
ഝാർഖണ്ഡ‍്: ഝാർഖണ്ഡിൽ പ്രായപൂർത്തിയാകാത്ത മകളെ അമ്മയുടെ മുന്നിലിട്ട് കൂട്ട ബലാത്സംഗം ചെയ്തതായി പരാതി. ഝാർഖണ്ഡിലെ ദിയോഗറിൽ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. കേസിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
നർത്തകിയായ മകളുമായി സ്റ്റേജ് ഷോ കഴിഞ്ഞു വരുന്നതിനിടെയാണ് ഇരുവരും അതിക്രമത്തിന് ഇരയായത്. പെൺകുട്ടിയുടെ അമ്മയെ പ്രതികൾ മർദ്ദിച്ചു ഫോണും പണവും കവർന്നെന്നും പരാതിയിൽ പറയുന്നു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചെന്നും ഒളിവിൽ പോയ മറ്റു പ്രതികൾക്കായി തെരച്ചിൽ തുടങ്ങിയെന്നും പൊലീസ് അറിയിച്ചു.സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ജാർഖണ്ഡ് സർക്കാരും വ്യക്തമാക്കി.
"അതിക്രമത്തിന് ഇരയായ പെൺകുട്ടി ഒരു നർത്തകിയാണ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ എസ്ഐടി രൂപീകരിച്ചിട്ടുണ്ട്. ഇരയുടെ പ്രായവും മറ്റ് കാര്യങ്ങളും അന്വേഷിച്ചുവരികയാണ്,” ദിയോഗർ പൊലീസ് പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നതെങ്കിലും തിങ്കളാഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തതെന്ന് ദിയോഗർ പൊലീസ് സൂപ്രണ്ട് ശരത് ചന്ദ്ര ജാട്ട് പറഞ്ഞു.
യുവതിയും അമ്മയും മധുപൂർ ഭാഗത്തേക്ക് നടന്നു പോകുമ്പോഴാണ് പ്രതികളായ യുവാക്കൾ ബൈക്കിൽ എത്തിയതെന്ന് പരാതിയിൽ പറയുന്നു. ഇവർ പെൺകുട്ടിയെ ബലംപ്രയോഗിച്ച് ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. തന്റെ മൊബൈൽ ഫോണിലൂടെ പൊലീസിനെ വിളിക്കാൻ ശ്രമിച്ചപ്പോൾ പ്രതികളിലൊരാൾ അത് തട്ടിയെടുക്കുകയും 5000 രൂപയുണ്ടായിരുന്ന ബാഗ് കവർന്നെടുക്കുകയും ചെയ്തുവെന്ന് ഇരയുടെ അമ്മ പറയുന്നു.
"ഞാൻ ഉടൻ തന്നെ സഹായത്തിനായി അതുവഴി വന്ന ഒരു പൊലീസ് പട്രോളിംഗ് വാനിനെ സമീപിച്ചു" പെൺകുട്ടിയുടെ അമ്മ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സംഭവം പുറത്തുവന്നതിനെത്തുടർന്ന്, പൊലീസ് ഉടൻ നടപടിയെടുക്കുകയും അതിജീവിതയുടെ വൈദ്യപരിശോധന നടത്തുകയും ചെയ്തു. കേസിൽ ഉൾപ്പെട്ട എല്ലാവർക്കുമായി തെരച്ചിൽ നടത്തുന്നു. കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ജില്ലാ എസ്പി പറഞ്ഞു. ബലാത്സംഗത്തിന്റെ പേരിലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പെൺകുട്ടിയുടെ പ്രായം സംബന്ധിച്ച് വ്യക്തത വന്നാലുടൻ പോക്സോ വകുപ്പ് കൂടി ചുമത്തുമെന്നും പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam