
വാടാനപ്പള്ളി: പോപ്പുലർഫ്രണ്ട് ഹർത്താലിനിടെ നാട്ടികയിൽ കെഎസ്ആർടിസി ബസ് ആക്രമിച്ച കേസിൽ രണ്ടാം പ്രതിയും അറസ്റ്റിൽ. വാടാനപ്പള്ളി ഫസൽനഗർ സ്വദേശി വലിയകത്ത് വീട്ടിൽ മിഥുൻ ഫിറോസ് അലക്സ് ആണ് അറസ്റ്റിലായത്. കേസിൽ മറ്റൊരു പ്രതിയായ മുറ്റിച്ചൂർ പടിയം സ്വദേശി മുലക്കാമ്പുള്ളി വീട്ടിൽ ജമീർഷാദ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.
എസ്ഡി പി ഐ നാട്ടിക മണ്ഡലം സെക്രട്ടറിയായ ഇയാൾ റിമാൻഡിലാണ്. നൂറോളം സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചത്. നാട്ടിക പുത്തൻതോട് വെച്ച് ദേശീയപാതയിൽ കെ എസ് ആർ ടി സി ബസിന് നേർക്ക് ഹർത്താലിന്റെ മറവിൽ ആക്രമണം നടന്നത്. കല്ലേറിൽ ബസ് ഡ്രൈവർ ബാസ്റ്റിന് പരിക്കേൽക്കുകയും ചെയ്തിരുന്നു.
അതേസമയം പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് പിഎഫ്ഐയുടെ ആസ്ഥാനമുള്‍പ്പെടെ പൂട്ടി സീല്‍ ചെയ്തു. എന്‍ഐഎയുടെ നേതൃത്വത്തിലായിരുന്നു കോഴിക്കോട്ടെ സംസ്ഥാന സമിതി ഓഫീസായ യൂണിറ്റി സെന്‍റർ സീൽ ചെയ്തത്. പിഎഫ്ഐക്കൊപ്പം നിരോധിച്ച ക്യാംപസ് ഫ്രണ്ട് ഉൾപ്പെടെയുളള പോഷക സംഘടനകയുടെ ഓഫീസുകളും സീൽ ചെയ്തു.
കോഴിക്കോട് മീഞ്ചന്തയിലെ പിഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസായ യൂണിറ്റി സെന്റർ കേന്ദ്രീകരിച്ച് പണമിടപാടുൾപ്പെടെ നടന്നെ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ എൻഐഎ സംഘം കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. ഹാർഡ് ഡിസ്കുകൾ, ലഘുലേഖകൾ എന്നിവ പിടിച്ചെടുക്കുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് സീൽ ചെയ്യൽ നടപടിക്ക് എൻഐഎ സംഘമെത്തിയത്.
Read more: പിഎഫ്ഐ ഓഫീസ് അടച്ചുപൂട്ടി, ബാബറി മസ്ജിദ് പുനഃസ്ഥാപിക്കുമെന്ന് ആലേഖനം ചെയ്ത ഫോട്ടോകളടക്കം കണ്ടെത്തി
റവന്യൂ അധികൃതർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ എൻഐഎ സംഘം കെട്ടിടത്തിൽ നോട്ടീസ് പതിച്ചു. കെട്ടിടത്തിന്‍റെ ഉടമസ്ഥാവകാശ രേഖകളുൾപ്പെടെ എൻഎഐഎ സംഘം ശേഖരിച്ചിട്ടുണ്ട്. കോഴിക്കോട് ചക്കുംകടവിലുളള ക്യാംപസ് ഫ്രണ്ടിന്റെ സംസ്ഥാന സമിതി ഓഫീസിലും റവന്യൂ - പൊലീസ് ഉദ്യോഗസ്ഥർ നോട്ടീസ് പതിച്ച് സീൽ ചെയ്തു. ഓഫീസുകൾ കണ്ടുകെട്ടൽ നടപടിക്ക് കോഴിക്കോടാണ് തുടക്കമിട്ടത്.
പിഎഫ്ഐയുടെ കോഴിക്കോട്ടെ ശക്തി കേന്ദ്രങ്ങളായ വടകര, നാദാപുരം, തണ്ണീര്‍പന്തല്‍, കുറ്റ്യാടിഎന്നിവിടങ്ങളിലെ ഓഫീസികളിലും അവരുടെ മറ്റ് ഓഫീസുകളിലും പൊലീസ് എത്തി നോട്ടീസ് പതിപ്പിച്ചു തിരുവനന്തപുരം മണക്കാട്, കൊല്ലം അഞ്ചല്‍, ഇടുക്കി തൂക്കുപാലം, കണ്ണൂര്‍ താണ എന്നിവിടങ്ങളിലെ ഓഫീസുകളും പൂട്ടിച്ചു. കാസർകോട്, പന്തളം എന്നിവിടങ്ങളിലെ നടപടികൾക്കും എൻഐഎ സംഘം നേതൃത്വം നൽകി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam