
കവിയൂർ: പത്തനംതിട്ട കവിയൂരിൽ വിദേശ മലയാളിയുടെ ക്വട്ടേഷൻ ഏറ്റെടുത്ത് യുവാവിനെ കൊല്ലാൻ ശ്രമിച്ച നാലംഗ ഗുണ്ടാസംഘം അറസ്റ്റിൽ. ഈ മാസം പന്ത്രണ്ടന് കവിയൂർ പഴംപള്ളി ജംഗ്ഷനിൽ വെച്ചാണ് ക്വട്ടേഷൻ സംഘം മനീഷ് വർഗീസ് എന്ന യുവാവിനെ അത്രക്രൂരമായി മർദ്ദിച്ചത്. മുളക് പൊടി എറിഞ്ഞ് മാരകായുധങ്ങളുമായാണ് ക്വട്ടേഷൻ സംഘം മനീഷ് വർഗിസിന് നേരെ ആക്രമണം നടത്തിയത്.
കേസിൽ മാവേലിക്കര പടനിലം സ്വദേശി അനിൽ കുമാർ, കാർത്തികപ്പള്ളി സ്വദേശി യദു കൃഷ്ണൻ, വിയപുരം സ്വദേശി സതീഷ് കുമാർ, അമ്പലപ്പുഴ കരുമാടി സ്വദേശി ഷമീർ ഇസ്മയിൽ എന്നിവരാണ് പിടിയിലായത്. സംസ്ഥാനത്തെ വൻ ക്വട്ടേഷൻ സംഘമാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. ബൈക്കിൽ എത്തിയ മനീഷിന്റ മുഖത്ത് മുളകുപൊടി എറിഞ്ഞ ശേഷം ഇരുമ്പ് പൈപ്പ് ഉൾപ്പെടെ ആയുധങ്ങൾ ഉപയോഗിച്ചാണ് ഗുണ്ടാ സംഘം ആക്രമിച്ചത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ യുവാവ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ക്വട്ടേഷൻ നൽകിയ കവിയൂർ സ്വദേശിയായ വിദേശ മലയാളിയെ രണ്ട് വർഷം മുൻപ് മുമ്പ് മനീഷും സംഘവും ആക്രമിച്ചിരുന്നു. ഇതിന്‍റെ വൈരാഗ്യത്തിലാണ് കൊല്ലാൻ ഗുണ്ടകളെ അയച്ചതെന്ന് പൊലീസ് പറഞ്ഞു. കേസിൽ ക്വട്ടേഷൻ നൽകിയ വിദേശ മലയാളിയും അത് ഏറ്റെടുത്ത ഗുണ്ടാതലവനും ഇനി പിടിയിലാകാനുണ്ട്. പ്രതികളുടെ കാർ അടക്കം തിരുവല്ല പൊലീസ് കസ്റ്റിഡിലെടുത്തു. വിദേശ മലയാളിക്കെതിരെ അന്വേഷണം നടത്തുകയാണെന്നും ഇയാളെ കേരളത്തിലെത്തിച്ച് അറസ്റ്റ് ചെയ്യുമെന്നും തിരുവല്ല ഡിവൈഎസ്പി എസ്. അഷാദ് അറിയിച്ചു.
Read More : ഷവർമ്മ കഴിച്ച് അവശനായി, ഭക്ഷ്യ വിഷബാധയെന്ന് സംശയം: യുവാവിന്‍റെ നില ഗുരുതരം, രക്ത സാംപിൾ ഫലം ഉടൻ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam