ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ 20 കിലോ കഞ്ചാവ് കണ്ടെടുത്തു

By Web TeamFirst Published Mar 22, 2019, 1:08 AM IST
Highlights

റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 20 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. പ്ലാറ്റ്ഫോമിലെ ഇരിപ്പിടത്തിനടിയില്‍ രണ്ട് ബാഗുകളിലായി ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു കഞ്ചാവ്. ആരെയും പിടികൂടാനായില്ല.

ആലപ്പുഴ: റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 20 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. പ്ലാറ്റ്ഫോമിലെ ഇരിപ്പിടത്തിനടിയില്‍ രണ്ട് ബാഗുകളിലായി ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു കഞ്ചാവ്. ആരെയും പിടികൂടാനായില്ല.

പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ് ഫോമില്‍ രണ്ട് വലിയ ബാഗുകള്‍ ആര്‍പിഎഫിന്‍റെയും റെയില്‍വേ പൊലീസിന്‍റെയും ശ്രദ്ധയില്‍പ്പെട്ടത്. പരിശോധിച്ച് നോക്കിയപ്പോള്‍ കഞ്ചാവാണെന്ന് മനസിലായി. ബാഗുകളുടെ അടുത്തൊന്നും സംശയാസ്പദമായ സാഹചര്യത്തില്‍ ആരെയും കണ്ടെത്താനുമായില്ല. 

ആന്ധ്രപ്രദേശ് വഴി കടന്നുവരുന്ന ധന്‍ബാദ് എക്സ്പ്രസ്സിലാണ് കഞ്ചാവ് ആലപ്പുഴയില്‍ എത്തിച്ചതെന്നാണ് സംശയിക്കുന്നത്. ആന്ധ്രയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന പത്രങ്ങളില്‍ പൊതിഞ്ഞാണ് ബാഗുകളില്‍ കഞ്ചാവുള്ളത്. ഏറെ വൈകിയെത്തിയ തീവണ്ടിയില്‍ നിന്ന് പ്ലാറ്റ് ഫോമില്‍ ഇറക്കി വെച്ച ശേഷം പ്രതികള്‍ രക്ഷപ്പെട്ടതാകാമെന്നാണ് പൊലീസിന്‍റെയും ആര്‍പിഎഫിന്‍റെയും സംശയം.

ആന്ധ്രയില്‍ നിന്ന് കയറ്റിവിട്ട് ആലപ്പുഴയില്‍ നിന്ന് ശേഖരിച്ച് കൊണ്ടുപോകുന്ന സംഘമാണോ ഇതിന് പിന്നില്‍‍ എന്നും സംശയിക്കുന്നുണ്ട്. നേരത്തെയും ധന്‍ബാദ് എക്സപ്രസില്‍ നിന്ന് കഞ്ചാവ് പിടികൂടിയിട്ടുണ്ട്.  തീവണ്ടികളിലെ ലഗേജുകളിലും റെയില്‍വേ സ്റ്റേഷനില്‍ ഇറക്കി വെക്കുന്ന ബാഗുകളിലും ഉദ്യോഗസ്ഥര്‍ക്ക് പലപ്പോഴും മതിയായ പരിശോധന നടത്താനാകാറില്ല. 

പിടിക്കപ്പെടില്ലെന്ന വിശ്വാസത്തിലാണ് ഇത്രയും വലിയ അളവില്‍ കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്നതെന്നും പൊലീസും ആര്‍പിഎഫും സംശയിക്കുന്നു. പിടിച്ചെടുത്ത കഞ്ചാവ് ആലപ്പുഴ കോടതിയില്‍ എത്തിച്ചു. പ്രതികള്‍ക്കായി അന്വേഷണം ഉര്‍ജ്ജിതമാക്കിയതായി റെയില്‍വേ പോലീസ് അറിയിച്ചു.

click me!