
ദില്ലി: തന്നെ ബലാത്സംഗം ചെയ്ത യുവാവിന്റെ അമ്മയെ പതിനാറുകാരി വെടിവച്ചു. വടക്കുകിഴക്കൻ ദില്ലിയിലെ ഭജൻപുരയിലാണ് സംഭവം. നാടൻ തോക്കുപയോഗിച്ചാണ് പെൺകുട്ടി നിറയൊഴിച്ചത്. പെൺകുട്ടിയെ പിടികൂടി. വെടിയേറ്റ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അപകടനില തരണം ചെയ്തതായും പൊലീസ് അറിയിച്ചു.
വെടിയേറ്റ സ്ത്രീയുടെ മകൻ 2021ലാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. 25 വയസ്സുള്ള ഇയാൾ ഇപ്പോൾ ശിക്ഷിക്കപ്പെട്ട് ജയിലിലാണുള്ളത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ ഭജൻപുരയിലെ ഘോണ്ട മേഖലയിൽ വെടിവെപ്പുണ്ടായതായി പൊലീസ് കൺട്രോൾ റൂമിൽ വിവരം ലഭിക്കുകയായിരുന്നു. പൊലീസ് സംഘം സ്ഥലത്തെത്തിയപ്പോൾ, പരിചയമുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് വെടിവച്ചതെന്നും, വെടിയേറ്റ സ്ത്രീയെ ജഗ് പ്രവേശന് ചന്ദ്ര ആശുപത്രിയിൽ എത്തിച്ചതായും നാട്ടുകാർ പറഞ്ഞു. വെടിയേറ്റ സ്ത്രീ തന്റെ വീടിന്റെ താഴത്തെ നിലയിൽ പലചരക്ക് കട നടത്തുകയാണ്. ഈ കടയിലെത്തിയാണ് പെൺകുട്ടി ഇവരെ വെടിവച്ചത്. തുടർന്ന് പെൺകുട്ടി ഓടിപ്പോയി. വെടിയേറ്റ സ്ത്രീയും പ്രദേശവാസികളും പ്രതിയായ പെൺകുട്ടിയെ തിരിച്ചറിഞ്ഞിരുന്നു. മണിക്കൂറുകൾക്കകം പെൺകുട്ടിയെ പിടികൂടിയതായും അവൾ ഉപയോഗിച്ച നാടൻ തോക്ക് കണ്ടെടുത്തതായും ഒരു അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
2021ൽ ഈ സ്ത്രീയുടെ മകൻ തന്നെ ബലാത്സംഗം ചെയ്തുവെന്ന് ഇതേ പെൺകുട്ടി ആരോപിച്ചിരുന്നു, അതിനുശേഷം ബലാത്സംഗ കുറ്റത്തിനും കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് സംരക്ഷിക്കുന്ന നിയമത്തിലെ പ്രസക്തമായ വകുപ്പുകളും അനുസരിച്ച് കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് ഇയാൾ അറസ്റ്റിലായി. ഇപ്പോഴും ജയിലിൽ കഴിയുകയാണ്. ഒരു അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. മകൻ ജയിലിലായിരിക്കെ പെൺകുട്ടി എന്തിനാണ് സ്ത്രീയെ വെടിവെച്ചതെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്, പെൺകുട്ടിയെ വിശദമായി ചോദ്യം ചെയ്യുന്നതോടെ ഉദ്ദേശ്യം വ്യക്തമാകുമെന്നും പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam