ഭാര്യയ്ക്കും മക്കൾക്കുമൊപ്പമെത്തി കോടികളുടെ വിസ തട്ടിപ്പ്; പാല സ്വദേശി അറസ്റ്റിൽ

By Web TeamFirst Published Jun 22, 2019, 12:17 AM IST
Highlights

അമേരിക്കയിലും കാനഡയിലും രാജ്യങ്ങളിലെ കമ്പനികളിൽ ലക്ഷങ്ങൾ ശമ്പളമുള്ള ജോലി തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം നല്‍കിയാണ് തട്ടിപ്പ്. ഭാര്യയ്ക്കും മക്കൾക്കുമൊപ്പമെത്തിയാണ് ഇയാള്‍ ഉദ്യോഗാർത്ഥികളെ വലയില്‍ വീഴ്ത്തിയിരുന്നത്

കോട്ടയം: വിദേശ കമ്പനികളിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ യുവാവ് അറസ്റ്റിൽ. കോട്ടയം മുണ്ടുപാലം സ്വദേശി റോയി ജോസഫാണ് അറസ്റ്റിലായത്. 32 പേരിൽ നിന്നായി 2 കോടിയിലധികം രൂപം ആണ് ഇയാള് തട്ടിയെടുത്തത്.

പെരുമ്പാവൂർ എളമ്പകപ്പിള്ളി സ്വദേശി അഖിൽ അജയകുമാർ നൽകിയ പരാതിയിലാണ് അറസ്റ്റ്. വിദേശ കമ്പനികളിൽ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് സംസ്ഥാനത്തുടനീളം യുവതീ യുവാക്കളിൽ നിന്നും, ഇവരുടെ രക്ഷിതാക്കളിൽ നിന്നുമായി കോടികളാണ് ഇയാള്‍ തട്ടിയെടുത്തത്. പരാതിക്കാരന്‍റെ സുഹൃത്തുക്കളടക്കം 32 പേരിൽ നിന്നായി ആറര ലക്ഷം വീതം വാങ്ങിയെന്ന് അന്വേഷണത്തിൽ വ്യക്തമായി. 

അമേരിക്ക, കാനഡ എന്നി രാജ്യങ്ങളിലെ വൻകിട കമ്പനികളിൽ ലക്ഷങ്ങൾ ശമ്പളമുള്ള ജോലി തരപ്പെടുത്തി നൽകാമെന്ന് പറ‌ഞ്ഞാണ് പണം കൈക്കലാക്കിയിരുന്നത്. ഡൽഹി ബദർപൂരിലുള്ള റോയ് ജോസഫിന്റെ ട്രാവൽ ഏജൻസിയുടെയും മറ്റൊരു ചാരിറ്റബിൾ സൊസൈറ്റിയുടേയും മറവിലായിരുന്നു തട്ടിപ്പ്. ഭാര്യയ്ക്കും മക്കൾക്കുമൊപ്പമെത്തിയാണ് ഉദ്യോഗാർത്ഥികളെ വലയിൽ വീഴ്ത്തിയിരുന്നത്. 

ഏറ്റുമാനൂരിലെ പ്രതിയുടെ വാടക വീട്ടിൽ നിന്നാണ് ഇയാളെ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കാസർകോട് അടക്കം 4 സ്ഥലങ്ങളിൽ പ്രതിക്കെതിരെ പരാതികൾ നിലനിൽക്കുന്നുണ്ട്. നേരത്തെ മോഷണമടക്കം 5 കേസുകളിൽ പ്രതി ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുമുണ്ട്. സംഭവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം. പെരുമ്പാവൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

click me!