
ദില്ലി: മേഘാലയയിൽ ഹണിമൂണിനിടെ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഭാര്യയുടെ ആൺ സുഹൃത്തിന്റെ ഫോട്ടോ പുറത്ത്. കേസില്‍ അറസ്റ്റിലായ ഭാര്യ സോനത്തിന് രാജ് കുശ്വാഹയുമായി ബന്ധമുണ്ടായിരുന്നുവെന്നും പൊലീസ് അറിയിച്ചു. യുവതിയും രാജ് കുശ്വാഹയും കൂടിയാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്നും സമ്മർദ്ദം കാരണം ഇരുവരും ഇന്നലെ കീഴടങ്ങുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇരുവരും നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്.
യുവാവിനൊപ്പം ജീവിക്കാൻ ഭർത്താവിനെ ഒഴിവാക്കാനാണ് വാടക കൊലയാളികളെ ഏൽപ്പിച്ചതെന്നും പൊലീസ് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ് സോനത്തിന്റെ ജോലിക്കാരനായിരുന്നുവെന്നും ഫോണിൽ അവർ ധാരാളം സംസാരിക്കുമായിരുന്നുവെന്നും രാജ രഘുവംശിയുടെ സഹോദരൻ വിപുല്‍ രഘുവംശി പ്രതികരിച്ചു. രാജ് കുശ്വാഹയെ ഞാൻൊരിക്കലും നേരിട്ട് കണ്ടിട്ടില്ല. പേര് ഒരുപാട് കേട്ടിട്ടുണ്ടെന്നും അദ്ദേഹം എഎൻഐയോട് പറഞ്ഞു.
ഗുവാഹത്തിയിലെ കാമാഖ്യ ക്ഷേത്രം സന്ദർശിക്കാനായിരുന്നു ആദ്യം ദമ്പതികൾ പദ്ധതിയിട്ടത്. പെട്ടെന്ന് വഴി മാറ്റി മേഘാലയയിലേക്ക് എത്തിച്ചേർന്നതിൽ ദുരൂഹതയുണ്ട്. രണ്ടുപേരിൽ ആരാണ് മേഘാലയ സന്ദർശനം ആസൂത്രണം ചെയ്തതെന്ന് ഞങ്ങൾക്ക് അറിയില്ല. റിട്ടേൺ ടിക്കറ്റുകളൊന്നും അവർ ബുക്ക് ചെയ്തിട്ടുണ്ടായിരുന്നില്ലെന്നും വിപുല്‍ പറഞ്ഞു.
ജൂൺ 2 ന് രാജാ രഘുവംശിയുടെ മൃതദേഹം വടിവാൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ജൂൺ 8 വരെ സോനത്തെ കണ്ടെത്താനായിരുന്നില്ല. ഇതെത്തുടർന്നുള്ള അന്വേഷണത്തിനൊടുവിലാണ് ഇന്നലെ രാത്രിയോടെ സോനം പുറത്തു വന്നത്.
ഇന്നലെ രാത്രി സോനം ഗാസിപൂരിലെത്തി സഹോദരനുമായി ബന്ധപ്പെടുകയായിരുന്നു. ഇതിനു ശേഷം സോനത്തെ പിടികൂടുകയായരുന്നുവെന്നാണ് യുപി പൊലീസ് അറിയിച്ചത്. നന്ദ്ഗഞ്ചിലെ ഒരു ധാബയിൽ പനി ബാധിച്ച് അസ്വസ്ഥയായ അവസ്ഥയിലാണ് സോനത്തെ കണ്ടു പിടിച്ചതെന്നും ഉത്തർപ്രദേശ് പൊലീസ് കൂട്ടിച്ചേർത്തു. എന്നാൽ ഇവർ സ്വമേധയാ കീഴടങ്ങിയെന്നാണ് മേഘാലയ പൊലീസ് പ്രതികരിച്ചത്. പൊലീസിന്റെ ഈ രണ്ടു പ്രസ്താവനകളും യോജിക്കാത്തതും വലിയ ചർച്ചയാകുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam