കോഴിക്കോട്: കൂടത്തായിയിലെ കൊലപാതക പരമ്പര ആസൂത്രണം ചെയ്ത് നടപ്പാക്കിയത് ജോളി ഒറ്റയ്ക്കല്ലെന്നതിൽ ഓരോ മൊഴികളും ഒന്നൊന്നായി പുറത്തു വരികയാണ്. എല്ലാ കൊലപാതകങ്ങളെക്കുറിച്ചും ഷാജുവിന്‍റെ അച്ഛൻ സക്കറിയയ്ക്കും അറിയാമായിരുന്നുവെന്ന് ജോളി മൊഴി നൽകിയിട്ടുണ്ട്. ഇതേ കാര്യം ഷാജുവും പൊലീസിനോട് സമ്മതിച്ചു കഴിഞ്ഞു. ഇതോടെ നാല് കൊലപാതകങ്ങളിൽ, അതായത്, ജോളിയുടെ മുൻഭർത്താവ് റോയ് തോമസ്, അമ്മാവൻ മാത്യു മഞ്ചാടിയിൽ, ഷാജുവിന്‍റെ ആദ്യഭാര്യ സിലി, മകൾ പത്ത് മാസം പ്രായമുള്ള ആൽഫിൻ എന്നിവരുടെ കൊലപാതകങ്ങളിൽ ഈ മൂന്ന് പേർക്കും വ്യക്തമായ പങ്കുണ്ടെന്ന് വ്യക്തമാവുകയാണ്.

ജോളിയുടെയും ഷാജുവിന്‍റെയും മൊഴികളുടെ അടിസ്ഥാനത്തിൽ സക്കറിയയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുകയാണിപ്പോൾ. എന്താണ് സക്കറിയയുമായി ജോളിയുടെ ബന്ധമെന്നും ഈ കൊലപാതകങ്ങളിൽ നേരിട്ട് പങ്കുണ്ടോ എന്നും, അതല്ല പിന്നീട് അറിഞ്ഞതാണെങ്കിൽ അതെപ്പോൾ എന്നുമായിരിക്കും പൊലീസ് ചോദിച്ചറിയാൻ ശ്രമിക്കുക.

റോയിയുടെ പോസ്റ്റ്‍മോർട്ടം ഒഴിവാക്കാൻ വാശി പിടിച്ചത് സക്കറിയ

ജോളിയുടെ ആദ്യഭർത്താവും തന്‍റെ സഹോദരന്‍റെ മൂത്ത മകനുമായ റോയ് തോമസിന്‍റെ മരണത്തിൽ സംശയം ഉയർന്നപ്പോൾ പോസ്റ്റ്‍മോർട്ടം വേണ്ടെന്ന് ഏറ്റവും കൂടുതൽ തർക്കിച്ചതും വാദിച്ചതും സക്കറിയയാണ്. പോസ്റ്റ്‍മോർട്ടം നടന്നേ തീരൂ എന്ന് വാശി പിടിച്ചത് റോയിയുടെ അമ്മ അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയിലും. അന്ന് മുതലേ മാത്യു ഇവർ മൂന്ന് പേരുടെയും നോട്ടപ്പുള്ളികളായിരുന്നു.

പോസ്റ്റ്‍മോർട്ടത്തിൽ വയറ്റിൽ വിഷാംശം കണ്ടെത്തിയെന്ന് വ്യക്തമായതോടെ, ആത്മഹത്യയാണെന്ന സംശയമാണ് ആദ്യം ഉയർന്നത്. ഇതിന് പിന്നാലെ റോയിക്ക് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നെന്ന് ജോളി വ്യാപകമായി പ്രചരിപ്പിച്ചു. ഇത് തന്നെ പലരോടും സക്കറിയയും പറഞ്ഞു. എന്നാൽ കേസ് നൽകണമെന്ന നിലപാടിലായിരുന്നു റോയിയുടെ സഹോദരൻ റോജോയും സഹോദരി റഞ്ജിയും. എന്നാൽ വലിയ രീതിയിൽ കരഞ്ഞുവിളിച്ച് ജോളി ഈ നിലപാടിൽ നിന്ന് അവരുടെ മനസ്സ് മാറ്റിച്ചു. റോയിയുടേത് ആത്മഹത്യയാണെന്ന് പുറത്തറിഞ്ഞാൽ മകന്‍റെ ഭാവി എന്താകുമെന്ന് ജോളി കരഞ്ഞുകൊണ്ട് ചോദിച്ചു. നിങ്ങളൊക്കെ തിരികെ അമേരിക്കയ്ക്കും വേറെ എവിടേയ്‍ക്കെങ്കിലും പോകും, ഈ നാട്ടിൽ പിന്നീട് ജീവിക്കേണ്ടത് ഞാനല്ലേ എന്നും ജോളി ചോദിച്ചപ്പോൾ കേസ് നൽകാനുള്ള തീരുമാനത്തിൽ നിന്ന് സഹോദരനും സഹോദരിയും പിൻമാറുകയായിരുന്നു. 

സക്കറിയയും ടോം തോമസും തമ്മിൽ വ്യക്തിവിരോധം?

ടോം തോമസിന്‍റെ സഹോദരൻ സക്കറിയ പലപ്പോഴും അസമയത്ത് പൊന്നാമറ്റം വീട്ടിൽ പോയിരുന്നുവെന്ന് നാട്ടുകാരിൽ ചിലർ മൊഴി നൽകിയിരുന്നു. വീട്ടിൽ ജോളിയല്ലാതെ മറ്റാരുമില്ലാത്ത സമയത്ത് അവിടെപ്പോയിരുന്ന് സക്കറിയ മദ്യപിക്കുമായിരുന്നു. ഇത് ടോം തോമസ് എതിർത്തിരുന്നു. ഇനി മേലാൽ ഇങ്ങോട്ട് കയറരുതെന്ന് സക്കറിയയോടും മകൻ ഷാജുവിനോടും ടോം തോമസ് പറയുകയും ചെയ്തിരുന്നു. ഇതിന്‍റെയെല്ലാം പേരിൽ ടോം തോമസിനോട് സക്കറിയയ്ക്ക് വ്യക്തി വിരോധമുണ്ടായിരുന്നെന്നാണ് വിവരം.

സക്കറിയയും ജോളിയും തമ്മിൽ അടുത്ത ബന്ധമായിരുന്നു. റോയ് തോമസിന്‍റെ മരണം വരെ അങ്ങനെ ബന്ധം പുറത്ത് കാണിച്ചിരുന്നില്ല. എന്നാൽ പിന്നീട് ഇവർ രണ്ട് പേരും ചേർന്നാണ് റോജോയ്ക്കും റെഞ്ചിയ്ക്കും എതിരെ നിന്നത്. 

ഞായറാഴ്ച രാത്രി ജോളിയുടെ അറസ്റ്റ് നടന്ന് രണ്ടാം ദിവസം, ഷാജുവിന്‍റെ വീട്ടിൽ നിന്ന് വലിയ ബഹളങ്ങളും വഴക്കുകളും നടന്നിരുന്നതായി അയൽവാസികൾ പറയുന്നു. ജോളിയുടെ അറസ്റ്റിനെച്ചൊല്ലിയും ഇനി ഈ കുടുംബത്തിൽ നിന്ന് ഉണ്ടാകാനിടയുള്ള അറസ്റ്റുകളെച്ചൊല്ലിയും അടക്കം പറഞ്ഞായിരുന്നു ബഹളം. സക്കറിയയുടെ ഭാര്യയ്ക്ക് ജോളിയെ ഷാജു വിവാഹം കഴിക്കുന്നതിൽ എതിർപ്പായിരുന്നുവെന്നാണ് സൂചന. റോയ് തോമസിന്‍റെ മരണം വരെ ഇവർ രണ്ട് പേരും തമ്മിൽ നല്ല ബന്ധമായിരുന്നു. എന്നാൽ പിന്നീട് സിലിയുടെ മരണശേഷം, രണ്ട് മാസത്തിനുള്ളിൽ ഷാജുവിന്‍റെയും ജോളിയുടെയും വിവാഹത്തിനുള്ള ശ്രമം തുടങ്ങിയപ്പോൾ ഇവർ എതിർത്തിരുന്നുവെന്നാണ് വിവരം.