കർണാടകയില്‍ ദളിത് യുവാവിനെകൊണ്ട് മൂത്രം കുടിപ്പിച്ചെന്ന പരാതി; എസ് ഐയെ സസ്‌പെൻഡ് ചെയ്തു

By Web TeamFirst Published May 24, 2021, 11:14 AM IST
Highlights

പരാതിക്കാരനായ ദളിത് യുവാവിന് നീതി വേണമെന്ന ആവശ്യം സമൂഹമാധ്യമങ്ങളില്‍ ശക്തമാകുന്നതിനിടെയാണ് പൊലീസ് നടപടികളുമായി മുന്നോട്ട് പോകുന്നത്. 

ബെംഗളൂരു: കർണാടക ചിക്മഗളൂരുവില്‍ ദളിത് യുവാവിനെ എസ്ഐ മർദ്ദിച്ച് മൂത്രം കുടിപ്പിച്ചെന്ന പരാതിയില്‍ ആരോപണ വിധേയനായ എസ്ഐ അർജുനെ സസ്‌പെൻഡ് ചെയ്തു. കേസ് സിഐഡി അന്വേഷിക്കും. എസ്‌ഐ അർജുനെ നേരത്തെ ഉഡുപ്പിയിലേക്ക് സ്ഥലം മാറ്റുകയും ഇയാള്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. എസ്‍സി, എസ്ടി വകുപ്പകളടക്കം ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

പരാതിക്കാരനായ ദളിത് യുവാവിന് നീതി വേണമെന്ന ആവശ്യം സമൂഹമാധ്യമങ്ങളില്‍ ശക്തമാകുന്നതിനിടെയാണ് പൊലീസ് നടപടികളുമായി മുന്നോട്ട് പോകുന്നത്. മർദ്ദിക്കുക, അധിക്ഷേപിക്കുക, ചെയ്യാത്ത കുറ്റങ്ങൾ ചുമത്തുക എന്നീ വകുപ്പുകളും പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമവും ചുമത്തിയാണ് ആരോപണ വിധേയനായ എസ്ഐ അർജുനെതിരെ കേസെടുത്തിരിക്കുന്നത്. ഇയാളെ നേരത്തെ അന്വേഷണ വിധയമായി സ്ഥലം മാറ്റിയിരുന്നു. ചിക്മഗളൂരു ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് കേസന്വേഷിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ എസ്ഐ അർജുനെ അറസ്റ്റു ചെയ്യണമെന്ന ക്യാംപെയ്നും സജീവമാണ്.

ഗോനിബിഡു പൊലീസ് സ്റ്റേഷനില്‍ മെയ് 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദമ്പതികളെ ശല്യം ചെയ്തെന്നാരോപിച്ച് നാട്ടുകാരുടെ പരാതിയില്‍ കസ്റ്റഡിയിലെടുത്ത ഇരുപത്തിരണ്ടുകാരനായ പുനീത് എന്ന ദളിത് യുവാവാണ് എസ്ഐയുടെ ക്രൂരമായ മർദ്ദനത്തിനിരയായത്. വെള്ളം ചോദിച്ചപ്പോൾ സെല്ലിലുണ്ടായിരുന്ന മോഷണക്കേസ് പ്രതിയോട് ദേഹത്തേക്ക് മൂത്രമൊഴിക്കാന്‍ എസ്ഐ ആവശ്യപ്പെട്ടെന്നും, മൂത്രം കുടിപ്പിച്ചെന്നുമാണ് യുവാവ് ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!