പെണ്‍കുട്ടികള്‍ വൈകി, ചോദ്യം ചെയ്തതോടെ കൊലപ്പെടുത്തി 'ഏജന്‍റ്; നിര്‍മാതാവിന്‍റെ കൊലയ്ക്ക് കാരണം കണ്ടെത്തി

By Web TeamFirst Published Sep 5, 2022, 6:46 PM IST
Highlights

പുതിയതായി സിനിമാ രംഗത്ത് എത്തുന്ന സഹനടിമാരെ ഉപയോഗിച്ചാണ് ഇയാൾ പെൺവാണിഭം നടത്തിവന്നത്. ഇക്കഴിഞ്ഞ രണ്ടാം തീയതി ഇയാൾ ഭാസ്കരന് രണ്ട് പെൺകുട്ടികളെ എത്തിച്ച് നൽകാമെന്ന് അറിയിച്ചു.

ചെന്നൈ: ചെന്നൈയിൽ സിനിമാ നിർമാതാവിനെ കൊന്ന് പൊളിത്തീൻ ബാഗിലാക്കി വഴിവക്കിൽ തള്ളിയ സംഭവത്തിന് പിന്നില്‍ പെൺവാണിഭവുമായി ബന്ധപ്പെട്ട തർക്കമാണെന്ന് പൊലീസ്. സംഭവുമായി ബന്ധപ്പെട്ട് കൊല നടത്തിയ വിരുമ്പാക്കം സ്വദേശി ഗണേശനെ പൊലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതോടെയാണ് കൊലയ്ക്ക് പിന്നിലെ പെണ്‍വാണിഭ ബന്ധം പുറത്തായത്.  യുവ നടിമാരെ ഉപയോഗിച്ചുള്ള പെൺവാണിഭവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ചയാണ് നഗരത്തിലെ കൂവം നദിക്കരയിൽ പാതയോരത്ത് സിനിമാ നിർമാതാവും വ്യവസായിയുമായ ഭാസ്കരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പെൺവാണിഭ ഏജന്‍റായ ഇയാളും ഭാസ്കരനും തമ്മിൽ സ്ത്രീകളെ എത്തിച്ചു നൽകുന്നത് സംബന്ധിച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സ്ത്രീകളെ എത്തിക്കാൻ വൈകിയതിന് പ്രകോപിതനായ ഭാസ്കരനെ അടിച്ചുകൊല്ലുകയായിരുന്നുവെന്ന് ഗണേശൻ പൊലീസിനോട് സമ്മതിച്ചു. വർഷങ്ങളായി കസ്റ്റമറായിരുന്ന ഭാസ്കരന് ഗണേശൻ സ്ഥിരമായി സ്ത്രീകളേയും പെൺകുട്ടികളേയും എത്തിച്ച് നൽകാറുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

പുതിയതായി സിനിമാ രംഗത്ത് എത്തുന്ന സഹനടിമാരെ ഉപയോഗിച്ചാണ് ഇയാൾ പെൺവാണിഭം നടത്തിവന്നത്. ഇക്കഴിഞ്ഞ രണ്ടാം തീയതി ഇയാൾ ഭാസ്കരന് രണ്ട് പെൺകുട്ടികളെ എത്തിച്ച് നൽകാമെന്ന് അറിയിച്ചു. ഇതനുസരിച്ച് ഗണേശന്‍റെ വീട്ടിൽ ഭാസ്കരൻ എത്തിയെങ്കിലും പെൺകുട്ടികൾ വരാൻ വൈകി. ഇതേത്തുടർന്ന് മദ്യലഹരിയിലായിരുന്ന ഇരുവരും തമ്മിൽ വാക്കുതർക്കമായി. പിടിവലിക്കിടയിൽ അടി കൊണ്ട് താഴെ വീണ ഭാസ്കരൻ ബോധരഹിതനായി. കലിയടങ്ങാതെ കമ്പിവടി കൊണ്ട് തലയക്കടിച്ചും കഴുത്തുഞെരിച്ചും ഗണേശൻ ഭാസ്കരനെ കൊലപ്പെടുത്തി. വൈകുന്നേരം ഏഴരയോടെ ആയിരുന്നു കൊലപാതകം. രാത്രി രണ്ടരയോടടുത്ത് മൃതദേഹം പ്ലാസ്റ്റിക് കവറിൽ കെട്ടി ഇരുചക്രവാഹനത്തിൽ കയറ്റി കൂവം നദിയോരത്തെ വഴിവക്കിൽ തള്ളിയെന്നും ഇയാൾ പൊലീസിനോട് സമ്മതിച്ചു.

രാത്രി വൈകിയും ഭാസ്കരൻ വീട്ടിലെത്താത്തതുകൊണ്ട് മകൻ കാർതിക് പൊലീസിൽ പരാതി നൽകിയിരുന്നു. പിറ്റേന്ന് ശുചീകരണ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. കൊലയ്ക്ക് ഉപയോഗിച്ച കമ്പിവടിയും മൃതദേഹം കൊണ്ടുവന്ന് തള്ളിയ ബൈക്കും പൊലീസ് കസ്റ്റഡിയിൽ എടുത്തു. കൊലപാതകത്തിനും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനും ഗണേശന് മറ്റാരുടെയെങ്കിലും സഹായം കിട്ടിയോ എന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.

Read More : യുവതിയുടെ പരാതി; ജഹാംഗീർ ആമിന റസാഖ് അറസ്റ്റില്‍

tags
click me!