
കോഴിക്കോട്: കരാരുകാരനിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ. ഒലവക്കോട് റേഞ്ച് ഓഫീസർ അഖിൽ ആണ് 50000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായത്. ഇയാൾക്കെതിരെ വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്തതായി വിജിലൻസ് അറിയിച്ചു.
കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ കരാറുകാരനിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ അഖിൽ പിടിയിലാകുന്നത്. പരാതി കിട്ടിയതിനെ തുടർന്ന് വിജിലൻസ് നടത്തിയ നീക്കത്തിനൊടുവിലാണ് അഖിൽ കുടുങ്ങുന്നത്. സംഭവത്തെക്കുറിച്ച് വിജിലൻസ് പറയുന്നതിങ്ങിനെ:
ഒലവക്കോട് പ്രദേശത്ത് ജണ്ട കെട്ടിയതുമായി ബന്ധപ്പെട്ട് 28 ലക്ഷം രൂപയാണ് സര്‍ക്കാര്‍ നൽകാനുണ്ടായിരുന്നത്. ബില്ല് ഉടനെ പാസാകുന്നതിന്റ ഭാഗമായി രണ്ട് ലക്ഷം രൂപയാണ് റേഞ്ച് ഓഫീസർ കൈക്കൂലിയായി ആവശ്യപ്പെട്ടത്. നിരന്തര ചർച്ചയിലൂടെ അത് ഒന്നരലക്ഷമാക്കി ഉറപ്പിച്ചു. ഇതിന്റെ ആദ്യഗഡുവായി അൻപതിനായിരം രൂപ പാലക്കാട്ടെ ഒരു ലോട്ടറികടയിൽ ഏൽപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു.
ഇതേത്തുടർന്ന് കരാറുകാരൻ വിജിലൻസിന് പരാതി നൽകി. ഫോൺകോൾ വിശദാംശങ്ങൾ സഹിതമായിരുന്നു പരാതി. വിജിലൻസ് നിർദ്ദേശപ്രകാരം വനംവകുപ്പ് ഓഫീസിലെത്തി പണം കൈമാറുന്നതിനിടെയാണ് പിടിവീഴുന്നത്. അഖിലിനെ ക്വാട്ടേഴ്സിലുൾപ്പെടെ എത്തിച്ച് തെളിവെടുപ്പ് നടത്തി.
അഖിലിനെ വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ട്. നേരത്തെയും സമാന പരാതികൾ അഖിലിനെതിരെ വിജിലൻസിന് കിട്ടിയിട്ടുണ്ട്. അറസ്റ്റിന് തൊട്ടുമുമ്പും വേറെ കരാറുകാരൻ ഇദ്ദേഹത്തിനെതിരെ പരാതി നൽകിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam