
തിരുവനന്തപുരം: നിയമവാഴ്ച്ചയെ വെല്ലുവിളിക്കുകയാണ് സംസ്ഥാനത്ത് സൈബറിടങ്ങളിലെ സെക്സ് ഗ്രൂപ്പുകളിൽ സ്ത്രീകളുടെ ഫോൺ നമ്പരുകളും ഫോട്ടോകളും പ്രചരിപ്പിച്ചുള്ള ലൈംഗിക ആക്രമണം. തെളിവ് സഹിതം പരാതി നൽകിയിട്ടും സംസ്ഥാനത്ത് ഓൺലൈൻ ലൈംഗിക സൈബർ ആക്രമണത്തനിരയായ കേസുകളിലെ ഇരകൾക്ക് നീതി ലഭിച്ചിട്ടില്ല.
ഫേസ്ബുക്ക് മുതൽ ടെലഗ്രാം വരെയുള്ള ആപ്പുകൾ വഴി അങ്ങേയറ്റം ഹീനമായ പ്രചാരണം നടക്കുമ്പോഴും പൊലീസ് നിസഹായമാണ്. വ്യാജ പ്രൊഫൈലുകളാണ് എല്ലാത്തരം ഓൺലൈൻ ലൈംഗികാക്രമണങ്ങളുടെയും ആദ്യ ആയുധം. മൂർച്ച നൽകുന്നത് ഫേസ്ബുക്ക് മുതൽ ടെലഗ്രാം വരെയുള്ള ആപ്പുകളിൽ പലപേരിലുള്ള രഹസ്യ ഗ്രൂപ്പുകളുടെ സംഘടിത ശക്തി.
സ്ത്രീകളുടെ ഫോൺ നമ്പരും മോർഫ് ചെയ്ത ഫോട്ടോകളും ഗ്രൂപ്പുകളിൽ സജീവം. ഗ്രൂപ്പുകളുടെ പ്രൊഫൈൽ ചിത്രം വരെ ഫേസ്ബുക്കിൽ നിന്നെടുക്കുന്ന ചിത്രങ്ങൾ. ഇത്തരത്തിൽ ഓൺലൈൻ ലൈംഗിക വ്യാപാരമടക്കം നടക്കുന്ന ഗ്രൂപ്പുകളിലേക്കാണ് സൈബറിടങ്ങളിൽ സജീവമായവരും പൊതുരംഗത്തുള്ളവരുമായ സ്ത്രീകളുടെ വിവരങ്ങളും ഫോട്ടോകളും പ്രചരിപ്പിക്കുന്നത്. ഗ്രൂപ്പുകളിൽ നമ്പരെത്തുന്നതോടെ നിരന്തരം ഫോൺ വിളികളും സൈബർ ലൈംഗികാക്രമണവും തുടങ്ങും.
സൈബറിടങ്ങളിലെ പ്രതികരണമാണ് ആക്രമണത്തിന് കാരണമാവുക. കേസും പരാതികളും നിരവധിയായാലും മോർഫ് ചെയ്ത് പ്രചരിപ്പിച്ച വീഡിയോകളടക്കമുള്ളവ നീക്കം ചെയ്യില്ല. ആക്രമണവും നിർത്തില്ല. സൈബറിടങ്ങളിലെ പ്രതികരണത്തിന്റെ പേരിൽ ആക്രമണത്തിന് ഇരയായ സ്ത്രീകൾ നിരവധി. തെളിവ് സഹിതം പരാതി നൽകിയിട്ടും നീതിലഭിക്കാത്തവരാണ് ഏറെയും.
പൊലീസ് പലപ്പോഴും ലളിത പരിഹാരമാണ് നിർദേശിക്കുന്നത്. ഫോൺ നമ്പർ മാറ്റിക്കൂടേ എന്ന ചോദ്യം. ആറ് സൈബർ കേസുകൾ കൊടുത്തിട്ടുള്ള ആളാണ് ഞാൻ. ഫേസ്ബുക്കിൽ നിന്ന് വിവരങ്ങൾ കിട്ടിയില്ല എന്ന മറുപടിയാണ് ഇപ്പോൾ എത്തി നിൽക്കുന്നതെന്നായിരുന്നു ദീപ നിശാന്ത് പറഞ്ഞത്.
കാലോചിതമായി പരിഷ്കരിക്കാത്തതിനാൽ കുറ്റവാളികൾക്കൊപ്പമെത്താനാകാതെ മുടന്തുകയാണ് സംസ്ഥാനത്തെ സൈബർ നിയമവും സുരക്ഷയും. സൈബർ നിയമങ്ങളില്ലാത്തതല്ല, സൂക്ഷ്മമായി വ്യാഖ്യാനിച്ച് കുറ്റം ചുമത്തുന്നതിൽ പൊലീസ് പരാജയപ്പെടുന്നതാണ് വില്ലനാകുന്നതെന്ന വിമർശനം വിദഗ്ദർക്കിടയിൽ ശക്തമാണ്. എല്ലാ പിഴവുകൾക്കും ഇരകളാകുന്നത് സ്ത്രീകളാണ്. പലപ്പോഴും സ്ത്രീകൾ മാത്രമാണ്. നടപ്പാക്കാൻ കൊള്ളാവുന്നൊരു നിയമമില്ലെങ്കിൽ പിന്നെന്തിനാണ് നമ്മുടെ സൈബർ പൊലീസ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam