
തിരുവനന്തപുരം: തിരുവനന്തപുരം അരുവിക്കരയിൽ യുവതിയുടെ നഗ്നദൃശ്യങ്ങൾ പകര്‍ത്തി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസിൽ പൊലീസുകാരനെ അറസ്റ്റ് ചെയ്തു. കുഞ്ചാലുമ്മൂട് വിജിലൻസ് ഗ്രേഡ് എസ്‍സിപിഒയും കാച്ചാണി സ്വദേശിയുമായ സാബു പണിക്കറിനെയാണ് അരുവിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട സ്ത്രീയെ വിവാഹം വാഗ്ദാനം നൽകിയ പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്.
ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ 40 വയസുകാരിയെ തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍ എന്നിവിടങ്ങളിൽ ഹോട്ടലിൽ മുറിയെടുത്ത് ബലാത്സംഗം ചെയ്തെന്നാണ് കേസ്. ഏഴ് വര്‍ഷം പീഡനം തുടര്‍ന്നു. നഗ്ന വീഡിയോ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിച്ചെന്നുവെന്നും യുവതി പരാതിയില്‍ പറയുന്നു. പീഡനം, ഐടി ആക്ട് എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.
അടുത്തിടെ യുവതിയുടെ നഗ്ന വീഡിയോ പുറത്ത് വിട്ടതിന് പിന്നാലെയാണ് യുവതി അരുവിക്കര പൊലീസിൽ പരാതി നൽകിയത്. കേസെടുത്തിന് പിന്നാലെ ഒളിവിൽ പോയ പൊലീസുകാരനെ ഇന്നലെ രാത്രി നഗരത്തിലെ ഒരു ലോഡ്ജിൽ നിന്നാണ് പൊലീസ് പിടികൂടിയത്. പരാതിക്കാരിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. യുവതിയുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് സാബുവിന്‍റെ സുഹൃത്തുക്കളും കാച്ചാണി സ്വദേശികളുമായ ഉദയ കുമാര്‍, സുരേഷ് എന്നിവരെയും ഐടി വകുപ്പ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.