ഇതിൽ ചില ചിത്രങ്ങൾ ഇതിന് മുൻപും പുറത്ത് വന്നിട്ടുള്ളവയാണ്. എന്നാൽ ചിത്രങ്ങൾ എപ്പോൾ എടുത്തവയാണെന്നും ആര് എടുത്തതാണെന്നും ഇനിയും വ്യക്തമായിട്ടില്ല

വാഷിംഗ്ടൺ: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലിലെ കൂടുതൽ ചിത്രങ്ങൾ പുറത്ത്. ഡൊണാൾ‍ഡ് ട്രംപ്, ബിൽ ക്ലിന്റൺ, ട്രംപിന്റെ മുൻ ഉപദേശകൻ സ്റ്റീവ് ബാനൻ, ബിൽ ഗേറ്റ്സ്, റിച്ചാർഡ് ബ്രാൻസൺ, നടൻ വൂഡി അലൻ തുടങ്ങിയരുടെ ചിത്രങ്ങളാണ് വെള്ളിയാഴ്ച പുറത്ത് വന്നത്. ഹൗസ് ഓവർസൈറ്റ് കമ്മിറ്റിയിലെ ഡെമോക്രാറ്റുകളാണ് 19 ചിത്രങ്ങൾ പുറത്ത് വിട്ടത്. ഇതിൽ ചില ചിത്രങ്ങൾ ഇതിന് മുൻപും പുറത്ത് വന്നിട്ടുള്ളവയാണ്. എന്നാൽ ചിത്രങ്ങൾ എപ്പോൾ എടുത്തവയാണെന്നും ആര് എടുത്തതാണെന്നും ഇനിയും വ്യക്തമായിട്ടില്ല. എന്നാൽ ചിലരെ ലക്ഷ്യമിട്ട് ഡെമോക്രാറ്റുകളുടെ ആക്രമണമാണ് നടക്കുന്നതെന്നും ട്രംപിനെതിരെ വ്യാജമായ ആശയം പങ്കുവയ്ക്കൽ ലക്ഷ്യമിട്ടുള്ളതാണ് നടപടിയെന്നുമാണ് ഓവർസൈറ്റ് കമ്മിറ്റിയിലെ റിപബ്ലിക് അംഗങ്ങൾ വിശദമാക്കുന്നത്. ബിൽ ഗേറ്റ്സിന്റെ രണ്ട് ചിത്രമാണ് പുറത്ത് വന്നത്. പുറത്ത് വന്ന ചിത്രങ്ങളിൽ മൂന്നെണ്ണത്തിലാണ് ട്രംപിനെ കാണാൻ സാധിക്കുന്നത്. ഏതാനും സ്ത്രീകൾക്കൊപ്പമുള്ള ട്രംപിന്റെ ചിത്രവും എപ്സ്റ്റീനൊപ്പം ഒരു സ്ത്രീയോട് ട്രംപ് സംസാരിക്കുന്നതിന്റെ ചിത്രവും പുറത്ത് വന്നവയിലുണ്ട്.

പുതിയതായി പുറത്ത് വിട്ടത് 19 ചിത്രങ്ങൾ

നേരത്തെ തന്നെ കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായി ട്രംപിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് ആരോപണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും എപ്സ്റ്റീൻ അറസ്റ്റിലാവുന്നതിന് മുൻപ് തന്നെ തങ്ങൾ പിരിഞ്ഞുവെന്നാണ് ട്രംപ് വിശദമാക്കിയത്. എന്നാൽ പുറത്ത് വന്ന ചിത്രങ്ങളുമായി പ്രതിപക്ഷം രൂക്ഷ വിമർശനമാണ് ട്രംപിനെതിരെ ഉയർത്തുന്നത്. എപ്സ്റ്റീൻ ഫയലുകൾ പുറത്തുവിടാൻ നീതിന്യായ വകുപ്പിനോട് ആവശ്യപ്പെടുന്ന ബില്ലിൽ ട്രംപ് ഒപ്പുവെച്ചിരുന്നു. എപ്സ്റ്റീനുമായി ബന്ധപ്പെട് എല്ലാ ഫയലുകളും പുറത്തുവിടുമെന്നും അറിയിച്ചിരുന്നു.

ജെഫ്രി എപ്സ്റ്റീൻ എന്ന കോടീശ്വരനെക്കുറിച്ച് 2005ൽ ആണ് പരാതികൾ ലഭിച്ചത്. പ്രായപൂർത്തിയാകാത്ത പെൺ മക്കളെ ലൈംഗികാതിക്രമത്തിന് വിധേയരാക്കി എന്നായിരുന്നു ലഭിച്ച പരാതി. അന്വേഷിച്ച് ചെന്ന പൊലീസിന് പരാതിയെ സാധൂകരിക്കുന്ന തെളിവുകളും കിട്ടി. പിന്നാലെ പരാതികളുടെ എണ്ണം കൂടി. കേസ് അട്ടിമറിക്കാനുള്ള ചില ശ്രമങ്ങളും നടന്നു. 2006 ൽ എപ്സ്റ്റീൻ അറസ്റ്റിലായി. 2009ൽ മോചിതനായെങ്കിലും 2019ൽ പിന്നെയും അറസ്റ്റിലായി. 2021 -ൽ കൂട്ടുപ്രതി ഗിസ്ലെയ്നും അറസ്റ്റിലായി. എപ്സ്റ്റീനെതിരായ പരാതിക്കാരിൽ പ്രമുഖയായിരുന്നു വിർജീനിയ ജുഫ്രേ. ഇവർ കോടതിയിലും എപ്സ്റ്റീനെതിരെ മൊഴി നൽകി. പക്ഷേ, 2025 ഏപ്രിലിൽ ഇവർ ആത്മഹത്യ ചെയ്തു. 2019ൽ എപ്സ്റ്റീനെ ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കേസില്‍ ഉള്‍പ്പെട്ട എപ്സ്റ്റീന്റെ പെണ്‍സുഹൃത്തായ മാക്‌സ് വെല്ലിനെ കോടതി 20 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം