കുരുക്കുമായി ഋഷിരാജ് സിംഗും യതീഷ് ചന്ദ്രയും; പിടിച്ചത് മൊബൈൽ ഫോണും കഞ്ചാവും ആയുധങ്ങളും

By Web TeamFirst Published Jun 22, 2019, 10:50 AM IST
Highlights

പുലർച്ചെ നാല് മണിക്കാണ് ജയിൽ വകുപ്പ് കേരളത്തിലെ രണ്ട് പ്രധാന സെൻട്രൽ ജയിലുകളിലും പരിശോധന നടത്തിയത്. കഞ്ചാവടക്കമുള്ള വസ്തുക്കൾ ഇവിടെ തടവുകാരിൽ നിന്ന് പിടിച്ചത് ഗുരുതരമായ സുരക്ഷാ വീഴ്ച വ്യക്തമാക്കുന്നു

തൃശ്ശൂർ/കണ്ണൂർ: സംസ്ഥാനത്തെ പ്രധാനപ്പെട്ട രണ്ട് സെൻട്രൽ ജയിലുകളായ കണ്ണൂർ, വിയ്യൂർ ജയിലുകളിൽ ജയിൽ വകുപ്പ് മേധാവി ഋഷിരാജ് സിംഗിന്‍റെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് കഞ്ചാവും ആയുധങ്ങളുമടക്കമുള്ള വസ്തുക്കൾ. 

കണ്ണൂരിൽ ജയിൽ ഡിജിപി ഋഷിരാജ് സിംഗും വിയ്യൂരിൽ യതീഷ് ചന്ദ്രയുമാണ് റെയ്‍ഡ് നടത്തിയത്. പുലർച്ചെ നാല് മണിയോടെയായിരുന്നു മിന്നൽ പരിശോധന. ഇരു ജയിലുകളിലും വ്യാപകമായ ചട്ടലംഘനം നടത്തുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടർന്നായിരുന്നു ആരും പ്രതീക്ഷിക്കാത്ത സമയത്തുള്ള റെയ്‍ഡ്. 

കൃത്യമായ സന്നാഹങ്ങളോടെയാണ് ഉദ്യോഗസ്ഥർ റെയ്‍ഡിന് ജയിലുകളിലെത്തിയത്. കണ്ണൂരിൽ  റേഞ്ച് ഐജി അശോക് യാദവ്, എസ്‍പി പ്രതീഷ് കുമാർ എന്നിവരും ഋഷിരാജ് സിംഗിനൊപ്പമുണ്ടായിരുന്നു. ഒപ്പം പഴുതടച്ചുള്ള പരിശോധനയ്ക്കായി 150 പൊലീസുകാരുടെ സംഘവും. 

കണ്ണൂരിലെ റെയ്‍ഡിൽ നിന്ന് മൊബൈൽഫോൺ, കഞ്ചാവ്, പുകയില, പണം, സിം കാർഡ്, ഇരുമ്പുവടി, ചിരവ, ബാറ്ററികൾ, റേഡിയോ എന്നിവയാണ് കണ്ടെത്തിയത്. വിയ്യൂരിൽ നിന്ന് നാല് സ്മാർട്ട് ഫോണുകളാണ് പിടിച്ചത്. നാലിൽ രണ്ട് സ്മാർട്ട് ഫോണുകളും ഉപയോഗിച്ചിരുന്നത് ടി പി വധക്കേസ് പ്രതി ഷാഫിയാണെന്ന് കണ്ടെത്തി.

മുമ്പ് പല തവണ ഷാഫിയെ ജയിലിൽ ഫോണുപയോഗിച്ച് പിടിച്ചിട്ടുണ്ട്. അനാരോഗ്യം ചൂണ്ടിക്കാട്ടി 45 ദിവസത്തെ പരോളിലിറങ്ങിയ ഷാഫി കല്യാണവീട്ടിൽ ഡാൻസ് കളിച്ച് ആടിപ്പാടുന്ന വീഡ‍ിയോയും പുറത്തു വന്നിരുന്നു. 

ജയിൽപ്പുള്ളികളെ ചട്ടം പഠിപ്പിക്കാൻ ഇത്തരം നടപടികളും മിന്നൽ റെയ്‍ഡുകളും തുടരുമെന്നാണ് ജയിൽ വകുപ്പ് വൃത്തങ്ങൾ നൽകുന്ന സൂചന.

click me!