ബ്യൂട്ടി ക്ലിനിക്കിന്റെ മറവിൽ അനാശാസ്യ കേന്ദ്രം; കോഴിക്കോട്ട് രണ്ട് പേർ പിടിയിൽ

By Web TeamFirst Published Sep 21, 2021, 7:00 PM IST
Highlights

സ്ഥാപന നടത്തിപ്പുകാരന്‍ ഉൾപ്പടെ രണ്ട് പേർ അറസ്റ്റിലായി. മൂന്ന് യുവതികളെ രക്ഷപ്പെടുത്തിയെന്നും മെഡിക്കല്‍ കോളേജ് പൊലീസ് അറിയിച്ചു. കോർപ്പറേഷന്‍ ലൈസന്‍സ് പോലുമില്ലാത്ത സ്ഥാപനത്തിനെതിരെ നാട്ടുകാർ നേരത്തെയും പരാതി നല്‍കിയിരുന്നു.

കോഴിക്കോട്: കുതിരവട്ടത്ത് ബ്യുട്ടി ക്ലിനിക്കിന്‍റെ മറവില്‍ പ്രവർത്തിച്ച അനാശാസ്യ കേന്ദ്രം പൊലീസ് കണ്ടെത്തി. സ്ഥാപന നടത്തിപ്പുകാരന്‍ ഉൾപ്പടെ രണ്ട് പേർ അറസ്റ്റിലായി. മൂന്ന് യുവതികളെ രക്ഷപ്പെടുത്തിയെന്നും മെഡിക്കല്‍ കോളേജ് പൊലീസ് അറിയിച്ചു. കോർപ്പറേഷന്‍ ലൈസന്‍സ് പോലുമില്ലാത്ത സ്ഥാപനത്തിനെതിരെ നാട്ടുകാർ നേരത്തെയും പരാതി നല്‍കിയിരുന്നു.

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന് സമീപം പ്രവർത്തിക്കുന്ന നാച്വർ വെല്‍നസ് സ്പാ ആന്‍ഡ് ബ്യുട്ടി ക്ലിനിക്കിലാണ് പൊലീസ് രാവിലെ പരിശോധന തുടങ്ങിയത്. മസാജിങ്ങിന്‍റെ മറവില്‍ സ്ഥാപനത്തില്‍ അനാശാസ്യ പ്രവർത്തനങ്ങളായിരുന്നു നടന്നിരുന്നതെന്ന് പൊലീസ് പറഞ്ഞു. പരിശോധന നടക്കുമ്പോൾ സ്ഥാപനത്തിനകത്തുണ്ടായിരുന്ന ആലപ്പുഴ, വയനാട്, പാലക്കാട് സ്വദേശികളായ മൂന്ന് യുവതികളെയാണ് രക്ഷപ്പെടുത്തിയത്. സ്ഥാപനത്തിന്‍റെ മാനേജരും വയനാട് സ്വദേശിയുമായ വിഷ്ണു, മലപ്പുറം സ്വദേശി മഹറൂഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സ്ഥാപന ഉടമകളായ ജിത്തു, ക്രിസ്റ്റി, ജെയ്ക് ജോസ് എന്നിവർ ഇനി പിടിയിലാകാനുണ്ടെന്നും പൊലീസ് അറിയിച്ചു.

സ്ഥാപനത്തിന് കോർപ്പറേഷന്‍റെ ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്നും പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ മെഡിക്കല്‍ കോളേജ് സിഐ പറഞ്ഞു. ജനവാസ മേഖലയില്‍ പ്രവർത്തിക്കുന്ന സ്ഥാപനത്തിനെതിരെ നേരത്തെയും നാട്ടുകാർ പരാതി നല്‍കിയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!