
ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയ കേസിൽ പ്രോസിക്യൂഷൻ ഭാഗത്തിന്‍റെ വിചാരണ പൂർത്തിയായി. പ്രതിഭാഗത്തിൻ്റെ വാദം ഈ മാസം 30 ന് തുടങ്ങിയേക്കും. കട്ടപ്പന അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി മഞ്ജു വി ആണ് കേസ് പരിഗണിക്കുന്നത്.
2021 ജൂൺ മുപ്പതിനാണ് വണ്ടിപ്പെരിയാർ ചുരക്കുളം എസ്‌റ്റേറ്റ് ലയത്തിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയത്. കേസിൽ സമീപവാസിയായ അർജുനാണ് പ്രതി. കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് കേസിന്‍റെ വിചാരണ കട്ടപ്പന അതിവേഗ കോടതിയിൽ തുടങ്ങിയത്. കേസിൽ സാക്ഷികളാക്കിയിരുന്ന 48 പേരെ വിസ്തരിച്ചു. 69 ലധികം രേഖകളും 16 വസ്തുക്കളും തെളിവായി കോടതിയിൽ സമർപ്പിച്ചു. പ്രതിഭാഗം സാക്ഷികളിൽ മൂന്ന് പേരെയും വിസ്തരിച്ചു. പ്രതിഭാഗം വാദം പൂർത്തിയായാൽ അതിനുള്ള മറുപടി പ്രോസിക്യൂഷൻ പറയും.
അനാവശ്യ പരാതികൾ നൽകി വിചാരണ പരമാവധി നീട്ടിക്കൊണ്ട് പോകാനുള്ള ശ്രമങ്ങളാണ് പ്രതിഭാഗം കോടതിയിൽ നടത്തിയത്. പ്രതിക്കെതിരെ പട്ടികജാതി പട്ടിക വർഗ്ഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്തണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ അച്ഛൻ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ രണ്ടുപേരും എസ് സി വിഭാഗത്തിലുള്ളവരാണെന്ന് കണ്ടെത്തിയ കോടതി ഇതനുവദിച്ചില്ല. വിചാരണയുടെ അവസാനഘട്ടത്തിലെത്തിയപ്പോൾ ജഡ്ജി സ്ഥലം മാറിപ്പോയത് മാതാപിതാക്കളെ ആശങ്കയിലാക്കിയിട്ടുണ്ട്.
കഴുത്തിൽ ഷാൾ കുരങ്ങിയാണ് പെൺകുട്ടി മരിച്ചതെന്ന് വരുത്തിത്തീർക്കാൻ പരമാവധി ശ്രമം പ്രതിഭാഗം അഭിഭാഷകൻ നടത്തിയിട്ടുണ്ട്. എന്നാൽ ഇതുവരെ എല്ലാം അനുകൂലമാണെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സുനിൽ മഹേശ്വരൻ പിള്ള പറഞ്ഞു. ഇരുവിഭാഗത്തിന്‍റെയും വാദം പൂർത്തിയാക്കി അടുത്ത മാസം അവസാനത്തോടെ വിധി പറഞ്ഞേക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam