കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയായ ജോളി ജോസഫിന്‍റെ രണ്ടാം ഭർത്താവ് ഷാജു സക്കറിയയെ ചോദ്യം ചെയ്ത് വിട്ടയച്ചു. നേരത്തേ ജോളിയെ ചോദ്യം ചെയ്തതിനൊപ്പം ഷാജുവിനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ഈ മൊഴികളിൽ നിരവധി വിശദീകരണം ആവശ്യമായിരുന്നു പൊലീസിന്. ഇത് ചോദിച്ചറിയാനാണ് ഷാജുവിനെ വിളിച്ച് വരുത്തിയത്. അച്ഛൻ സക്കറിയയെ അടക്കം വിശദമായ ചോദ്യം ചെയ്യലിന് വിളിപ്പിച്ച സാഹചര്യത്തിൽ എല്ലാ പഴുതുമടച്ച് മാത്രം മുന്നോട്ട് പോകാനാണ് പൊലീസിന്‍റെ തീരുമാനം.
മൃതദേഹാവശിഷ്ടങ്ങൾ വിദേശത്തേക്ക്
കൂടത്തായിയിൽ അടക്കം ചെയ്ത കല്ലറയിൽ നിന്ന് പുറത്തെടുത്ത ആറ് മൃതദേഹങ്ങളുടെയും അവശിഷ്ടങ്ങൾ വിദേശത്തേക്ക് അയക്കാൻ ഡിജിപി ലോക്നാഥ് ബെഹ്‍റ അറിയിച്ചതായി റൂറൽ എസ് പി കെ ജി സൈമൺ അറിയിച്ചു. വിശദമായ രാസപരിശോധനാഫലം ലഭിക്കാൻ വേണ്ടിയാണ് ആറ് അവശിഷ്ടങ്ങളും വിദേശത്തേക്ക് അയക്കുന്നത്. ഇതുവരെ റോയ് തോമസിന്‍റെ മൃതദേഹത്തിൽ നിന്ന് മാത്രമേ സയനൈഡിന്‍റെ അംശം കണ്ടെത്തിയതായി പൊലീസിന്‍റെ പക്കൽ ആധികാരികമായ തെളിവുള്ളൂ. ബാക്കിയുള്ള ഒരു മൃതദേഹങ്ങളിൽ നിന്നും സയനൈഡ് അംശം കിട്ടിയിട്ടില്ല. മൃതദേഹങ്ങൾ മണ്ണിലഴുകിയാൽ പിന്നീട് സയനൈഡിന്‍റെ അംശം കണ്ടെത്തുക ദുഷ്കരമാണെന്ന് വിദഗ്‍ധർ തന്നെ ചൂണ്ടിക്കാട്ടിയിരുന്നതാണ്. ഈ സാഹചര്യത്തിലാണ് എല്ലാ മൃതദേഹാവശിഷ്ടങ്ങളും വിദേശത്തേക്ക് അയക്കാൻ പൊലീസ് തീരുമാനിച്ചിരിക്കുന്നത്.
ധൃതി പിടിച്ച് ആരെയും അറസ്റ്റ് ചെയ്യേണ്ടെന്ന് തന്നെയാണ് പൊലീസിന്‍റെ തീരുമാനം. തീർത്തും ശ്രദ്ധയോടെ മുന്നോട്ടു പോകും. സാഹചര്യത്തെളിവുകൾ മാത്രമുള്ള കേസിൽ എല്ലാ പഴുതും അടച്ച ശേഷം മാത്രമേ പൊലീസിന് മുന്നോട്ടുപോകാനാകൂ. ഇല്ലെങ്കിൽ ഏതെങ്കിലും ഒരിടത്ത് പ്രോസിക്യൂഷന് പ്രതിഭാഗത്തിന്‍റെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ കഴിയാതായാൽ കേസിലെ മിക്കവാറും എല്ലാ തെളിവുകളും പിന്നീട് ചോദ്യചിഹ്നമായി മാറും. കോടതിയിൽ നിന്ന് തിരിച്ചടി നേരിടാതിരിക്കാൻ കൃത്യമായി വല നെയ്യുകയാണ് പൊലീസ്.
എല്ലാം മൂന്ന് പേർക്കറിയാമായിരുന്നെന്ന് ജോളി
കൂടത്തായി കൊലപാതകപരമ്പരയിൽ ഓരോ കുറ്റകൃത്യവും ഒറ്റയ്ക്ക് ജോളിയ്ക്ക് ചെയ്യാനാകില്ലെന്ന് വ്യക്തമായിരുന്നു. എല്ലാ കൊലപാതകങ്ങളെക്കുറിച്ചും ഷാജുവിന്‍റെ അച്ഛൻ സക്കറിയയ്ക്കും അറിയാമായിരുന്നുവെന്ന് ജോളി മൊഴി നൽകിയിട്ടുണ്ട്. ഇതേ കാര്യം ഷാജുവും പൊലീസിനോട് സമ്മതിച്ചു കഴിഞ്ഞു. ഇതോടെ നാല് കൊലപാതകങ്ങളിൽ, അതായത്, ജോളിയുടെ മുൻഭർത്താവ് റോയ് തോമസ്, അമ്മാവൻ മാത്യു മഞ്ചാടിയിൽ, ഷാജുവിന്‍റെ ആദ്യഭാര്യ സിലി, മകൾ പത്ത് മാസം പ്രായമുള്ള ആൽഫിൻ എന്നിവരുടെ കൊലപാതകങ്ങളിൽ ഈ മൂന്ന് പേർക്കും വ്യക്തമായ പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. എന്നാൽ കൃത്യമായ തെളിവില്ലാതെ ഒരു നടപടിയിലേക്കും പൊലീസ് കടക്കാനും തയ്യാറാകില്ല.
ജോളിയുടെയും ഷാജുവിന്‍റെയും മൊഴികളുടെ അടിസ്ഥാനത്തിൽ സക്കറിയയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുകയാണിപ്പോൾ. എന്താണ് സക്കറിയയുമായി ജോളിയുടെ ബന്ധമെന്നും ഈ കൊലപാതകങ്ങളിൽ നേരിട്ട് പങ്കുണ്ടോ എന്നും, അതല്ല പിന്നീട് അറിഞ്ഞതാണെങ്കിൽ അതെപ്പോൾ എന്നുമായിരിക്കും പൊലീസ് ചോദിച്ചറിയാൻ ശ്രമിക്കുക.
Read more at: എല്ലാം അച്ഛനോട് പറഞ്ഞെന്ന് ഷാജു: കൊലകളിൽ സക്കറിയയ്ക്കും നിർണായക പങ്ക്?
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam