൾ നീക്കം ചെയ്തിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം.
സംഭവത്തിൽ പബ്ബ് മാനേജ്മെന്റിനെതിരെയും യുവതി പരാതി നൽകിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് താൻ പരാതി നൽകിയെങ്കിലും പബ്ബ് മാനേജ്മെന്റ് അവഗണിക്കുകയായിരുന്നുവെന്ന് യുവതി ആരോപിച്ചു. പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ നൽകാൻ ആവശ്യപ്പെട്ടെങ്കിലും അവർ നൽകിയില്ലെന്നും യുവതി പരാതിയിൽ പറഞ്ഞു. അറസ്റ്റിലായ ദേബനാഥ് മൂന്നു മാസം മുൻപാണ് പബ്ബിൽ ജീവനക്കാരനായി ജോലിയ്ക്കു ചേർന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam