രാജാപ്പാറ നിശാപാർട്ടിയും ബെല്ലിഡാന്‍സും: കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി നേതാവിന്‍റെ അറസ്റ്റ്

By Web TeamFirst Published Jul 8, 2020, 11:00 PM IST
Highlights

സേനാപതി സർവീസ് സഹകരണബാങ്ക് പ്രസിഡന്‍റും,കോണ്ഗ്രസ് മുൻ മണ്ഡലം പ്രസിഡന്റുമായ ജെയിംസ് തെങ്ങുംകുടിയുൾപ്പടെ 5 പേരാണ് അറസ്റ്റിലായത്. 

ഇടുക്കി:  രാജാപ്പാറ നിശാപാർട്ടിക്കേസിൽ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് ഉൾപ്പടെ അഞ്ച് പേർ കൂടി അറസ്റ്റിൽ. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച ജംഗിൾ പാലസ് റിസോർട്ട് അടച്ചുപൂട്ടൂം.ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച തണ്ണിക്കോട്ട് മെറ്റൽസിന് റവന്യൂവകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകി.

സേനാപതി സർവീസ് സഹകരണബാങ്ക് പ്രസിഡന്‍റും,കോണ്ഗ്രസ് മുൻ മണ്ഡലം പ്രസിഡന്റുമായ ജെയിംസ് തെങ്ങുംകുടിയുൾപ്പടെ 5 പേരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലാവുന്നവരുടെ എണ്ണം 33 ആയി. പൊലീസിന്‍റെ കണക്കിൽ ഇനി 14 പേർകൂടി പിടിയിലാവാനുണ്ട്. ക്വാറി ഉദ്ഘാടനം ചെയ്തതിന്‍റെ പേരിൽ മന്ത്രി എംഎം മണിയേയും,സിപിഎമ്മിനേയും പ്രതികൂട്ടിൽ നിർത്തുന്ന കോണ്‍ഗ്രസ് പ്രദേശിക നേതാവിന്‍റെ അറസ്റ്റോടെ വെട്ടിലായി.

കെപിസിസി നിർദ്ദേശപ്രകാരം മന്ത്രിയുടെ രാജിയടക്കം ആവശ്യപ്പെട്ട് വലിയ സമരപരിപാടികളിലേക്ക് കടക്കാനിരിക്കുകയായിരുന്നു കോണ്ഗ്രസ്.കുറ്റക്കാർ ആരായാലും നടപടിയെടുക്കണമെന്നും, ജെയിംസിനെതിരായ നടപടി പാർട്ടി ആലോചിച്ച് തീരുമാനിക്കുമെന്നാണ് ഡിസിസി പ്രസിഡന്‍റിന്‍റെ വിശദീകരണം. 

അതേസമയം നിശാപാർട്ടി നടന്ന ജംഗിൾ പാലസ് റിസോർട്ട് അടച്ചുപൂട്ടും. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അട്ടിമറിച്ചുവെന്ന് കാണിച്ച് ശാന്തൻപാറ പഞ്ചായത്ത് സെക്രട്ടറി റിസോർട്ടിന് സ്റ്റോപ്പ് മെമ്മോ നൽകി. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചതിന്റെ പേരിൽ തണ്ണിക്കോട്ട് മെറ്റൽസ് റവന്യൂവകുപ്പ് അടച്ചുപൂട്ടി സീൽവച്ചു.തെറ്റായ പത്രപരസ്യം കൊടുത്തതിന് ഉടമ റോയി കുര്യനെതിരെ നടപടിയുമുണ്ടാകും. 

കഴിഞ്ഞ 28നാണ് തണ്ണിക്കോട്ട് മെറ്റൽസിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് സ്വകാര്യ റിസോർട്ടിൽ നിശാപാർട്ടിയും ബെല്ലി ഡാൻസും നടന്നത്. കൊവിഡ് മാർഗനിർദ്ദേശങ്ങളെല്ലാം കാറ്റിപറത്തി പാർട്ടിയിൽ നൂറിലധികം പേർ പങ്കെടുത്തെന്നും മദ്യസൽക്കാരം നടന്നെന്നുമാണ് ആരോപണം.

click me!