പൊലീസ് സംഘമെത്തുമ്പോൾ വീട് അടച്ചിട്ട നിലയിലായിരുന്നു. വിളിച്ചിട്ടും തുറക്കാതെ വന്നതോടെയാണ് ഡ്യൂപ്ലിക്കേറ്റ് താക്കോലുപയോഗിച്ച് ഉദ്യോഗസ്ഥർ വീടുതുറന്നത്

കൽകാജി: കോടതിയിൽ നിന്ന് ഒഴിപ്പിക്കാനായി പൊലീസും ഉദ്യോഗസ്ഥരുമെത്തിയപ്പോൾ കണ്ടെത്തിയത് വീട്ടുകാരുടെ മൃതദേഹങ്ങൾ. ദില്ലിയിലെ കൽകാജിയിൽ വെള്ളിയാഴ്ചയാണ് സംഭവം. തെക്ക് കിഴക്കൻ ദില്ലിയിൽ കോടതി ഉത്തരവ് നടപ്പിലാക്കാനെത്തിയപ്പോഴാണ് സംഭവം. 52 വയസുകാരിയായ അമ്മയും 27ഉം 32ഉം പ്രായമുള്ള ആൺമക്കളുമാണ് ജീവനൊടുക്കിയത്. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞാണ് ലീഗൽ ഓഫീസറും പൊലീസ് ഉദ്യോഗസ്ഥരും കൽകാജിയിലുള്ള വീട്ടിലേക്ക് എത്തിയത്. വാടകക്കാരും ഉടമയും തമ്മിലുള്ള തർക്കത്തേ തുടർന്നായിരുന്നു പൊലീസ് സംഘം ഒഴിപ്പിക്കൽ നടപടിക്കായി എത്തിയത്. വാടക വീട്ടിൽ താമസിച്ചിരുന്നവർ രണ്ട് വർഷത്തോളമായി വാടക നൽകുന്നില്ലെന്ന ഒഴിപ്പിക്കണമെന്നായിരുന്നു വീട്ടുടമസ്ഥന്റെ ആവശ്യം. പൊലീസ് സംഘമെത്തുമ്പോൾ വീട് അടച്ചിട്ട നിലയിലായിരുന്നു. വിളിച്ചിട്ടും തുറക്കാതെ വന്നതോടെയാണ് ഡ്യൂപ്ലിക്കേറ്റ് താക്കോലുപയോഗിച്ച് ഉദ്യോഗസ്ഥർ വീടുതുറന്നത്. വീടിനകത്ത് കയറിയപ്പോഴാണ് സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ വാടകക്കാരെ കണ്ടെത്തിയത്. അനുരാധ കപൂർ, ആശിഷ് കപൂർ, ചൈതന്യ കപൂർ എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബുദ്ധിമുട്ട് അതിജീവിക്കാനാവാതെ വന്നതാണ് കടുത്ത നടപടിയിലേക്ക് എത്തിച്ചതെന്നാണ് മുറിയിൽ നിന്ന് കണ്ടെത്തിയ ആത്മഹത്യാ കുറിപ്പിൽ വിശദമാക്കുന്നത്.

ഭർത്താവിന്റെ മരണത്തിന് പിന്നാലെയുണ്ടായ കടക്കെണിയിൽ വലഞ്ഞ് അമ്മയും മക്കളും

കഴിഞ്ഞ വർഷമാണ് 52കാരിയുടെ ഭർത്താവ് മരണപ്പെട്ടത്. ഇവരുടെ രണ്ട് മക്കൾക്കും ജോലിയുണ്ടായിരുന്നില്ല. കെട്ടിട നിർമ്മാണ മേഖലയിൽ പ്രവർത്തിച്ചിരുന്ന ഭർത്താവ് വലിയ കടക്കെണിയാണ് കുടുംബത്തിന് ഉണ്ടാക്കി വച്ചിരുന്നത്. 2023 ഡിസംബറിലാണ് ഈ വീടിന്റെ മൂന്നാമത്തെ നില കുടുംബം വാടകയ്ക്ക് എടുത്തത്. എന്നാൽ ഇവർ വാടക നൽകിയിരുന്നില്ല. കഴിഞ്ഞ വർഷം ഭർത്താവ് കൂടി മരിച്ചതിന് പിന്നാലെയാണ് വീട്ടുടമ വീട് ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കടുത്ത വിഷാദത്തിലൂടെ കടന്ന് പോയ കുടുംബത്തിലെ യുവാക്കൾ കഴിഞ്ഞ മാസം ആത്മഹത്യാ ശ്രമം നടത്തിയിരുന്നുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. 40000 രൂപ മാസ വാടകയ്ക്കാണ് കുടുംബം ഇവിടെ താമസിച്ചിരുന്നത്. സ്ഥിരമായി വാടക മുടങ്ങുകയും വാടകക്കാരുമായി തർക്കം പതിവാകുകയും ചെയ്തതോടെയാണ് വീട്ടുടമ കോടതിയെ സമീപിച്ചത്. മൃതദേഹങ്ങൾ പൊലീസ് മോർച്ചറിയിലേക്ക് മാറ്റി.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം