
കൊച്ചി: ഫ്ലാറ്റിൽ നിന്ന് വീണ് വീട്ട് ജോലിക്കാരിയ്ക്ക് ഗുരുതര പരുക്കേറ്റ സംഭവത്തിൽ ഫ്ളാറ്റുടമ ഇംത്യാസ് അഹമ്മദിന്‍റെ മൊഴി പോലീസ് വീണ്ടുമെടുക്കും. പരുക്കേറ്റ് ചികിത്സയിലുള്ള കുമാരിയുടെ ഭർത്താവിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. ശ്രീനിവാസന്റെ ആദ്യമൊഴിയിൽ ഫ്ലാറ്റ് ഉടമയുടെ പേര് പറയാത്തതിനാലാണ് എഫ്ഐആറിൽ ഇംത്യാസിന്‍റെ പേര് ചേർക്കാത്തതെന്നും പോലീസ് വ്യക്തമാക്കി.
ഇക്കഴിഞ്ഞ നാലാം തീയ്യതിയാണ് സേലം സ്വദേശി ശ്രീനിവാസന്‍റെ ഭാര്യ കുമാരിയെ മറൈൻ ഡ്രൈവിലെ ലിങ്ക് ഹൊറൈസൻ ഫ്ലാറ്റിന് താഴെ വീണ് രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. ദുരൂഹമായ ഈ അപകടത്തിന് കാരണം ഫ്ലാറ്റ് ഉടമയാണെന്നാണ് കുമാരിയുടെ ഭർത്താവിന്‍റെ പരാതി.
അഭിഭാഷകനായ ഇംത്യാസ് അഹമ്മദിന്‍റെ ഫ്ലാറ്റിൽ വീട്ടുജോലിക്കാരിയായ കുമാരി അദ്ദേഹത്തിൽ നിന്ന് 10000 രൂപ അഡ്വാൻസ് വാങ്ങിയിരുന്നു. അടിയന്തര ആവശ്യത്തിന് വീട്ടിൽ പോകാൻ അനുവാദം ചോദിച്ചപ്പോൾ അഡ്വാൻസ് തിരിച്ച് നൽകാതെ പോകാൻ പറ്റില്ലെന്ന് പറഞ്ഞ് പൂട്ടിയിട്ടെന്ന് പരാതിക്കാരൻ മൊഴി നൽകിയിട്ടുണ്ട്.
എന്നാൽ ആദ്യഘട്ട ചോദ്യം ചെയ്യലിൽ താൻ കുമാരിയെ തടഞ്ഞുവിച്ചിട്ടില്ലെന്നാണ് ഇംത്യാസും ഭാര്യയും മൊഴി നൽകിയിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് ഫ്ലാറ്റ് ഉടമയെ വീണ്ടും ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനിച്ചിട്ടുള്ളത്.
നിലവിൽ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തി പൊലീസ് കേസെടുത്തിട്ടുള്ളത്. എഫ്ഐആറിൽ പ്രതി ആരെന്ന് രേഖപ്പെടുത്തിയിട്ടുമില്ല. എന്നാൽ ശ്രീനിവാസൻ നൽകിയ മൊഴിയിൽ ഫ്ലാറ്റുടമ എന്ന് മാത്രമാണുള്ളതെന്നും ആരുടെയും പേര് പരാതിക്കാരൻ പറയാത്തതിനാലാണ് അങ്ങനെ ചെയ്തതെന്നും പോലീസ് വിശദീകരിക്കുന്നു.
തുടർ അന്വേഷണം നടത്തി പ്രതിയെ കണ്ടെത്തി പേരുൾപ്പെടുത്തിയുള്ള റിപ്പോർട്ട് കോടതിയിൽ നൽകുമെന്നും പോലീസ് അറയിച്ചു. കുമാരിയുടെ ആരോഗ്യനിലയിൽ നേരിയ മാറ്റം ഉണ്ടെന്നും മൊഴി എടുക്കാൻ മൊഴി രേഖപ്പെടുത്താൻ ശ്രമിക്കുന്നഉണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു.സംഭവത്തിൽ പോലീസ് ഒത്തുകളിക്കുകയാണെന്നാരോപിച്ച് ബിജെപി ലിങ്ക് ഹൊറൈസൻ ഫ്ലാറ്റിന് മുന്നിൽ പ്രതിഷേധിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam