
കൊച്ചി: എറണാകുളം പുത്തൻവേലിക്കരയിൽ വീട്ടമ്മയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ. അറുപത്തിയൊന്നുകാരിയായ മോളിയെ കൊലപ്പെടുത്തിയ കേസിലാണ് അസം സ്വദേശിയായ പരിമൾ സാഹുവിനെ പറവൂർ അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. 2018 മാർച്ച് 19 നായിരുന്നു ക്രൂരമായ ബലാംത്സഗത്തിനൊടുവിൽ വീട്ടമ്മയെ പ്രതി കൊലപ്പെടുത്തിയത്.
കൊലപാതകം, വീട്ടിലേക്ക് അതിക്രമിച്ച് കടക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കേസുകളിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. 1,20,000 രൂപ പിഴയും വിധിച്ചു. പുത്തൻവേലിക്കരയിൽ മോളിയുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു പ്രതിയായ മുന്ന എന്ന് വിളിക്കുന്ന പെരുമൾ സാഹു.സംഭവ ദിവസം മദ്യപിച്ചെത്തിയ പ്രതി കല്ലുപയോഗിച്ച് മോളിയുടെ തലയിൽ ഇടിച്ചു വീഴ്ത്തി.
കിടപ്പുമുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയ മോളിയെ പ്രതി അതിക്രൂരമായി ബലാത്സംഗം ചെയ്യുകയും ശേഷം കഴുത്തിൽ കുരുക്കിട്ട് ശ്വാസം മുട്ടിച്ച് കൊല്ലുകയുമായിരുന്നു. കൊലപാതകം നടക്കുമ്പോള്‍ മോളിയുടെ ഭിന്നശേഷിക്കാരനായ മകൻ ഡെന്നി ഒപ്പം ഉണ്ടായിരുന്നു. ഡെന്നിയുടെ കൺമുന്നിൽവച്ചായിരുന്നു പ്രതി മോളിയുടെ തലക്കടിച്ചതും മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടു പോയതും.
കൃത്യത്തിനു ശേഷം കുറ്റം ഡെന്നിയുടെ തലയിൽ കെട്ടി വെക്കാനുള്ള ശ്രമവും പ്രതി നടത്തി. ഡെന്നി ധരിച്ച ടീഷർട്ടിൽ മരിച്ച മോളിയുടെ രക്തവും പുരട്ടി. അതുകൊണ്ടു തന്നെ പൊലീസ് ആദ്യം സംശയിച്ചത് ഡെന്നിയെയായിരുന്നു. അധികം സംസാരിക്കാന്‍ അറിയാത്ത ഡെന്നി മുന്നക്ക് എല്ലാമറിയാം എന്ന് ആവര്‍ത്തിച്ച് പറഞ്ഞതാണ് പ്രതിയിലേക്ക് പൊലീസ് അന്വേഷണം എത്തിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam