
കാളികാവ്: നൂറ്റി എൺപതിലേറെ മോഷണക്കേസിലെ പ്രതി കാളികാവ് പൊലിസിന്റെ പിടിയിലായി. വഴിക്കടവ് പൂവ്വത്തിപ്പൊയിൽ സ്വദേശി വാക്കയിൽ അക്ബറി (52)നെയാണ് പൊലീസ് പിടികൂടിയത്. കാളികാവ് എസ്ഐ സി.കെ നൗഷാദും പാർട്ടിയും രാത്രി പെട്രോളിംഗ് നടത്തുന്നതിനിടെ കറുത്തേനിയിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്. കാളികാവ് പൊലീസ് ഇൻസ്പെക്ടർ പി ജ്യോതീന്ദ്രകുമാറിന്റെ നിർദ്ദേശപ്രകാരം എസ്ഐയിം സംഘവും രാത്രികാല പെട്രോളിംഗ് നടത്തുന്നതിടെ രാത്രി രണ്ട് മണിക്ക് കറുത്തേനി ബസ് സ്റ്റോപ്പിൽ വെച്ചാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
വെള്ളയൂർ ആക്കുംമ്പാറിലെ വാൽപ്പറമ്പൻ ആമിനയുടെ വീട്ടിൽ നിന്ന് കഴിഞ്ഞ ഫെബ്രവരി 29 ന് 17 പവനും എഴുപതിനായിരം രൂപയുമാണ് പ്രതി അവസാനമായി മോഷ്ടിച്ചത്. ഈ കേസിൽ അന്വേഷണം നടന്ന് വരികയായിരുന്നു. ബസ് സ്റ്റോപ്പിൽ രാത്രി സംശയാസ്പതമായി തോന്നിയ പൊലിസ് പ്രതിയെ സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു.
ഇതോടെയാണ് മുഴുവൻ മോഷണക്കേസ്സുകൾക്കും തുമ്പുണ്ടായത്. മാസങ്ങൾക്ക് മുമ്പ് വെള്ളയൂരിൽ തന്നെയുള്ള മറ്റൊരു വീട്ടിൽ നിന്ന് നാൽപ്പതിനായിരം രൂപയും പ്രതി മോഷ്ടിച്ചിട്ടുണ്ട്.
അന്വേഷണം നടക്കുന്ന ആറ് കേസ്സുകൾക്ക് ഇതോടെ തുമ്പായി. കരുവാരക്കുണ്ട് ,വഴിക്കടവ്, കാളികാവ്, എന്നിവിടങ്ങളിൽ മോഷണം, കവർച്ച തുടങ്ങി ഇയാൾക്കെതിരെ 180 കേസുകളുണ്ട്. ആക്കുംമ്പാറിലെ ആമിനയുടെ വീട്ടുകാർ ആശുപത്രിയിലായിരിക്കെയാണ് മോഷണം നടത്തിയത്. വാതിലിന്റെ പൂട്ട് കമ്പിപ്പാര ഉപയോഗിച്ച് പൊളിച്ചാണ് പ്രതി അകത്ത് കടന്നത്.
ആമിനയുടെയും മരുമകൾ, മകന്റെ കുട്ടി എന്നിവരുടെ ആഭരണങ്ങള്‍ മോഷ്ടിച്ചു.
വീട് പണിക്ക് തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെയാണ് ഈ നിര്‍ധന കുടുംബത്തിന്റെ വീട്ടിൽ മോഷണം നടന്നത്. പ്രതിയെ തെളിവെടുപ്പിനായി പ്രദേശത്ത് കൊണ്ട് വന്നിരുന്നു. എസ് ഐക്ക് പുറമെ സി പി ഒ മാരായ കൃഷ്ണകുമാർ ,രാരിഷ്, ആഷിഫലി, സന്ധ്യ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam