
ദില്ലി: ബലാത്സംഗ കേസിൽ സ്വയം പ്രഖ്യാപിത ആള്‍ദൈവം അസാറാം ബാപ്പുവിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. ഗുജറാത്തിലെ ഗാന്ധിനഗർ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. അഹമ്മദാബാദിലെ ആശ്രമത്തില്‍ സൂറത്ത് സ്വദേശിനിയെ പീഡിപ്പിച്ച കേസിലാണ് ശിക്ഷ.
2013 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഗാന്ധിനഗർ സെഷൻസ് കോടതി ജഡ്ജി ഡി കെ സോണി ഇന്ന് ശിക്ഷ വിധിച്ചത്. ഇന്നലെ അസാറാം ബാപ്പു കുറ്റക്കാരാനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രതി അൻപതിനായിരം രൂപ പിഴയടയ്ക്കണമെന്നും വിധിയിലുണ്ട്. 2001 മുതല്‍ 2006 വരെയുള്ള കാലയളവില്‍ സൂറത്ത് സ്വദശിയും ശിഷ്യയുമായ യുവതിയെ മൊട്ടേരയിലെ ആശ്രമത്തില്‍ വെച്ച് പലതവണ പീഡിപ്പിച്ചെന്നാണ് കേസ്.
അസാറാമിന്‍റെ ഭാര്യയും മകളും ഉള്‍പ്പെടെ ആറ് പേര്‍ കൂടി ഈ കേസിലെ പ്രതികളായിരുന്നുവെങ്കിലും തെളിവുകളുടെ അഭാവത്തിൽ ഇവരെ നേരത്തെ കോടതി വെറുതെ വിട്ടിരുന്നു. പ്രതികൾ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന പ്രോസിക്യൂഷൻ വാദവും കോടതി തള്ളി. അനധികൃതമായി തടവിൽവെച്ച് പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് യുവതി പരാതി നൽകിയത്. വിധി പറയുമ്പോൾ ഓൺലൈനായി അസാറാം ബാപ്പുവിനെയും കോടതിയിൽ ഹാജരാക്കിയിരുന്നു.
Also Read: ദില്ലിയിൽ ഫ്ലിപ്കാർട്ട് ജീവനക്കാരി വെടിയേറ്റ് കൊല്ലപ്പെട്ടു
ആകെ 68 സാക്ഷികളാണ് കേസിലുണ്ടായിരുന്നത്. അഹമ്മദാബാദ് ചന്ദ്ഖേഡ പൊലീസ് സ്റ്റഷനിലാണ് പരാതിയിൽ ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷിച്ചത്. അസാറാം ബാപ്പു സ്ഥിരം കുറ്റവാളിയാണെന്നും കനത്ത ശിക്ഷ വിധിക്കണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. 2013ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന മറ്റൊരു കേസിലും കോടതി അസാറാം ബാപ്പുവിനെ ശിക്ഷിച്ചിരുന്നു. നിലവിൽ രാജസ്ഥാനിലെ ജോഥ്പൂർ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് അസാറാം ബാപ്പു. 2018 ലാണ് ഈ കേസിൽ രാജസ്ഥാനിലെ കോടതി ശിക്ഷ വിധിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam