Latest Videos

ലൈംഗിക ഉത്തേജന മരുന്ന്, ഒരു പെട്ടി ഡോളര്‍; പെട്ടി പൊളിച്ചപ്പോള്‍; കാസര്‍കോടിനെ ഞെട്ടിച്ച തട്ടിപ്പ് ഇങ്ങനെ

By Faisal Bin AhmedFirst Published Aug 2, 2022, 2:09 PM IST
Highlights

‘വിലകൂടിയ’  മരുന്ന് എത്തി. 43 ലക്ഷം രൂപ പല തവണകളായി ഇദ്ദേഹം നൈജീരിയന്‍ സ്വദേശിക്ക് നല്‍കുകയും ചെയ്തു. ഇയാള്‍ പറഞ്ഞ അക്കൗണ്ടുകളിലേക്ക് ജൂണ്‍ ഒന്‍പതിനും ജൂലൈ 18 നും ഇടയിലാണ് പണം നല്‍കിയത്.

കാസര്‍കോട്: ലൈംഗിക ഉത്തേജനത്തിനുള്ള മരുന്ന്. പേര് അനിഗ്ര. മരുന്ന് വിതരണ ചുമതല ഏറ്റെടുത്താല്‍ ഇരട്ടി ലാഭം ലഭിക്കും. കാസര്‍കോട് വിദ്യാനഗര്‍ സ്വദേശിയായ വിരമിച്ച ബാങ്ക് മാനേജര്‍ മാധവന് ലഭിച്ച ഓഫര്‍ ഇതായിരുന്നു. ഫേസ്ബുക്ക് ഫ്രണ്ടായ ഒരാളാണ് വിശദാംശങ്ങള്‍ ആദ്യം പറഞ്ഞത്. അയാള്‍ നൈജീരിയ സ്വദേശിയായ ഒരാളെ പരിചയപ്പെടുത്തി. വട്ട്സ്ആപ്പിലൂടെ സംസാരവും ബിസിനസ് വിവരങ്ങളും കൈമാറി.

തമിഴ്നാട്ടില്‍ ഉത്പാദിപ്പിക്കുന്ന മരുന്ന് നെതര്‍ലന്‍ഡ്സിലേക്ക് കയറ്റി അയക്കുക വഴി ലക്ഷങ്ങളുടെ ലാഭമായിരുന്നു വാഗ്ദാനം. മരുന്നിന്‍റെ സാമ്പില്‍ അയച്ച് നല്‍കുകയും ചെയ്തു.  മരുന്നിന്‍റെ ഇടനിലക്കാരനാവാന്‍ മാധവന്‍ സന്നദ്ധത അറിയിച്ചു. അങ്ങിനെ ‘വിലകൂടിയ’  മരുന്ന് എത്തി. 43 ലക്ഷം രൂപ പല തവണകളായി ഇദ്ദേഹം നൈജീരിയന്‍ സ്വദേശിക്ക് നല്‍കുകയും ചെയ്തു. ഇയാള്‍ പറഞ്ഞ അക്കൗണ്ടുകളിലേക്ക് ജൂണ്‍ ഒന്‍പതിനും ജൂലൈ 18 നും ഇടയിലാണ് പണം നല്‍കിയത്.

അവര്‍ തന്നെ നല്‍കിയ അഡ്രസില്‍ നെതല്‍ലന്‍ഡ്സിലേക്ക് മരുന്ന് കയറ്റി അയക്കുകയും ചെയ്തു. മരുന്ന് നെതര്‍ലന്‍ഡിസില്‍ എത്തിച്ച വകയില്‍ പ്രതിഫലമായി ഒരു പെട്ടി നിറയെ ഡോളറാണ് നല്‍കിയത്. പക്ഷേ ഒരു കണ്ടീഷനുണ്ട് നമ്പര്‍ ലോക്കുള്ള പെട്ടി നാല് ദിവസം കഴിഞ്ഞേ തുറക്കാവൂ. തുറക്കുന്ന ദിവസമാകുമ്പോള്‍ ലോക്ക് തുറക്കാനുള്ള നമ്പര്‍ അറിയിക്കും. ഇതോടെയാണ് മാധവന് സംശയമായത്.

കാസര്‍കോട് പൊലീസില്‍ പരാതി നല്‍കി. അവസാനം പൊലീസിന്‍റെ നിര്‍ദേശപ്രകാരം പെട്ടി പൊട്ടിച്ചു. നിറയെ ഡോളറുകള്‍. പക്ഷേ എല്ലാം കളര്‍ ഫോട്ടോസ്റ്റാറ്റ് കോപ്പികളാണെന്ന് മാത്രം. നൈജീരിയന്‍ സ്വദേശിയെ കുടുക്കാനുള്ള ശ്രമങ്ങളിലായി പൊലീസ്. പെട്ടിപൊട്ടിച്ച കാര്യം ഒരു കാരണവശാലും നൈജീരിയന്‍ സ്വദേശിയെ അറിയിക്കരുതെന്ന് നിര്‍ദേശം നല്‍കി. കൂടുതല്‍ മരുന്ന് വേണമെന്ന് ആവശ്യപ്പെട്ടു. പണം വാങ്ങാന്‍ ബംഗളൂരുവില്‍ എത്തിയപ്പോള്‍ പൊലീസ് കൈയോടെ പിടികൂടി.

നൈജീരിയന്‍ സ്വദേശി ആന്‍റണി ഒഗനറബോ എഫിധേരെ ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് ലാപ്ടോപ്പ്, ഹാര്‍ഡ് ഡിസ്ക്, പെന്‍ഡ്രൈവ്, നാല് മൊബൈല്‍ ഫോണുകള്‍, വിവിധ ബാങ്കുകളുടെ ഏഴ് എടിഎം കാര്‍ഡുകള്‍, വിവിധ ആളുകളുടെ പേരിലുള്ള മൂന്ന് പാസ്പോര്‍ട്ടുകള്‍, ഡോളറിന്‍റെ ഫോട്ടോകോപ്പികള്‍, ആധാര്‍കാര്‍ഡ്, പാന്‍കാര്‍ഡ്, ഡ്രൈവിംഗ് ലവൈന്‍സ് തുടങ്ങിയവയെല്ലാം പിടിച്ചെടുത്തു.

നെതര്‍ലന്‍ഡ് സ്വദേശികളായ എലിന്‍ ജാന്‍സെന്‍, മെല്‍വിന്‍പെറി, പോള്‍ വെയില്‍, ഇംഗ്ലണ്ടിലെ ഡോ. ജോര്‍ജ് എഡ്വേര്‍ഡ്, തമിഴ്നാട് വെല്ലൂരിലെ അനില്‍ എന്നിവര്‍ക്കതെിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്. പരാതിക്കാരന്‍ നല്‍കിയ പേരുകളാണ് ഇതെല്ലാം. എന്നാല്‍ ഇവയെല്ലാം യഥാര്‍ത്ഥ പേരുകളാണോ എന്ന കാര്യത്തില്‍ പൊലീസ് സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ മിക്കപ്പോഴും വ്യാജ പേരുകളാണ് ഉപയോഗിക്കുക എന്നത് തന്നെ കാരണം.

കരുവന്നൂർ ബാങ്ക് തട്ടിപ്പ്, അന്വേഷിക്കാൻ സിബിഐ വരുമോ? ഹൈക്കോടതിയിൽ ഹർജി; തീരുമാനം ഇന്നുണ്ടാകുമോ?

'ടെക്സാസിലെ ഡോക്ടര്‍' മലയാളിയെ പറ്റിച്ച് തട്ടിയത് 21.65 ലക്ഷം; നൈജീരിയക്കാരനെ ദില്ലിയിലെത്തി പൊക്കി പൊലീസ്

click me!