
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന ഓരോ കാര്യങ്ങളും ഏവരെയും ഞെട്ടിക്കുന്നതാണ്. ജോളി മാത്രമാണ് കൊലപാതക പരമ്പരയിലെ പ്രധാനകണ്ണിയെന്ന് കരുതിയിരിക്കവെയാണ് സംശയമുന ഷാജുവിലേക്കും അച്ഛന്‍ സക്കറിയയിലേക്കും നീളുന്നത്.
അതിനിടയിലാണ് ജോളിയും ഷാജുവും ഒരുമിച്ച് സിലിക്ക് അന്ത്യ ചുംബനം നല്‍കുന്ന ചിത്രം പുറത്തുവന്നത്. സിലി മരിക്കുന്നതിന് മുമ്പെ തന്നെ ജോളിയുമായി ഷാജു പ്രണയത്തിലായിരുന്നുവെന്ന സംശയങ്ങള്‍ക്ക് ബലം നല്‍കുന്നതാണ് ചിത്രം. നേരത്തെ റഞ്ജിയും ഈ ആരോപണം ഉന്നയിച്ചിരുന്നു. സിലിയുടെ മരണശേഷം ജോളിയെ ഷാജു വിവാഹം കഴിച്ചിരുന്നു.
ഭാര്യയുടെയും മകളുടെയും മരണം കൊലപാതകമാണെന്ന് അറിയാമായിരുന്നെന്നും ഭയം കൊണ്ടാണ് വിവരം പുറത്തു പറയാതിരുന്നതെന്നും ഷാജു ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയെന്ന സൂചനകളും ഉണ്ട്. എന്നാല്‍ കൊലപാതകങ്ങളില്‍ ഷാജുവിന് നേരിട്ട് പങ്കുണ്ടോയെന്നത് സംബന്ധിച്ച സ്ഥിരീകരണം പൊലീസ് നല്‍കിയിട്ടില്ല. സിലിക്കുള്ള അന്ത്യചുംബനം ജോളിക്കൊപ്പം നല്‍കിയത് യാദൃശ്ചികമായാണെന്നാണ് ഷാജു പറയുന്നത്.
താൻ അന്ത്യചുംബനം നൽകാനെത്തിയപ്പോൾ ജോളി ഒപ്പമെത്തിയത് തനിക്ക് അസ്വസ്ഥതയുണ്ടാക്കിയെന്നും ഈ ചിത്രം ഒഴിവാക്കണം ആൽബത്തിൽ നിന്ന് എന്ന് താൻ ആവശ്യപ്പെട്ടെന്നും ഷാജു രാവിലെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.
അതേസമയം കൂടത്തായി കൊലപാതക പരമ്പരക്കേസുമായി ബന്ധപ്പെട്ട് ഷാജു സക്കറിയയെ ചോദ്യം ചെയ്ത ശേഷം ഇന്നും വിട്ടയച്ചു. നേരത്തേ ജോളിയെ ചോദ്യം ചെയ്തതിനൊപ്പം ഷാജുവിനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ഈ മൊഴികളിൽ നിരവധി വിശദീകരണം ആവശ്യമായിരുന്നു പൊലീസിന്. ഇത് ചോദിച്ചറിയാനാണ് ഷാജുവിനെ വിളിച്ച് വരുത്തിയത്. അച്ഛൻ സക്കറിയയെ അടക്കം വിശദമായ ചോദ്യം ചെയ്യലിന് വിളിപ്പിച്ച സാഹചര്യത്തിൽ എല്ലാ പഴുതുമടച്ച് മാത്രം മുന്നോട്ട് പോകാനാണ് പൊലീസിന്‍റെ തീരുമാനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam