ഓസ്ട്രേലിയൻ യുവതിയെ കൊലപ്പെടുത്താനുണ്ടായ കാരണം വെളിപ്പെടുത്തി ഇന്ത്യൻ നഴ്സ്

By Web TeamFirst Published Nov 26, 2022, 9:45 AM IST
Highlights

ഇരുവരും വഴിക്കിടുകയും കൊലപാതകത്തിലേക്ക് എത്തുകയും ചെയ്തെന്ന് ഇയാൾ പറഞ്ഞു. തുടർന്ന് മൃതദേഹം മണലിൽ കുഴിച്ചിട്ട് നായയെ മരത്തിൽ കെട്ടിയിട്ട് ഇയാൾ മുങ്ങി. സംഭവം പുറത്തറിയും മുമ്പ് ഇയാൾ ഓസ്ട്രേലിയയിൽ നിന്ന്  രക്ഷപ്പെട്ടു.

ദില്ലി: ഓസ്ട്രേലിയന്‍ യുവതിയെ കൊലപ്പെടുത്തിയ ഇന്ത്യൻ നഴ്സിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കൊലപാതകത്തിനുള്ള കാരണം വെളിപ്പെടുത്തി പൊലീസ്. ദില്ലി പൊലീസാണ് കഴിഞ്ഞ ദിവസം രാജ്‌വീന്ദർ സിങ് (38) എന്ന ഇന്ത്യൻ നഴ്സിനെ അറസ്റ്റ് ചെയ്തത്. ഇയാളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 5.23 കോടി രൂപ ഓസ്ട്രേലിയൻ സർക്കാർ വാ​ഗ്ദാനം ചെയ്തിരുന്നു. ക്വീന്‍സ് ലാന്‍ഡ് പൊലീസാണ് ഇനാം പ്രഖ്യാപിച്ചത്.  2018 ഒക്ടോബറിലാണ് ക്വീൻസ് ലാൻഡിന് സമീപത്തെ വാങ്കെറ്റി ബീച്ചിൽ വളർത്തുനായയുമായി നടക്കാനിറങ്ങിയ ടോയ കോർഡിങ്‌ലി (24) എന്ന യുവതിയ ഇയാൾ കൊലപ്പെടുത്തിയത്. കൊലക്ക് ശേഷം ഇയാൾ ഓസ്ട്രേലിയയിൽ നിന്ന് ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു.

ടോയയുടെ വളർത്തുനായ ബീച്ചിൽ വെച്ച് തന്നെ നോക്കി കുരച്ചതാണ് കൊലപാതകത്തിന് കാരണമായതെന്ന് ഇയാൾ വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. രാജ്‌വീന്ദർ സിങ് ഭാര്യയുമായി വഴക്കിട്ട ശേഷം വാങ്കെറ്റി ബീച്ചിലേക്ക് പോയി. കൈയിൽ കുറച്ച് പഴങ്ങളും അടുക്കളയിലെ കത്തിയും ഉണ്ടായിരുന്നു. ഈ സമയം, ഫാർമസി ജീവനക്കാരിയായ കോർഡിങ്‌ലി തന്റെ നായയെ കടൽത്തീരത്ത് നടത്തുകയായിരുന്നു. രാജ്‌വീന്ദറിനെ കണ്ടതോടെ യുവതിയുടെ നായ കുരക്കാൻ തുടങ്ങി. തുടർന്ന് ഇരുവരും വഴിക്കിടുകയും കൊലപാതകത്തിലേക്ക് എത്തുകയും ചെയ്തെന്ന് ഇയാൾ പറഞ്ഞു. തുടർന്ന് മൃതദേഹം മണലിൽ കുഴിച്ചിട്ട് നായയെ മരത്തിൽ കെട്ടിയിട്ട് ഇയാൾ മുങ്ങി. സംഭവം പുറത്തറിയും മുമ്പ് ഇയാൾ ഓസ്ട്രേലിയയിൽ നിന്ന്  രക്ഷപ്പെട്ടു.

24കാരിയെ കൊലപ്പെടുത്തി മുങ്ങി; ഓസ്ട്രേലിയൻ പൊലീസ് അഞ്ച് കോടി വിലയിട്ട ഇന്ത്യൻ നഴ്സ് അറസ്റ്റിൽ

രാജ്‌വീന്ദറിനെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചതിനെത്തുടർന്ന് നവംബർ 21 ന് പട്യാല ഹൗസ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. സിബിഐയും ഓസ്‌ട്രേലിയൻ അന്വേഷണ സംഘവും നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ ദില്ലി പൊലീസിന്റെ സ്‌പെഷ്യൽ സെൽ ജിടി കർണാൽ റോഡിന് സമീപത്തുനിന്ന് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

click me!