ബോളിവുഡിനെ വീണ്ടും കുലുക്കി സമീര്‍ വാങ്കെഡ; പേടിസ്വപ്നമായി മാറിയ ഓഫീസര്‍ ആരാണ്?

By Web TeamFirst Published Oct 3, 2021, 5:11 PM IST
Highlights

എന്‍സിബി മുംബൈ സോണല്‍ ഡയറക്ടറായ സമീര്‍ വാങ്കെഡ, ഇന്ത്യന്‍ സിനിമാ ലോകത്തെ കിരീടം വയ്ക്കാത്ത ചക്രവര്‍ത്തിമാര്‍ അരങ്ങു വാഴുന്ന ബോളിവുഡിന് ഈ പേര് ഇപ്പോള്‍ പേടി സ്വപ്നമായി മാറിയിരിക്കുകയാണ്.

മുംബൈ: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (Narcotics Control Bureau/ NCB/ എന്‍സിബി) കസ്റ്റഡിയിലെടുത്ത ആര്യന്‍ ഖാന്‍റെ (Aryan Khan) അറസ്റ്റ് (arrest) രേഖപ്പെടുത്തിയതോടെ ബോളിവുഡും ആകെ ഇന്ത്യന്‍ സിനിമാ ലോകവും വീണ്ടും ഞെട്ടിയിരിക്കുകയാണ്. മിന്നല്‍ റെയ്ഡിലൂടെയാണ് ആഡംബര കപ്പലിലെ ലഹരിപ്പാർട്ടിയിലേക്ക് എന്‍സിബി സംഘം ഇരച്ചെത്തിയത്. ഇതിനെല്ലാം നേതൃത്വം നല്‍കിയത് എന്‍സിബി മുംബൈ സോണല്‍ ഡയറക്ടറായ സമീര്‍ വാങ്കെഡയാണ്.

ഇന്ത്യന്‍ സിനിമാ ലോകത്തെ കിരീടം വയ്ക്കാത്ത ചക്രവര്‍ത്തിമാര്‍ അരങ്ങു വാഴുന്ന ബോളിവുഡിന് ഈ പേര് ഇപ്പോള്‍ പേടി സ്വപ്നമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം സുശാന്ത് സിംഗിന്‍റെ മരണവുമായി ബന്ധപ്പെട്ടാണ് സമീര്‍ വാങ്കെഡ എന്ന പേര് ചര്‍ച്ചയായി തുടങ്ങുന്നത്. എന്‍സിബി സംഘം അടിമുടി ഇളക്കി മറിച്ച് നടത്തിയ അന്വേഷണം, നടി റിയ ചക്രബര്‍ത്തിയുടെ അറസ്റ്റിലേക്ക് അടക്കം നയിച്ചിരുന്നു.

ഒട്ടേറെ പ്രമുഖരുടെ ഉറക്കം നഷ്ടപ്പെടുത്തിയ കേസ് അന്വേഷണത്തില്‍ താരങ്ങളെ ഉള്‍പ്പെടെ നിരവധി പേരെ ചോദ്യം ചെയ്തിരുന്നു. ഒടുവില്‍ മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് ശൃംഖലയിലെ പലരും അറസ്റ്റിലായി. സമീര്‍ വാങ്കെഡെയുടെ നേതൃത്വത്തിലാണ് എന്‍സിബി ഈ ഓപ്പറേഷനെല്ലാം നടത്തിയത്. ബോളിവുഡ‍ില്‍ സമീര്‍ വാങ്കെഡെ എന്ന പേര് അങ്ങനെ മായാതെ നില്‍ക്കുന്ന സമയത്ത് തന്നെയാണ് കിംഗ് ഖാന്‍റെ മകനെയടക്കം എന്‍സിബി ലഹരി പാര്‍ട്ടിക്കിടെയില്‍ നിന്ന് പിടികൂടുന്നത്.

മുംബൈ ലഹരി പാർട്ടി; ഷാരൂഖിന്‍റെ മകൻ ആര്യന്‍ ഖാൻ അറസ്റ്റിൽ, കുരുക്ക് മുറുക്കി എൻസിബി

2008 ബാച്ച് ഐആര്‍എസ് ഉദ്യോഗസ്ഥനാണ് സമീര്‍. മുംബൈ വിമാനത്താവളത്തില്‍ കസ്റ്റംസ് ഓഫീസറായാണ് തന്‍റെ ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ചത്. എന്‍സിബിയില്‍ എത്തും മുമ്പ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് ഡെപ്യൂട്ടി കമ്മീഷണര്‍, എന്‍ഐഎ. അഡീഷണല്‍ എസ്‍പി, ഡിആര്‍ഐ. ജോയിന്റ് കമ്മീഷണര്‍ തുടങ്ങിയ പദവികളിലെല്ലാം പ്രവര്‍ത്തിച്ചു. 2011ലെ ക്രിക്കറ്റ് ലോകകപ്പിന്‍റെ സ്വര്‍ണക്കപ്പ് പോലും മുംബൈ വിമാനത്താവളത്തില്‍ നിന്ന് കസ്റ്റംസ് ഡ്യൂട്ടി അടച്ചതിന് ശേഷം മാത്രം വിട്ടുനല്‍കിയ ചരിത്രമുണ്ട് സമീറിന്.

2013ല്‍ മുംബൈ വിമാനത്താവളത്തില്‍ വച്ച് ഗായകന്‍ മിക സിംഗിനെ വിദേശ കറന്‍സിയുമായി പിടികൂടിയത് സമീര്‍ വാങ്കെഡെയായിരുന്നു. എന്‍സിബിയില്‍ എത്തിയ ശേഷവും പേരും പെരുമയും നോക്കാതെ തന്നെ അദ്ദേഹം നടപടികള്‍ സ്വീകരിച്ചു. പ്രശസ്ത മറാഠി നടിയായ ക്രാന്തി രേദ്ഖറിനെയാണ്  സമീര്‍ വാങ്കെഡെ വിവാഹം ചെയ്തിരിക്കുന്നത്. അതേസമയം,ആഡംബര കപ്പലിലിലേക്ക്  ലഹരി എത്തിച്ചു നല്‍കിയ സംഘത്തെക്കുറിച്ച് സൂചന ലഭിച്ചതായി എന്‍സിബി വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

ആര്യന്‍ ഖാനൊപ്പം കസ്റ്റഡിയിലായവരില്‍ മറ്റൊരു നടനും; എട്ട് പേരുടെയും പേരുവിവരം പുറത്തുവിട്ട് എന്‍സിബി

കസ്റ്റഡിയില്‍ ഉള്ളവരില്‍ നിന്നു തന്നെയാണ് വിവരങ്ങള്‍ ലഭിച്ചതെന്നും കസ്റ്റഡിയില്‍ ഉള്ളവര്‍ക്കെതിരെ തെളിവുകളുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍. നടന്‍ അര്‍ബാസ് സേത്ത് മര്‍ച്ചന്‍റ്, മുണ്‍മൂണ്‍ ധമേച്ച, നൂപുര്‍ സരിക, ഇസ്‍മീത് സിംഗ്, മോഹക് ജസ്‍വാള്‍, വിക്രാന്ത് ഛോകര്‍, ഗോമിത്ത് ചോപ്ര എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.

മുംബൈ തീരത്ത് കോ‍ർഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിലാണ് ലഹരിപ്പാര്‍ട്ടി നടത്തിയത്. ഇവരില്‍ നിന്ന് കൊക്കെയിന്‍, ഹാഷിഷ്. എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കുമരുന്നുകള്‍ പിടികൂടി. പിടിച്ചെടുത്ത കപ്പല്‍ മുംബൈ അന്താരാഷ്ട്ര ക്രൂയിസ് ടെര്‍മിനലില്‍ എത്തിക്കും. രണ്ടാഴ്ച മുമ്പാണ് ആഡംബര കപ്പലായ കോര്‍ഡിലിയ ക്രൂയിസ് ഉദ്ഘാടനം ചെയ്തത്. കപ്പലില്‍ ശനിയാഴ്ച ലഹരിപ്പാര്‍ട്ടി നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് റെയ്ഡ്.

click me!