
തിരുവനന്തപുരം: പെൺകുട്ടിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായ മുൻ ഇമാം ഷെഫീക്ക് ഖാസിമിയെയും ഡ്രൈവർ ഫാസിലിനെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. നെടുമങ്ങാട് ഒന്നാം മജിസ്ട്രേറ്റു കോടതിയാണ് റിമാൻഡ് ചെയ്തത്. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ മുൻ ഇമാം ഷെഫീക് ഖാസ്മി കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കിയിരുന്നു. വീട്ടില്‍ വിടാമെന്ന് പറഞ്ഞാണ് പഠിക്കുന്ന സ്ഥാപനത്തിൽ നിന്നും പെണ്‍കുട്ടിയെ ഇന്നോവ കാറിൽ കയറ്റിയതെന്ന് ഷെഫീക്ക് ഖാസ്മി മൊഴി നൽകി.
പേപ്പാറയിലുള്ള വനത്തിനോട് ചേർന്നുള്ള പ്രദേശത്തുകൊണ്ടുപോയി. ഇവിടെ വച്ച് വാഹനത്തിനുള്ളിൽ കുട്ടിയെ കണ്ട സ്ത്രീകള്‍ പ്രശ്നമുണ്ടാക്കിയപ്പോള്‍ രക്ഷപ്പെട്ടുവെന്നും പ്രതി മൊഴി നൽകി. പൊലീസ് നേരത്തെ അറസ്റ്റു ചെയ്ത ഇമാമിൻറെ സഹോദരൻ നൗഷാദാണ് ഒളിവിൽ പോകാനുള്ള സഹായം നൽകിയത്. ഷെഫീക്ക് ഖാസ്മി സ്വന്തം അക്കൗണ്ട് വഴി പണം ഇടപാടുപോലും നടത്തിയിരുന്നില്ല. നൗഷാദിൻറെ സുഹൃത്തുക്കളുടെ അക്കൗണ്ടുകള്‍ വഴിയാണ് പണം കൈമാറിയത്. നാഷദിൻറെ അറസ്റ്റിനുശേഷം ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിൽ ഒരു ലോഡ്ജിൽ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് ഇമാമിനെ കുരുക്കാൻ പൊലീസിനെ സഹായിച്ചത്. ഇന്നലെയാണ് മധുരയിൽ നിന്നും ഇമാമിനൊപ്പം പിടികൂടിയ സഹായി ഫാസിലിനെയും പൊലീസ് കേസില്‍ പ്രതിചേർത്തു. അഞ്ചുപ്രതികള്‍ ഇതുവരെ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു.
മൊബൈൽ ഫോണോ, സ്വന്തം ബാങ്ക് അക്കൗണ്ടുകളോ ഉപയോഗിക്കാതെ വിഗ്ദമായാണ് ഇമാം ഒളിവിൽ താമസിച്ചിരുന്നതെന്ന് റൂറൽ എസ്പി ബി അശോകൻ പറഞ്ഞു. പെണ്‍കുട്ടിയുടെ പേര് സാമൂഹിക മധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതിന് മറ്റൊരു കേസുകൂടി എടുത്തിട്ടുണ്ട്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഡി അശോകൻറെ നേതൃത്വത്തിലുള്ള റൂറൽ ഷാഡോ പൊലീസാണ് പ്രതികളെ പിടികൂടിയത്. അതേ സമയം ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ സംരക്ഷണയിലുള്ള പെണ്‍കുട്ടിയെ അമ്മക്കൊപ്പം വിട്ടുനൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. കുട്ടിയുടെ അമ്മ നൽകിയ ഹർജിലാണ് ഉത്തരവ്. അമ്മയുടെ കൂടെ പോകാനാണ് താല്പര്യമെന്ന് കഴിഞ്ഞ ദിവസം കുട്ടി കോടതിയെ അറിയിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam