
കൊച്ചി: വനിതാ ഒട്ടോ ഡ്രൈവറെ ക്രൂരമായി മർദ്ദിച്ച കേസിൽ ക്വട്ടേഷൻ സംഘത്തിലെ രണ്ട് പേർ കൂടി അറസ്റ്റിൽ. ആലപ്പുഴ എഴുപുന്ന പാറായി കവല ഭാഗത്ത് വെമ്പിള്ളി വീട്ടിൽ അഗിൻ ഡാനിയൽ (സോളമൻ 22), എരമല്ലൂർ പടിഞ്ഞാറെ ചമ്മനാട് കറുക പറമ്പിൽ വീട്ടിൽ മനു (22) എന്നിവരെയാണ് ഞാറയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. എടവനക്കാട് ചാത്തങ്ങാട് ബീച്ച് ഭാഗത്ത് വെച്ചാണ് ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽപോയ പ്രതികളെ റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യയുടെ നിർദ്ദേശ പ്രകാരം രൂപീകരിച്ച പ്രത്യേക അമ്പേഷണ സംഘം മുംബൈയ്ക്കടുത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്.
കേസിൽ മുൻപ് അറസ്റ്റിലായ പ്രിയങ്കയുടെ അയൽവാസിയാണ് മർദ്ദനത്തിന് ഇരയായ ഓട്ടോഡ്രൈവർ. ഇവർ തമ്മിലുള്ള വഴി തർക്കവും തുടർന്ന് പരാതികൾ കൊടുത്തതും കൊണ്ടുള്ള വിരോധം കൊണ്ട് പ്രിയങ്കയും ഭർത്താവും നേരത്തെ പിടിയിലായ പ്രതികളിലൊരാളായ സജീഷും ഗൂഡാലോചന നടത്തി ആക്രമിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവറെ വകവരുത്തുന്നതിനായി സജീഷിൻ്റെ കൂട്ടുകാരെ ഒരു ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നൽകി വിളിച്ചു വരുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഈ മാസം പത്താം തീയതിയാണ് ആക്രമണം നടക്കുന്നത്. വൈപ്പിൻ പള്ളത്താംകുളങ്ങര സ്റ്റാൻഡിൽ നിന്നും മെഡിക്കൽ ട്രസ്റ്റ് ആശുപതിയിൽ ആക്സിഡന്‍റ് പറ്റിക്കിടക്കുന സുഹൃത്തിനെ കാണാൻ എന്നു പറഞ്ഞ് പ്രതികളിലൊരാളായ മനു ഓട്ടം വിളിക്കുകയായിരുന്നു. പിന്നീട് ചെറായി ഭാഗത്ത് നിന്നും അഗിനെയും സംഘത്തിലുണ്ടായിരുന്ന ഡാനിയൽ ജോസഫിനെയും ഓട്ടോയിൽ കയറ്റി. തുടർന്ന് ചാത്തങ്ങാട് ബീച്ച് ഭാഗത്തെത്തിച്ച് ആക്രമിച്ചു.
പ്രദേശത്തെ കച്ചവടക്കാരനായ സാദിഖ് ആണ് ജയയെ പരിക്കേറ്റ നിലയിൽ കണ്ടെത്തുന്നതും ആളുകലെ വിളിച്ച് ആശുപത്രിയിലെത്തിക്കുന്നതും. ജില്ലാ പൊലീസ് മേധാവി ഡോ വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ മുനമ്പം ഡി.വൈ.എസ്.പി എൻ.എസ് സലീഷ്, ഞാറയ്ക്കൽ ഇൻസ്പെക്ടർ സുനിൽ തോമസ്, എസ്. ഐമാരായ കുഞ്ഞുമോൻ തോമസ്, ബിജു, എ.എസ്.ഐ സി.എ ഷാഹിർ, എസ്.സി.പി.ഒ മാരായ റെജി തങ്കപ്പൻ, എ.യു ഉമേഷ്, സി. പി.ഒ മാരായ വി.എസ് സ്വരാഭ്, ശരത് ബാബു, കെ.ജി പ്രീജൻ കെ.ജി എന്നിവരാണ് ഉണ്ടായിരുന്നത്.
Read More :'സാധനം വാങ്ങാൻ ആളെത്തുന്നതും കാത്ത് കൊച്ചുവേളിയിൽ ഒളിച്ചിരുന്നു'; മയക്കുമരുന്നുമായി യുവാവ് പിടിയിൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam