
കൊല്ലം: ഇരവിപുരം കൊച്ചു മണ്ടയ്ക്കാട് ദേവി ക്ഷേത്രത്തിൽ മോഷണം. പ്രതിഷ്ഠയിൽ ഉണ്ടായിരുന്ന സ്വർണ താലികളും പൊട്ടുകളും നഷ്ടപ്പെട്ടു. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു മോഷണം നടന്നത്. രാവിലെ ക്ഷേത്രപരിസരത്തുകൂടി നടന്നുപോയ വഴിയാത്രക്കാരൻ ശ്രീകോവിൽ തുറന്നു കിടക്കുന്നത് കണ്ട് ക്ഷേത്ര പൂജാരിയെ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണ താലികളും പൊട്ടുകളും നഷ്ടപ്പെട്ടതായി അറിയുന്നത്. ശ്രീകോവിലിന്റെ വാതിലുകൾ ഇരുമ്പു കമ്പി ഉപയോഗിച്ച് തകർത്താണ് മോഷ്ടാവ് ശ്രീകോവിലിനുളളിൽ കടന്നത്. വാതിലുകൾ കുത്തിത്തുറക്കാൻ ഉപയോഗിച്ച ഇരുമ്പുകമ്പി ശ്രീകോവിലിന് സമീപത്ത് ഉപേക്ഷിച്ചിട്ടുണ്ട്.
കൂടാതെ ക്ഷേത്രപരിസരത്തെ ഗുരുമന്ദിരത്തിലെ കാണിക്കവഞ്ചി കുത്തിത്തുറക്കുവാനും ശ്രമം നടത്തിയിട്ടുണ്ട്. ക്ഷേത്രഭരണസമിതി ഭാരവാഹികൾ ഇരവിപുരം പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ഇരവിപുരം പോലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി.
ഭരണസമിതി ഭാരവാഹികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇരവിപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമം പോലീസ് ആരംഭിച്ചിട്ടുണ്ട്. രണ്ടു മാസങ്ങൾക്ക് മുൻപ് ഇരവിപുരം ചെട്ടിനട ദേവിക്ഷേത്രത്തിലെയും കാണിക്കവഞ്ചി തകർത്ത് പണം അപഹരിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam