റംസിയുടെ ആത്മഹത്യ: സീരിയല്‍ താരത്തെ ചോദ്യം ചെയ്തില്ല, ഹാജരായ ലക്ഷ്മി മടങ്ങിപ്പോയി

By Web TeamFirst Published Oct 15, 2020, 12:02 AM IST
Highlights

ലക്ഷ്മിക്ക് ജാമ്യം അനുവദിച്ച സെഷന്‍സ് കോടതി ഉത്തരവിനെതിരായ അപ്പീലില്‍ ഹൈക്കോടതി നിലപാട് അറിഞ്ഞ ശേഷം ചോദ്യം ചെയ്താല്‍ മതിയെന്ന നിലപാടിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. 

കൊല്ലം: കൊല്ലം കൊട്ടിയത്തെ റംസി ആത്മഹത്യ കേസില്‍ പ്രതിയായ സീരിയല്‍ താരത്തിന്‍റെ ചോദ്യം ചെയ്യല്‍ നീളുന്നു. കോടതി നിര്‍ദേശ പ്രകാരം ഇന്നലെ ലക്ഷ്മി ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിയെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ ഇല്ലാതിരുന്നതിനാല്‍ മടങ്ങിപ്പോകേണ്ടി വന്നു.

ലക്ഷ്മിക്ക് ജാമ്യം അനുവദിച്ച സെഷന്‍സ് കോടതി ഉത്തരവിനെതിരായ അപ്പീലില്‍ ഹൈക്കോടതി നിലപാട് അറിഞ്ഞ ശേഷം ചോദ്യം ചെയ്താല്‍ മതിയെന്ന നിലപാടിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. മുന്‍കൂര്‍ ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവിലാണ് കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ലക്ഷ്മിയോട് അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകണമെന്ന് നിര്‍ദേശം നല്‍കിയത്.

ഈ മാസം പന്ത്രണ്ടിനും പതിനഞ്ചിനും ഇടയില്‍ ഒരു ദിവസം രാവിലെ ഒമ്പത് മുതല്‍ 12 മണിവരെയുളള സമയത്ത് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ എത്താനായിരുന്നു നിര്‍ദേശം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് രാവിലെ ലക്ഷ്മി കേസിലെ മറ്റൊരു പ്രതിയായ ഭര്‍ത്താവ് അസറുദ്ദീനൊപ്പം കാറില്‍ ക്രൈംബ്രാഞ്ച് ഓഫിസില്‍ എത്തിയത്.

എന്നാല്‍, അന്വേഷണ ഉദ്യോഗസ്ഥര്‍ ഈ സമയം ഓഫിസിലുണ്ടായിരുന്നില്ല. ഇക്കാര്യം അറിയിച്ചതോടെ ലക്ഷ്മിയും അസറുദ്ദീനും മടങ്ങിപ്പോയി. ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ കോടതി നിര്‍ദേശിച്ച സമയപരിധി ഇന്ന് അവസാനിക്കും. എന്നാല്‍, ലക്ഷ്മിയെ ഇന്ന് ചോദ്യം ചെയ്യണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം ക്രൈംബ്രാഞ്ച് എടുത്തിട്ടില്ല. ലക്ഷ്മിക്ക് ജാമ്യം അനുവദിച്ചുളള സെഷന്‍സ് കോടതി ഉത്തരവിനെതിരെ നല്‍കുന്ന അപ്പീലില്‍ ഹൈക്കോടതി തീരുമാനം കൂടി അറിഞ്ഞ ശേഷം മതി തുടര്‍ നീക്കങ്ങളെന്ന നിയമോപദേശമാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്നത്.

പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറിയതിനെ തുടര്‍ന്നാണ് കൊട്ടിയം സ്വദേശിനി റംസി ആത്മഹത്യ ചെയ്തത്. വരന്‍റെ സഹോദരഭാര്യയായ ലക്ഷ്മിയുടെ നടപടികളും റംസിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചിരുന്നെന്നാണ് കുടുംബത്തിന്‍റെ ആരോപണം.

click me!