ഓര്‍ഡര്‍ കിട്ടാന്‍ വൈകി; ഹോട്ടലുടമസ്ഥനെ വെടിവച്ച് കൊന്നു

By Web TeamFirst Published Sep 1, 2021, 5:00 PM IST
Highlights

ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പ് വഴി ഓര്‍ഡര് ചെയ്ത ഭക്ഷണം വൈകിയെന്നാരോപിച്ച് ഡെലിവറി ബോയും ഹോട്ടല്‍ ജീവനക്കാരും തമ്മില്‍ ആദ്യം വാക്കറ്റമുണ്ടാവുകയായിരുന്നു

ഗ്രേറ്റര്‍ നോയിഡ: ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കിട്ടാന്‍ വൈകിയതിന്റെ പേരിലുണ്ടായ തര്‍ക്കത്തിനിടെ ഹോട്ടല്‍ ഉടമസ്ഥന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. ദില്ലി ഗ്രേറ്റര്‍ നോയിഡയില്‍ 'മിത്ര' എന്ന റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സിനകത്ത് ഹോട്ടല്‍ നടത്തുകയായിരുന്ന സുനില്‍ അഗര്‍വാള്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. 

ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പ് വഴി ഓര്‍ഡര് ചെയ്ത ഭക്ഷണം വൈകിയെന്നാരോപിച്ച് ഡെലിവറി ബോയും ഹോട്ടല്‍ ജീവനക്കാരും തമ്മില്‍ ആദ്യം വാക്കറ്റമുണ്ടാവുകയായിരുന്നു. 

ഇതിനിടയിലേക്ക് കയറിവന്ന ഹോട്ടലുടമസ്ഥന്‍ ഇരുകൂട്ടരും തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഇടപെടാന്‍ ശ്രമം നടത്തി. എന്നാല്‍ വാക്കുതര്‍ക്കം കയ്യേറ്റമായതോടെ ഡെലിവറി ബോയ് ആണ് സുനിലിനെതിരെ വെടിയുതിര്‍ത്തത് എന്നാണ് സംശയം. മറ്റ് രണ്ട് പേര്‍ കൂടി തര്‍ക്കത്തിനിടയില്‍ ഇടപെട്ടിരുന്നുവെന്നാണ് പൊലീസ് അറിയിക്കുന്നത്. 

അതിനാല്‍ തന്നെ ആരാണ് വെടിയുതിര്‍ത്തത് എന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നുണ്ട്. പ്രതികളെ ആരെയും ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. തലയ്ക്ക വെടിയേറ്റ സുനിലിനെ വൈകാതെ തന്നെ ഹോട്ടല്‍ ജീവനക്കാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷപ്പെടുത്താനായില്ല. 

സമീപത്തുള്ള സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൂന്ന് ടീമുകളായി തിരിഞ്ഞാണ് പ്രതികള്‍ക്കായുള്ള തെരച്ചില്‍ നടത്തുന്നത്.

Also Read:- അരുവിക്കരയില്‍ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം പൊലീസിന് മുന്നില്‍ കീഴടങ്ങി

click me!