മാനഹാനി ഉണ്ടാക്കുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ ഫോട്ടോ പ്രചരിപ്പിച്ചു എന്നായിരുന്നു പരാതി.

മലപ്പുറം: സമൂഹമാധ്യമങ്ങളിൽ സജീവമായ ജഹാംഗീർ ആമിന റസാഖിനെ യുവതിയുടെ പരാതിയിൽ മലപ്പുറം കോട്ടക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. മാനഹാനി ഉണ്ടാക്കുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ ഫോട്ടോ പ്രചരിപ്പിച്ചു എന്നായിരുന്നു പരാതി. ഐടി ആക്ട് പ്രകാരമാണ് കേസ്. മലപ്പുറം സിജെഎം കോടതിയിൽ ഹാജരാക്കിയ ഇയാൾക്ക് ഇടക്കാല ജാമ്യം ലഭിച്ചു.

സുരക്ഷാ ജീവനക്കാരെ മര്‍ദ്ദിച്ച കേസ്, ഡിവൈഎഫ്ഐ നേതാക്കളുടെ മുൻകൂർ ജാമ്യം ഇന്ന് പരിഗണിക്കും

കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ സുരക്ഷാ ജീവനക്കാരെ മര്‍ദ്ദിച്ച കേസിലെ പ്രതികളായ ഡിവൈഎഫ്ഐ നേതാക്കളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ കോടതി ഇന്ന് പരിഗണിക്കും. കേസിലെ പ്രധാന പ്രതിയും ഡിവൈഎഫ്ഐ ജില്ലാ ജോയിന്‍റ് സെക്രട്ടറിയുമായ കെ അരുണ്‍ ഉള്‍പ്പെടെ ഏഴ് പ്രതികളാണ് മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചിട്ടുളളത്. അതേസമയം സംഭവത്തില്‍ ഒരാളെ പോലും പിടികൂടാന്‍ മെഡിക്കല്‍ കോളജ് പൊലീസിനായിട്ടില്ല.

പൊലീസ് ഒത്തുകളി നടത്തുന്നതായി ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് ഇന്ന് മെഡിക്കല്‍ കോളജിലേക്ക് മാര്‍ച്ച് നടത്തും. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു അരുണിന്‍റെ നേതൃത്വത്തിലുളള പതിനാറംഗ സംഘം മെഡിക്കല്‍ കോളജിന്‍റെ പ്രധാന കവാടത്തിലെ മൂന്ന് സുരക്ഷാ ജീവനക്കാരെ ക്രൂരമായി മര്‍ദ്ദിച്ചത്. അക്രമത്തിന്‍റെ ദൃശ്യങ്ങളെടുക്കാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകനും മര്‍ദ്ദനമേറ്റിരുന്നു. 

 കേസിലെ ഒന്നാം പ്രതി ഡി വൈ എഫ് ഐ ജില്ലാ ജോയിന്‍റ് സെക്രട്ടറിയാണ്. കഴിഞ്ഞ ദിവസമാണ്, കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ പതിനഞ്ചംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ചത്. മൂന്ന് സുരക്ഷാ ജീവനക്കാര്‍ക്കാണ് മർദ്ദനമേറ്റത്. ഇവ‍ർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. 

മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിനെ കാണാനെത്തിയ ദമ്പതിമാരെ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇവര്‍ മടങ്ങി പോയതിനു പിന്നാലെ സ്ഥലത്തെത്തിയ സംഘം സുരക്ഷാ ജീവനക്കാരെ അക്രമിക്കുകയായിരുന്നു. രോഗികളെ സന്ദര്‍ശിക്കാന്‍ എത്തിയവര്‍ക്കും മര്‍ദനമേറ്റു. മര്‍ദ്ദനത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകന്‍ ഷംസുദ്ദീനെയും സംഘം അക്രമിച്ചു.